ആലപ്പുഴ ∙ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണമെടുത്ത് തസ്തിക നിർണയം പൂർത്തിയാക്കും മുൻപേ വിദ്യാഭ്യാസ വകുപ്പിന്റെ നിയമനം ലഭിച്ച എൽപി സ്കൂൾ അധ്യാപകർക്ക് രണ്ടു മാസമായി വേതനമില്ല.ജൂൺ 30നു പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നതു കണക്കിലെടുത്തു കൂടുതൽ പേർക്കു നിയമനം നൽകാനുള്ള ശ്രമമാണു പ്രശ്നമായത്.ജൂൺ 30നു സ്കൂളുകളിൽ നിന്നു വിരമിക്കുന്ന അധ്യാപകരുടെ എണ്ണം കണക്കാക്കി അത്രയും പേർക്ക്, ഒഴിവ് വരുന്നതിനു മുൻപേ നിയമനത്തിനു മെമ്മോ നൽകുകയായിരുന്നു. വിരമിച്ച 30നു തന്നെ നിയമനവും നടന്നു.
എന്നാൽ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം കണക്കാക്കി ജൂലൈ 15നു തസ്തിക നിർണയം നടന്നപ്പോൾ പലയിടത്തും തസ്തിക നഷ്ടമായി.
ഏറ്റവും അവസാനം ജോലിക്കു കയറിയവർക്കാണു ജോലിയില്ലാതായത്. ഇവരെ പിരിച്ചു വിട്ടിട്ടില്ല, എന്നാൽ ജൂലൈ 15നു ശേഷമുള്ള ശമ്പളം നൽകുന്നുമില്ല. ആലപ്പുഴ ജില്ലയിൽ മാത്രം ജൂണിൽ ജോലിയിൽ പ്രവേശിച്ച 16 എൽപി സ്കൂൾ ടീച്ചർമാരിൽ 6 പേർക്കും ജോലിയും ശമ്പളവുമില്ല. മറ്റു ചില ജില്ലകളിലും ഇതേ സ്ഥിതിയുണ്ട്.തസ്തികയില്ലാതായവരെ വർക്കിങ് അറേഞ്ച്മെന്റിലോ ഡപ്യൂട്ടേഷനിലോ ബിആർസികളിൽ നിയമിക്കാനുള്ള സാധ്യതയാണു പരിഗണിക്കുന്നത്.
ഇതിനു സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ബിആർസികളിൽ ജോലി ചെയ്യുന്നവർക്കു തന്നെ കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നിരിക്കെയാണു കൂടുതൽ പേരെ ബിആർസികളിലേക്കു നിയമിക്കുന്നത്.തസ്തിക നിർണയം പൂർത്തിയാകുമ്പോൾ മിക്ക ജില്ലകളിലും തസ്തിക കുറയാനാണു സാധ്യതയെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് അറിയാമെന്നിരിക്കെ നടത്തിയ നിയമനമാണു പ്രശ്നത്തിലായതെന്ന് അധ്യാപക സംഘടനകൾ ആരോപിച്ചു. തസ്തിക നിർണയത്തിനു ശേഷം ഒഴിവുവരുന്ന തസ്തികകൾ കണക്കാക്കി അതിലേക്കു മാത്രം നിയമനം നടത്തിയിരുന്നെങ്കിൽ പ്രശ്നം ഉണ്ടാകില്ലായിരുന്നെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]