തിരുവനന്തപുരം∙ ‘സംഭവം കഴിഞ്ഞിട്ടു 10 ദിവസമായി. ഇതുവരെ എന്റെ രഹസ്യമൊഴിയെടുത്തില്ല.
മെഡിക്കൽ പരിശോധന നടത്തിയിട്ടില്ല. എനിക്കു പണമോ സ്വാധീനമോ ഇല്ല.
പിന്നിതേവരെ ഞാൻ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല’. കായംകുളത്തു വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ‘രക്ഷാപ്രവർത്തക’ന്റെ ലൈംഗികാതിക്രമത്തിനിരയായ യുവതിയുടെ വാക്കുകളിൽ വേദനയും രോഷവും.
പരാതി നൽകാൻ കായംകുളം സ്റ്റേഷനിലെത്തിയപ്പോൾ മുതിർന്നവരെ ആരെയെങ്കിലും ഒപ്പം കൊണ്ടുവരണ്ടേ എന്നാണു ചോദിച്ചത്.
എഫ്ഐആർ റജിസ്റ്റർ ചെയ്യുമ്പോൾ ഒളിവിലായിരുന്ന പ്രതി 3 ദിവസത്തിനു ശേഷം പുറത്തിറങ്ങി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി. കേസിന്റെ കാര്യമറിയാൻ സ്റ്റേഷനിൽ വിളിച്ചപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.
ഇതിനിടെ പ്രതിയുടെ സുഹൃത്തായ വ്യാപാരി കേസിൽ നിന്നു പിന്മാറിയാൽ എന്തും തരാമെന്നും പറഞ്ഞു. മറ്റൊരു സുഹൃത്ത് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.
നടപടിക്രമങ്ങൾ പാലിച്ചെന്ന് ജില്ലാ പൊലീസ് മേധാവി
ആലപ്പുഴ∙ കായംകുളത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവതിക്കു നേരെ വ്യാപാരി നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ.
പരാതി ലഭിച്ച അന്നു തന്നെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയെന്നും ഏഴു വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്ക് സ്റ്റേഷൻ ജാമ്യം നൽകാമെന്ന ചട്ടമനുസരിച്ചാണ് പ്രതിക്കു ജാമ്യം നൽകിയതെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അപകടത്തിൽപെട്ട
യുവതിയെ രക്ഷാപ്രവർത്തകൻ പീഡിപ്പിച്ചു
ആലപ്പുഴ / തിരുവനന്തപുരം ∙ അർധരാത്രി കായംകുളത്ത് ദേശീയപാതയോരത്തു വാഹനാപകടത്തിൽ പരുക്കേറ്റ യുവതിക്കു നേരെ ‘രക്ഷാപ്രവർത്തക’ന്റെ ക്രൂരത. രക്ഷാപ്രവർത്തനമെന്ന വ്യാജേന ലൈംഗികമായി ആക്രമിച്ചതായി കൊല്ലം സ്വദേശിയായ ഐടി ജീവനക്കാരി പരാതി നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഈ മാസം 3 ന് ആയിരുന്നു സംഭവം. 10 ദിവസമായിട്ടും വൈദ്യപരിശോധന നടത്താനും രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് തയാറായില്ലെന്നു യുവതി ആരോപണമുന്നയിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി റവാഡെ എ.ചന്ദ്രശേഖർ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ട് തേടി.
പ്രതിക്കു സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കാൻ കായംകുളം പൊലീസ് ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. ആശുപത്രിയിലെത്തിയ പ്രതി സംഭവിച്ചതു പുറത്തുപറയരുതെന്നും ഡിസ്ചാർജ് വാങ്ങി കൊല്ലത്തേക്കു പോകണമെന്നും ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവും യുവതി ഉന്നയിച്ചിട്ടുണ്ട്.
പിന്നീട് കേസ് ഒഴിവാക്കാൻ പ്രതിയുടെ സുഹൃത്ത് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതി ആരോപിച്ചു.
കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുമ്പോൾ രാത്രി 12.45 ന് കായംകുളം കെപിഎസി ജംക്ഷനിലായിരുന്നു വണ്ടി ഡിവൈഡറിൽ ഇടിച്ചുകയറി അപകടമുണ്ടായത്. കൂട്ടുകാരിയുടെ ഭർത്താവാണ് ഓട്ടോ ഓടിച്ചിരുന്നത്.
ദുരനുഭവത്തെപ്പറ്റി യുവതി പറയുന്നു:
‘കൈക്കും താടിയെല്ലിനും കാലിനും പരുക്കേറ്റു. അതുവഴി വന്ന പെട്ടി ഓട്ടോയിൽ ഉണ്ടായിരുന്നവരാണു രക്ഷയ്ക്കെത്തിയത്.
ഈ സമയത്ത് ബൈക്കിൽ എത്തിയ പ്രതി കൂടെച്ചേർന്നു. ശ്വാസംമുട്ടലുണ്ടായതിനാൽ ഓട്ടോ വരെ നടന്നുപോകാൻ വയ്യാതെ ഞാൻ ഇരിക്കാൻ പോയപ്പോൾ ഇയാൾ എന്നെ ഉയർത്താനെന്ന മട്ടിൽ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് ഉപദ്രവിച്ചു.
ഇയാൾ മദ്യപിച്ചിരുന്നു. പേടിയും വേദനയും കൊണ്ടു ഞാൻ കരഞ്ഞു.
വാഹനത്തിൽ കയറ്റുന്നതുവരെ ഇയാൾ അതിക്രമം നടത്തി. കായംകുളം താലൂക്ക് ആശുപത്രിയിലേക്കാണു കൊണ്ടുപോയത്.
പ്രതി പിന്തുടർന്ന് അവിടെയെത്തി ഭീഷണിപ്പെടുത്തി.
എക്സ്റേ എടുക്കാനെത്തിയപ്പോൾ വനിതാ ഡോക്ടർ ദേഹത്തെ പാടുകൾ ശ്രദ്ധിച്ചു. വിവരമറിഞ്ഞപ്പോൾ, പൊലീസിൽ പരാതിപ്പെടണമെന്നു ഡോക്ടർ പറഞ്ഞു.
അങ്ങനെ പൊലീസെത്തി മൊഴിയെടുത്തു. പിന്നീട് പൊലീസിന്റെ ഭാഗത്തു നിന്ന് അനക്കമില്ല’. 7ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസ് ആയതിനാലാണു സ്റ്റേഷൻ ജാമ്യം നൽകിയത് എന്നുമാണു പൊലീസിന്റെ വിശദീകരണം.
സിനിൽ സവാദിനെ സസ്പെൻഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

