ആലപ്പുഴ∙ മുതിർന്ന നേതാവ് ജി.സുധാകരൻ അമ്പലപ്പുഴയിൽ സിപിഎമ്മിനെതിരെ മത്സരിക്കാനിറങ്ങുന്നതു ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎം. ജി.സുധാകരൻ മത്സരത്തിനിറങ്ങുന്ന അമ്പലപ്പുഴയ്ക്കു പുറമേ അദ്ദേഹം ശത്രുപക്ഷത്തു കണക്കാക്കുന്ന സജി ചെറിയാൻ മത്സരിക്കുന്ന ചെങ്ങന്നൂരിലും സിപിഎം ‘സുധാകരൻ ഇഫ്ക്ട്’ പ്രതീക്ഷിക്കുന്നു.
സുധാകരന്റെ പ്രവർത്തന കേന്ദ്രമായിരുന്ന കായംകുളം, കുട്ടനാട് മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടൽ.
നിലവിലുള്ള നേതൃത്വത്തിന്റെ നിലപാടുകളോടു എതിർപ്പുള്ള സിപിഎം പ്രവർത്തകരെ സുധാകരന്റെ തുറന്നുപറച്ചിലുകൾ സ്വാധീനിക്കുമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്.
പാർട്ടിയിൽ നേരത്തെ തന്റെ എതിർപക്ഷത്തായിരുന്നവർ ഉൾപ്പെടെയുള്ള പ്രവർത്തകരുമായി സുധാകരൻ ആശയവിനിമയം നടത്തുന്നുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളിൽ സുധാകരനു പഴയ സ്വാധീനമില്ലെന്നു നേതൃത്വം വിലയിരുത്തുമ്പോഴും അണികളിലും അനുഭാവികളിലും അദ്ദേഹത്തോട് അടുപ്പമുള്ളവരുണ്ടെന്ന യാഥാർഥ്യം പാർട്ടിക്കു മുന്നിലുണ്ട്.
അഴിമതിയുടെ കറ പുരളാത്ത നേതാവെന്ന പ്രതിഛായ പൊതുസമൂഹത്തിൽ അദ്ദേഹത്തിനുണ്ട്. അങ്ങനെയൊരാൾ ഇടതുസർക്കാരിന്റെ അഴിമതിക്കെതിരെ പരസ്യമായി രംഗത്തെത്തിയാൽ അതു നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും സിപിഎം നേതൃത്വത്തെ അസ്വസ്ഥമാക്കുന്ന ഘടകമാണ്.
അന്ന് ഗൗരിയമ്മ ഇന്ന് സുധാകരൻ
മൂന്നു പതിറ്റാണ്ടു മുൻപ് കെ.ആർ.ഗൗരിയമ്മ പാർട്ടി വിട്ടതിനു സമാനമായ സാഹചര്യം ഇപ്പോഴില്ലെന്നാണു സിപിഎമ്മിന്റെ വാദം.
1994ലാണു ഗൗരിയമ്മയെ സിപിഎം പുറത്താക്കുന്നത്. പിന്നാലെ ജെഎസ്എസ് രൂപീകരിച്ച ഗൗരിയമ്മ യുഡിഎഫിനൊപ്പം ചേർന്നു.
5 സീറ്റുകളിൽ മത്സരിച്ചെങ്കിലും അരൂരിൽ മാത്രമാണു വിജയിച്ചത്. അതേ സമയം അരൂരിലെ ഫലം അമ്പലപ്പുഴയിലും ആവർത്തിക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്.
അരൂരാകുമോ അമ്പലപ്പുഴ
ഏഴു തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്ഥാനാർഥിയായി അരൂരിൽ നിന്നു വിജയിച്ച കെ.ആർ.ഗൗരിയമ്മ 1996 ൽ യുഡിഎഫ് സ്ഥാനാർഥിയായതോടെ മണ്ഡലം എൽഡിഎഫിന് നഷ്ടമായി.
തുടർച്ചയായി 3 വട്ടം അമ്പലപ്പുഴയിൽ നിന്നു വിജയിച്ച ജി.സുധാകരൻ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയാൽ അമ്പലപ്പുഴയിൽ അരൂർ ആവർത്തിക്കുമെന്നാണു യുഡിഎഫിന്റെ പ്രതീക്ഷ. 1994 ൽ ഗൗരിയമ്മ പാർട്ടിക്കു പുറത്തേക്കു വഴി തുറക്കുന്നതിനു ചുക്കാൻ പിടിച്ചതു അന്നു സംസ്ഥാന സമിതിയംഗമായിരുന്ന ജി.സുധാകരനായിരുന്നു എന്നതു ചരിത്രത്തിലെ യാദൃഛികതയാവാം.
അയൽവീടിന്റെ മതിലിൽ ഉൾപ്പെടെ സുധാകരനെതിരെ പോസ്റ്റർ
അമ്പലപ്പുഴ ∙ സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജി.സുധാകരൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ പറവൂർ കിഴക്ക് നവനീതം വീടിന്റെ സമീപത്തെ വീടിന്റെ മതിലിൽ ഉൾപ്പെടെ സുധാകരനെതിരെ പോസ്റ്റർ പതിഞ്ഞു.
‘രക്ത സാക്ഷികൾ സിന്ദാബാദ്, വർഗവഞ്ചകനു മാപ്പില്ല, വോട്ടില്ല, സിപിഎം’ എന്നാണ് പോസ്റ്ററിലെ വരികൾ. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന്റെ ചുമരിലും പുന്നപ്രയിലെ വിവിധ പ്രദേശങ്ങളിലും വി.എസ്.അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിനു പരിസരത്തെ വീടുകളുടെ മതിലിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
സുധാകരനെ വർഗവഞ്ചകനെന്നു വിളിച്ചുള്ള പോസ്റ്ററുകൾ പാർട്ടിയുടെ അറിവോടെയല്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.
സുധാകരന്റെ നിലപാട് ഉണ്ടാക്കിയ ബുദ്ധിമുട്ടിൽ ആരെങ്കിലും ചെയ്തതാകാം. പോസ്റ്റർ ഒട്ടിച്ചതു തെറ്റാണെന്നും നാസർ പറഞ്ഞു.
അമ്പലപ്പുഴ ഏരിയ കമ്മിറ്റിക്കു കീഴിലെ എല്ലാ ലോക്കൽ കമ്മിറ്റികളും അടിയന്തരമായി ഇന്നലെ വിളിച്ചുചേർത്തു സുധാകരന്റെ സ്ഥാനാർഥിത്വം ചർച്ച ചെയ്തു. നാളെ വൈകിട്ട് പറവൂരിൽ പാർട്ടി ഏരിയ കമ്മിറ്റിയുടെ കീഴിൽ റാലിയും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചു.
റാലിയിലും സമ്മേളനത്തിലും പരമാവധി പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിക്കാനാണ് ഏരിയ നേതൃത്വത്തിന്റെ ശ്രമം.
സുധാകരന്റെ നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നത്: ആർ.നാസർ
ആലപ്പുഴ ∙ ജി.സുധാകരന്റെ നിലപാട് പാർട്ടിയെയും എൽഡിഎഫിനെയും ദുർബലപ്പെടുത്തുന്നതാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ. സുധാകരൻ വർഗവഞ്ചകനാണെന്നു പറയാറായിട്ടില്ല.
അദ്ദേഹം സഹായിക്കുന്നതു യുഡിഎഫിനെയും ബിജെപിയെയുമാണ്. ദീർഘകാലം എംഎൽഎയും മന്ത്രിയും ബഹുജന പ്രസ്ഥാനങ്ങളുടെ ചുമതലക്കാരനുമായിരുന്ന സുധാകരനിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണിത്.
തിരഞ്ഞെടുപ്പു കാലത്ത് ഈ നീക്കം ശരിയായില്ല. രക്തസാക്ഷി ജി.ഭുവനേശ്വരന്റെ ജ്യേഷ്ഠനെന്ന നിലയിൽ മുന്തിയ പരിഗണന സുധാകരനു നൽകിയിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള അവഗണന കാണിച്ചിട്ടില്ല.
സുധാകരന്റെ രോഗമെന്താണെന്നു ഞങ്ങൾ നേരത്തെ മനസ്സിലാക്കിയിരുന്നു. മുൻപു ചില ഇടപെടലുകളിലിൽനിന്നും വർത്തമാനങ്ങളിൽനിന്നും അതു വ്യക്തമായിരുന്നു.
അതു തെറ്റാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. മുൻപത്തെ സംസാരങ്ങളിൽ നിന്നു വ്യക്തമായ കാര്യമാണ് ഇപ്പോൾ പരസ്യപ്പെടുത്തിയത്.
പാർട്ടി അവഹേളിച്ചെന്നു പറഞ്ഞു തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കാര്യങ്ങളൊരുക്കുകയാണ് അദ്ദേഹം ചെയ്തത്.
ഇത്രയേറെ തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റൊരു നേതാവ് ജില്ലയിൽ വേറെയില്ല. അദ്ദേഹം തന്നെയാണു കഴിഞ്ഞതവണ എച്ച്.സലാമിന്റെ പേരു നിർദേശിച്ചത്.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 75 വയസ്സ് കഴിഞ്ഞതിനാൽ ഒഴിവായ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി പ്രവർത്തനങ്ങളിൽ പങ്കെടുക്കാനായിരുന്നു പാർട്ടി തീരുമാനം.
ഓഫിസിൽ അദ്ദേഹത്തിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കണമെന്ന തീരുമാനം ഉണ്ടായിരുന്നെങ്കിലും ഒരു യോഗത്തിലും പങ്കെടുത്തില്ല.
പക്ഷേ, അദ്ദേഹം ഓഫിസിൽ വന്നിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയ പരിപാടികളെല്ലാം എൽഡിഎഫിനു വേണ്ടി നടത്തിയത് അദ്ദേഹമാണ്. മിക്ക പരിപാടികളുടെയും ഉദ്ഘാടകൻ സുധാകരനായിരുന്നു.
പുന്നപ്ര–വയലാർ രക്തസാക്ഷി വാരാചരണത്തിലെ ദീപശിഖാ പ്രയാണം വി.എസ്.അച്യുതാനന്ദനു പകരം ഉദ്ഘാടനം ചെയ്തത് ജി.സുധാകരനാണ്. 5 വർഷം ഒട്ടേറെ പൊതുപരിപാടികളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുപ്പിച്ചു.
അദ്ദേഹം എല്ലാവർക്കും സ്വീകാര്യനായതിനാലാണ് ഇത്. എന്തെങ്കിലും അവഗണനയുണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തിരുത്തുമായിരുന്നു.
പാർട്ടി അംഗത്വം പുതുക്കാൻ ഫോം പൂരിപ്പിച്ചു ലെവി അടയ്ക്കണമെന്നാവശ്യപ്പെട്ടു ബ്രാഞ്ച് സെക്രട്ടറി നേരിട്ടെത്തിയെങ്കിലും അദ്ദേഹം ചെയ്തില്ല.
കമ്യൂണിസ്റ്റ് നേതാവിന് ഇത്തരത്തിൽ അപചയം ഉണ്ടാകാൻ പാടില്ലായിരുന്നു. യഥാർഥ കമ്യൂണിസ്റ്റായി ചിന്തിച്ചാൽ അദ്ദേഹം സ്ഥാനാർഥിത്വം പിൻവലിക്കുമെന്നു പ്രതീക്ഷിക്കുന്നു.
മാർക്സിസവും കമ്യൂണിസവും എന്താണെന്നു പഠിപ്പിച്ചു നടന്നയാളിൽ നിന്ന് ഇങ്ങനെ ഉണ്ടാകാൻ പാടില്ല. അദ്ദേഹം പറഞ്ഞ പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടുണ്ടെന്നും ആർ.നാസർ പറഞ്ഞു.
അമ്പലപ്പുഴയുടെ മനസ്സിലെന്താകും ?
ആലപ്പുഴ ∙ സിപിഎം വിട്ട
മുൻമന്ത്രി ജി.സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച അമ്പലപ്പുഴ വിപ്ലവഭൂമിയായ പുന്നപ്ര ഉൾപ്പെട്ട മണ്ഡലം മാത്രമല്ല, പുന്നപ്ര സമരനായകനായ വി.എസ്.അച്യുതാനന്ദൻ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ മണ്ണു കൂടിയാണ്.
ജി.സുധാകരന്റെയും രണ്ടാമത്തെ തിരഞ്ഞെടുപ്പു പോരാട്ടവും അമ്പലപ്പുഴയിലായിരുന്നു. അമ്പലപ്പുഴയിലെ ആദ്യ പോരാട്ടത്തിൽ പക്ഷേ രണ്ടുപേരും പരാജയപ്പെട്ടു.
അതേ മണ്ഡലത്തിൽ നിന്ന് ഇരുവരും വീണ്ടും നിയമസഭയിലെത്തിയതും ചരിത്രം.
1965ലായിരുന്നു വിഎസ് അമ്പലപ്പുഴയിൽ പരാജയപ്പെട്ടത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഇവിടെ നിന്നു വിജയിച്ച് നിയമസഭയിലെത്തി.
1982 ൽ കുട്ടനാട്ടിൽ മത്സരിച്ചു പരാജയപ്പെട്ട ജി.സുധാകരൻ 1987ൽ അമ്പലപ്പുഴയിലും പരാജയപ്പെട്ടു.
2006ൽ അമ്പലപ്പുഴയിലേക്കു മടങ്ങിയെത്തിയ സുധാകരൻ തുടർച്ചയായ 3 തിരഞ്ഞെടുപ്പുകൾ ജയിച്ച് ആദ്യ പരാജയത്തിന്റെ കണക്കുതീർത്തു.
ആലപ്പുഴ നഗരം ഉൾപ്പെടുന്ന മണ്ഡലം
2006 വരെ കൈനകരി, നെടുമുടി, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട്, തകഴി പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു അമ്പലപ്പുഴ മണ്ഡലം. മണ്ഡല പുനർനിർണയം വന്നതോടെ 2011ലെ തിരഞ്ഞെടുപ്പിൽ തകഴി, കൈനകരി, നെടുമുടി പഞ്ചായത്തുകൾ അമ്പലപ്പുഴയിൽ നിന്ന് ഒഴിവായി.
പകരം, ആലപ്പുഴ നഗരസഭയിലെ 25 വാർഡുകൾ അമ്പലപ്പുഴയിലെത്തി. നിലവിൽ ആലപ്പുഴ നഗരത്തിന്റെ പാതിയോളം അമ്പലപ്പുഴയിലാണ്.
കുറയുന്ന വോട്ടുകണക്ക്
2021ൽ ജി.സുധാകരൻ 22621 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എച്ച്.സലാം നേടിയത് 11,125 വോട്ടിന്റെ ഭൂരിപക്ഷം മാത്രം.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മണ്ഡലത്തിൽ 14,555 വോട്ടിന്റെ ലീഡ് ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫും മൂന്നാം സ്ഥാനത്തുള്ള എൻഡിഎയുമായി 110 വോട്ടിന്റെ മാത്രം വ്യത്യാസമാണ് ഉണ്ടായിരുന്നത്.
2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുകോട്ടകളിൽ യുഡിഎഫ് മുന്നേറ്റം നടത്തി. പുന്നപ്ര സമരഭൂമി ഉൾപ്പെടുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് 30 വർഷത്തിനു ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു.
കഴിഞ്ഞവട്ടം യുഡിഎഫിന് ഒരു സീറ്റ് മാത്രമുണ്ടായിരുന്ന അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണംപിടിച്ചു. പുറക്കാട് പഞ്ചായത്തും അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനും തിരിച്ചുപിടിച്ചു.
മണ്ഡലത്തിലെ ആകെ വോട്ടിൽ എൽഡിഎഫിനു മുൻതൂക്കമുണ്ട്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനൊപ്പം ജി.സുധാകരന്റെ സ്ഥാനാർഥിത്വം കൂടിയാകുമ്പോൾ നേട്ടമുണ്ടാകുമെന്നാണു യുഡിഎഫിന്റെ പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

