ആലപ്പുഴ∙ ജില്ലയിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് കടന്നു കുതിക്കുന്നു. ഒപ്പം അൾട്രാ വയലറ്റ് സൂചിക 9ലുമെത്തി.
ഇതോടെ പകൽ വെയിലേൽക്കുന്നത് അപകടകരമായ സ്ഥിതിയിലെത്തിയെന്നു വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു തന്നെ കൂടിയ ശരാശരി ചൂട് രേഖപ്പെടുത്തിയ ജില്ല ആലപ്പുഴയാണ്.
37.2 ഡിഗ്രിയാണു ജില്ലയിലെ ശരാശരി താപനില. മറ്റു ജില്ലകളിൽ ചില ഭാഗത്തെങ്കിലും ചൂട് കുറവുണ്ടെങ്കിൽ ആലപ്പുഴയിൽ മുഴുവൻ ഭാഗത്തും കനത്ത ചൂട് രേഖപ്പെടുത്തുന്നുണ്ട്.
കുറച്ചു ദിവസങ്ങളായി 36 ഡിഗ്രിയിലധികം ചൂട് അനുഭവപ്പെടുന്നുണ്ട്.
ഇതോടെ ശരീരം പുഴുങ്ങുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. വെയിലത്തു ജോലി ചെയ്യുന്നവരും കച്ചവടക്കാരും നിർജലീകരണവും നേരിടുന്നുണ്ട്.യുവി സൂചിക മുൻപ് 8ൽ എത്തിയതു കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 8, 9 പോയിന്റുകളിൽ തന്നെയാണ്.
ഇതോടെ അതീവ ജാഗ്രതാ നിർദേശമുള്ള ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യുവി പരിശോധനായന്ത്രമുള്ളത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നതു സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പകൽ 10 മുതൽ 3 വരെയാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്.
അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നതു ഒഴിവാക്കണം.
ജാഗ്രത പാലിക്കണം
∙ പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റു രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. ∙ പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.
ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം. ∙ യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
∙ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. ∙ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ ഒഴിവാക്കുക.
∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. ∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധജലം ഉറപ്പാക്കണം.
അങ്കണവാടി കുട്ടികൾക്കു ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കണം ∙ നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ∙ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

