ആലപ്പുഴ ∙ അധ്യയന വർഷാരംഭത്തിൽ ആറാം പ്രവൃത്തിദിനത്തിനകം ആധാർ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർഥികളുടെ എണ്ണം അധ്യാപക തസ്തിക നിർണയത്തിനു പരിഗണിക്കാത്തതിനാൽ മതിയായ വിദ്യാർഥികളുണ്ടായിട്ടും അധ്യാപകരെ മറ്റു സ്കൂളുകളിലേക്കു സ്ഥലം മാറ്റുന്നു. സംസ്ഥാനത്താകെ ഇരുനൂറോളം അധ്യാപകരെ ഇങ്ങനെ സ്ഥലംമാറ്റി.
ആലപ്പുഴ ജില്ലയിൽ മാത്രം 15ലേറെ അധ്യാപകർക്കാണ് ഇത്തരത്തിൽ സ്ഥലംമാറ്റം ലഭിച്ചത്.ആറാം പ്രവൃത്തിദിനം വിദ്യാർഥികളുടെ എണ്ണം ഓരോരുത്തരുടെയും ആധാർ നമ്പർ ഉൾപ്പെടെയാണു വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ ചേർക്കേണ്ടത്.
സ്കൂൾ പ്രവേശന സമയത്തു പല വിദ്യാർഥികൾക്കും ആധാർ ഉണ്ടാകില്ല. ഇവരോട് ഉടൻ ആധാർ എടുക്കാൻ നിർദേശിക്കുകയാണു ചെയ്യുക. ആധാർ നമ്പർ ലഭിക്കാൻ വൈകുന്ന കുട്ടികളുടെ എണ്ണം തലയെണ്ണലിൽ ഉൾപ്പെടുത്തില്ല.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും സമാന പ്രശ്നം ഉണ്ടായിരുന്നു. എന്നാൽ അന്നു വളരെക്കുറച്ചു വിദ്യാർഥികൾക്കാണ് ആധാർ ലഭിക്കാൻ വൈകിയത്.
ഇത്തവണ ആധാർ നമ്പർ ലഭിക്കാൻ കൂടുതൽ കാലതാമസമുണ്ടായി.വിദ്യാർഥികളുടെ കുറവല്ല, ആധാർ ഇല്ലാത്തതാണു പ്രശ്നമെന്ന് അറിയാമെങ്കിലും സ്ഥലംമാറ്റം ഒഴിവാക്കാൻ കഴിയുന്നില്ലെന്നാണു വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
തലയെണ്ണലിന്റെ സമയത്തു തന്നെ ആധാർ എൻറോൾമെന്റ് ഐഡി ഉൾപ്പെടുത്തി വിദ്യാർഥികളുടെ ശരിയായ എണ്ണം കാണിച്ചു വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകാറുണ്ട്. സമന്വയ പോർട്ടൽ വഴി സ്റ്റാഫ് ഫിക്സേഷൻ നടത്തുമ്പോഴും അപേക്ഷ സമർപ്പിക്കും.
എന്നാൽ തലയെണ്ണലിനു ശേഷം ഇളവു നൽകാൻ ചട്ടമില്ലാത്തതിനാൽ ഈ അപേക്ഷകൾ പരിഗണിക്കാതെ അധ്യാപകരെ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിലേക്കു സ്ഥലംമാറ്റുകയാണു ചെയ്യുന്നത്.
പ്രവേശനോത്സവം നടന്ന സ്കൂളിലും സ്ഥലംമാറ്റം
സംസ്ഥാനതല പ്രവേശനോത്സവം നടന്ന കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉൾപ്പെടെയാണ് ഇത്തരത്തിൽ സ്ഥലംമാറ്റം നടന്നത്.
കലവൂർ സ്കൂളിൽ മുൻവർഷത്തെ അതേ രീതിയിൽ ഡിവിഷനുകൾ തുടരുന്നതിന് ഒന്നാം ക്ലാസിൽ 91 വിദ്യാർഥികൾ വേണമായിരുന്നു.96 വിദ്യാർഥികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടുകയും ചെയ്തു. എന്നാൽ ഇതിൽ 84 പേർക്കു മാത്രമാണ് ആധാർ ഉണ്ടായിരുന്നത്.
നിലവിൽ ഒന്നാം ക്ലാസിലെ എല്ലാ വിദ്യാർഥികൾക്കും ആധാർ ഉണ്ട്. എങ്കിലും തലയെണ്ണലിന്റെ കണക്കു പ്രകാരം ഒരു അധ്യാപികയെ സ്ഥലംമാറ്റുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]