ആലപ്പുഴ ∙ ചാംപ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങളെ നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്നു തന്നെ തിരഞ്ഞെടുക്കും. നെഹ്റു ട്രോഫിയിൽ ആദ്യ 9 സ്ഥാനങ്ങളിൽ എത്തിയ ചുണ്ടൻവള്ളങ്ങളുടെയും ക്ലബ്ബുകളുടെയും പട്ടിക നൽകാൻ സിബിഎലിന്റെ നടത്തിപ്പുകാരായ വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സിബിഎൽ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും മുൻവർഷങ്ങളിലേതു പോലെ നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങൾക്കു തന്നെയാണോ യോഗ്യത എന്ന് ഉറപ്പായിട്ടില്ലായിരുന്നു.
വള്ളങ്ങളെ നെഹ്റു ട്രോഫിയിൽ നിന്നു തന്നെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായെങ്കിലും ആദ്യ 9ലെ നാലു ചുണ്ടൻവള്ളങ്ങളും ആരോപണനിഴലിലാണ്.
പരാതികൾ പരിശോധിക്കാൻ ജൂറി ഓഫ് അപ്പീൽ ഇന്നു വൈകിട്ട് 5നു യോഗം ചേരും. ടീമുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഓണത്തിനു ശേഷം പരിഗണിക്കും എന്നു പറഞ്ഞിരുന്നെങ്കിലും മെല്ലെപ്പോക്കിലായിരുന്നു.
സിബിഎൽ ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണു ജൂറി ഓഫ് അപ്പീൽ നടപടികൾ വേഗത്തിലാക്കുന്നത്.
രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത വള്ളങ്ങളിൽ അനുവദനീയമായതിലും കൂടുതൽ അതിഥി തുഴച്ചിലുകാർ ഉണ്ടായിരുന്നെന്നും തടി, ഫൈബർ നിർമിത തുഴകൾ ഉപയോഗിച്ചെന്നുമാണ് ആരോപണം. ആരോപണം ഉയർന്നതോടെ വള്ളംകളിയിൽ ഒന്നാം സ്ഥാനം മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.
പരാതികളും ടീമുകൾക്കു പറയാനുള്ളതും കേട്ടും മത്സരത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചുമാകും നിയമലംഘനം വിലയിരുത്തുക.ലൂസേഴ്സ് ഫൈനലിൽ ഒരു വള്ളം മത്സരിച്ചിരുന്നില്ല.
ഇവർക്കു സ്ഥാനം നൽകുന്നതിലും ജൂറി ഓഫ് അപ്പീൽ തീരുമാനമെടുക്കാനുണ്ട്. മത്സരത്തിൽ പങ്കെടുക്കാത്തവർക്ക് എങ്ങനെ സ്ഥാനം നൽകുമെന്നാണു ചോദ്യം. ഇതിലും ഇന്നു വ്യക്തത വന്നേക്കും.
ഈ ടീമുകളിൽ ഏതിനെങ്കിലും അയോഗ്യത വന്നാൽ അടുത്ത സ്ഥാനങ്ങളിലുള്ളവരെയാകും സിബിഎലിലേക്കു പരിഗണിക്കുകയെന്നാണു സൂചന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]