ആലപ്പുഴ∙ കഴിഞ്ഞ 5 വർഷത്തിനിടെ ജില്ലയിൽ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നെങ്കിലും ഫലം ഒരിടത്തും ഭരണമാറ്റത്തിനു വഴി തുറന്നില്ല. എൽഡിഎഫ് ഭരിക്കുന്ന കാർത്തികപ്പള്ളി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പിനു ശേഷം ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും അവിശ്വാസത്തെ യുഡിഎഫ് പിന്തുണയ്ക്കാത്തതിനാൽ എൽഡിഎഫിനു ഭരണം നഷ്ടമായില്ല.
ഫലപ്രഖ്യാപനത്തിനും മുന്നേ ഉപതിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പിന്റെ തലേദിവസം സ്ഥാനാർഥി മരിച്ചതിനാൽ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ഉപതിരഞ്ഞെടുപ്പ് ഉറപ്പിച്ചതു ചെട്ടികുളങ്ങര പഞ്ചായത്തിലായിരുന്നു.
ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി മഹാദേവൻ പിള്ള തിരഞ്ഞെടുപ്പിന്റെ തലേ ദിവസം മരിച്ചു. തിരഞ്ഞെടുപ്പ് നടന്നെങ്കിലും ഈ വാർഡിലെ ഫലപ്രഖ്യാപനം നടത്തിയില്ല.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിൽ മഹാദേവൻ പിള്ളയുടെ മകൻ രോഹിത് എം.പിള്ള എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചു.
വിദേശവാസം, സർക്കാർ ജോലി
തലവടി പഞ്ചായത്ത് 13–ാം വാർഡിലെ കോൺഗ്രസ് അംഗം കെ.പി.വിശാഖ് അവധിയെടുത്തു വിദേശത്തു പോയെങ്കിലും അവധി കഴിഞ്ഞു തിരിച്ചെത്തിയില്ല.
തുടർച്ചയായി ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ അയോഗ്യനായി. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഈ വാർഡിൽ സിപിഎം സ്ഥാനാർഥി വിജയിച്ചു. സ്വതന്ത്രയെ പ്രസിഡന്റാക്കി എൽഡിഎഫ് ഭരണം നേടിയ കാർത്തികപ്പള്ളി പഞ്ചായത്തിൽ രണ്ടര വർഷം കഴിഞ്ഞപ്പോൾ എട്ടാം വാർഡിലെ എൽഡിഎഫ് അംഗം ജിമ്മി വി.കൈപ്പള്ളി 6 മാസത്തെ അവധിയെടുത്തു വിദേശത്തേക്കു പോയി.
അവധി കഴിഞ്ഞു ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ അയോഗ്യനായി. ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു.
13 അംഗ ഭരണ സമിതിയിൽ എൽഡിഎഫ്– 5 ബിജെപി–4 യുഡിഎഫ്–3, സ്വതന്ത്ര–1 എന്നായിരുന്നു തുടക്കത്തിൽ കക്ഷിനില. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണസമിതിയിൽ എൽഡിഎഫിന്റെ അംഗബലം നാലായി കുറഞ്ഞു.
ബിജെപിക്ക് അഞ്ച് അംഗങ്ങളുമായി. എന്നാൽ ബിജെപി കൊണ്ടുവന്ന അവിശ്വാസത്തെ യുഡിഎഫ് പിന്തുണയ്ക്കാഞ്ഞതിനാൽ പരാജയപ്പെട്ടു. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയിൽ എൽഡിഎഫ് ഭരണം തുടർന്നു.
പാലമേൽ പഞ്ചായത്ത് 11–ാം വാർഡിലെ എൽഡിഎഫ് അംഗം സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് അംഗത്വം രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചു.
അയോഗ്യത, രാജി
മാന്നാർ പഞ്ചായത്ത് 11–ാം വാർഡിൽ യുഡിഎഫ് അംഗമായി വിജയിച്ച സുനിൽ ശ്രദ്ധേയം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചതിനെ തുടർന്ന് അയോഗ്യനായി.
ഈ ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചു. മുട്ടാർ പഞ്ചായത്തിൽ യുഡിഎഫിനായി കേരള കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ലിനി ജോളി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചതിനെ തുടർന്ന് അയോഗ്യയായി.
ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചു.
രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ പാർട്ടിക്കുള്ളിലെ വിഭാഗീയതയെ തുടർന്നു സിപിഐയിൽ ചേർന്നതിനു പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവച്ചു. വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം ജയിച്ചു. വെളിയനാട് പഞ്ചായത്തിലെ എൽഡിഎഫ് അംഗം എം.പി.സജീവ് മുൻ ഭരണസമിതിയുടെ കാലത്തു നടന്ന കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യനായതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു.
മരണം വരുത്തിയ ഒഴിവ്
കാവാലം പഞ്ചായത്ത് പ്രസിഡന്റ് എൽഡിഎഫിലെ പി.ജെ.ജോഷി മരിച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു.
മുട്ടാർ പഞ്ചായത്തിലെ 5–ാം വാർഡിൽ യുഡിഎഫ് അംഗം ജോസ്കുട്ടി മരിച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ജയിച്ചു. എടത്വ പഞ്ചായത്ത് 15–ാം വാർഡ് എൽഡിഎഫ് അംഗമായിരുന്ന എം.എച്ച്.മോളി മരിച്ചതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു.
തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിലെ ബിജെപി അംഗം സാനു സുധീന്ദ്രൻ വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. ചേർത്തല നഗരസഭയിൽ 11–ാം വാർഡിലെ സ്വതന്ത്ര അംഗം ജയശങ്കർ മരിച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. കായംകുളം നഗരസഭ 32–ാം വാർഡ് അംഗം ഡി.അശ്വിനിദേവ് വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു.
പത്തിയൂർ പഞ്ചായത്ത് 12– ാം വാർഡിലെ എൽഡിഎഫ് അംഗം ഐ.ജയകുമാരി മരിച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

