ആലപ്പുഴ∙ ഒരു നാടിന്റെ ഏറെക്കാലമായുള്ള ആവശ്യം സഫലമാകാൻ വഴി തെളിയുന്നു; കാവാലം – തട്ടാശേരി പാലം പണിക്കു ടെൻഡർ ക്ഷണിച്ചു. കുട്ടനാട്ടിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പടഹാരം പാലത്തിനു സമാനമായാണ് ഈ പാലവും നിർമിക്കുകയെന്നു തോമസ് കെ.തോമസ് എംഎൽഎ പറഞ്ഞു.
പമ്പയാറ്റിൽ 400 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലുമാണു പാലം നിർമിക്കുന്നത്. 7.5 മീറ്റർ വീതിയിൽ വാഹന ഗതാഗതം സാധ്യമാകും.
1.5 മീറ്റർ നടപ്പാതയും രണ്ടു വശത്തും 150 മീറ്റർ വീതം അപ്രോച്ച് റോഡും നിർമിക്കും. 240 മീറ്റർ വീതമുള്ള 2 സർവീസ് റോഡും നിർദേശിച്ചിട്ടുണ്ട്.
പുറമേ, ചങ്ങനാശേരി ഭാഗത്ത് 80 മീറ്ററും കുറിച്ചി ഭാഗത്ത് 50 മീറ്ററും സർവീസ് റോഡുണ്ടാകും.
ടവർ മാതൃകയിൽ 45 മീറ്റർ വീതം നീളമുള്ള 4 ഗർഡറുകളും വശങ്ങളിൽ 35 മീറ്ററിന്റെ 2 വീതം ഗർഡറുകളും വെള്ളത്തിലുള്ള നിർമാണത്തിലുണ്ടാകും. ബാക്കി ഗർഡറുകളും തൂണുകളും കരയിലായിരിക്കും.
കേരള റോഡ് ഫണ്ട് ബോർഡ് നിർമാണത്തിനു മേൽനോട്ടം വഹിക്കും. ടെൻഡർ 29നു തുറക്കും.
കിഫ്ബിയിൽനിന്നുള്ള 63.59 കോടി രൂപ വിനിയോഗിച്ചാണു പാലം നിർമിക്കുന്നത്. ആദ്യഘട്ടമായി 60.03 കോടി അനുവദിച്ചെങ്കിലും 2021ലെ പുതുക്കിയ നിരക്കു പ്രകാരം അധിക തുക അനുവദിക്കേണ്ടതിനാൽ ടെൻഡർ നടപടികൾ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.
സർക്കാരിൽ നിരന്തര സമ്മർദം ചെലുത്തിയതിന്റെ ഫലമായി 3.56 കോടി അധികമായി അനുവദിച്ചതോടെ പദ്ധതിക്കു സാങ്കേതികാനുമതി ലഭിച്ചു.
2016ൽ തോമസ് കെ.ചാണ്ടി എംഎൽഎയായിരിക്കുമ്പോൾ ഇടക്കാല ബജറ്റിൽ 30 കോടി അനുവദിച്ചതോടെയാണു പാലമെന്ന പ്രതീക്ഷയ്ക്കു ജീവൻ വച്ചത്. വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുമ്പോൾ ദേശീയജലപാത നിയമം മറികടക്കാൻ രൂപരേഖയിൽ മാറ്റം വരുത്തേണ്ടിവന്നു.
തുടർന്നു നിർമാണത്തിനുള്ള തുക 52 കോടിയായി വർധിപ്പിച്ചു. 110 സെന്റ് ഭൂമി ഏറ്റെടുത്ത് ഉടമകൾക്കു വില നൽകുകയും ചെയ്തു.
നേരത്തെ തുറന്ന വൈശ്യംഭാഗം പാലം, മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം, ചമ്പക്കുളം കനാൽ പാലം, പണി പൂർത്തിയാകുന്ന പടഹാരം പാലം എന്നിവയ്ക്കൊപ്പം തട്ടാശേരി പാലം കൂടിയാകുമ്പോൾ ദേശീയപാത, എംസി റോഡ്, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികൾ എന്നിവിടങ്ങളിലേക്കു കുട്ടനാട്ടിൽനിന്നു യാത്രാസൗകര്യം വർധിക്കും.പള്ളിക്കൂട്ടുമ്മ – നീലംപേരൂർ റോഡിൽ നിർമിക്കുന്ന പാലം കാവാലം – കൈനടി റോഡ് വഴി എസി റോഡിനെയും എംസി റോഡിനെയും ബന്ധിപ്പിക്കും. കാവാലം, തട്ടാശേരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതോടെ പുളിങ്കുന്നിൽനിന്നു കാവാലത്തേക്കു ബസ് സർവീസും സാധ്യമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]