മുഹമ്മ ∙ വേമ്പനാട് കായലിലെ മുഹമ്മ– കുമരകം ജലപാതയിൽ എമർജൻസി ബോട്ട്ജെട്ടി സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ശക്തമായിട്ടും മുഖംതിരിച്ച് അധികൃതർ. ജലപാതയിൽ കാറ്റും മഴയും ശക്തമാകുന്ന സമയത്ത് ഹൗസ്ബോട്ടുകളും യാത്രാ ബോട്ടുകളും മത്സ്യബന്ധന വള്ളങ്ങളും എന്തെങ്കിലും അപകടമോ അടിയന്തര സാഹചര്യമോ ഉണ്ടായാൽ നങ്കൂരമിടാനോ കെട്ടയിടാനോ യാതൊരു സംവിധാനവും നിലവിലില്ല. 9 കിലോമീറ്ററാണ് മുഹമ്മ, കുമരകം ബോട്ട് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം.
കുമരകം– മുഹമ്മ ജലപാതയിൽ 2 ബോട്ടുകളാണ് മുക്കാൽ മണിക്കൂർ ഇടവേളയിൽ പുലർച്ചെ 5.45 മുതൽ രാത്രി 8 വരെ സർവീസ് നടത്തുന്നത്. നിത്യേന നൂറുകണക്കിനു യാത്രക്കാരാണ് കായലിലൂടെ ഇതു വഴി സഞ്ചരിക്കുന്നത്.
പാതിരാമണൽ അടക്കം കായൽക്കാഴ്ച ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ ധാരാളം ഹൗസ്ബോട്ടുകളും ഈ ജലപാതയിലൂടെ കടന്നുപോകുന്നുണ്ട്.പ്രതികൂല കാലാവസ്ഥയിൽ ശക്തമായ കാറ്റ് ഉണ്ടായാൽ ബോട്ടുകളുടെ ഗതി മാറുന്നത് പതിവാണ്.
ഈ സാഹചര്യത്തിൽ ജലപാതയുടെ മധ്യഭാഗത്തായി കോൺക്രീറ്റ് കുറ്റിയിൽ രണ്ടോ മൂന്നോ എമർജൻസി ബോട്ട് ജെട്ടി സ്ഥാപിക്കണമെന്നാണ് ആവശ്യം. എമർജൻസി ബോട്ട് ജെട്ടി വന്നാൽ അപകടാവസ്ഥ മനസ്സിലാക്കി ബോട്ടുകൾക്കും മറ്റു ജലയാനങ്ങൾക്കും പാർക്ക് ചെയ്യുവാൻ സാധിക്കും.
വിദേശികളടക്കം പുരവഞ്ചികളിലും ചെറു ബോട്ടുകളിലും കായൽ യാത്ര ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളെ ആകർഷിക്കാനായി കായലിന് മധ്യേ മനോഹരമായ ജെട്ടികൾ നിർമിച്ചാൽ കായൽ ടൂറിസത്തിന്റെ ഗതി മാറ്റുകയും ചെയ്യും.സർവീസ് ബോട്ടുകൾക്കും മറ്റ് ജലയാനങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും കായൽ ദുരന്തങ്ങളിൽ നിന്ന് രക്ഷ നേടാനായി എമർജൻസി ബോട്ട് ജെട്ടികളുടെ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകളും സ്രാങ്ക് അസോസിയേഷനും നിവേദനങ്ങൾ നൽകാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി.
ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എമർജൻസി ബോട്ട് ജെട്ടിയുടെ പ്രാധാന്യം ഉന്നത അധികൃതരുടെ സാന്നിധ്യത്തിൽ നടന്ന വികസന, സുരക്ഷാ അവലോകന യോഗത്തിൽ പലതവണ അവതരിപ്പിച്ചെങ്കിലും തുടർനടപടികളൊന്നുമായിട്ടില്ല.
ഇറിഗേഷൻ വകുപ്പും ഉൾനാടൻ ജലപാത ഗതാഗതം അധികൃതരും ചേർന്നാണ് പദ്ധതി നടപ്പാക്കേണ്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]