
ചാരുംമൂട്∙ അടിയേറ്റു ചുവന്നു തിണർത്തിരുന്ന കവിൾത്തടങ്ങൾ ഇന്നലെ സന്തോഷത്താൽ പ്രകാശിച്ചു, കണ്ണീർ മാഞ്ഞ മുഖം നിറയെ പുഞ്ചിരി. അധ്യാപകർ ചേർത്തണച്ച് അവളെ ക്ലാസിലെത്തിച്ചു, കൂട്ടുകാർ ഓടിയെത്തി കരം കവർന്നു. വീട്ടിൽ പിതാവിന്റെയും രണ്ടാംഭാര്യയുടെയും നിരന്തര ശാരീരിക, മാനസിക അതിക്രമങ്ങൾ ഏറ്റുവാങ്ങിയ ഒൻപതു വയസ്സുകാരി കേരളത്തിന്റെ മനഃസാക്ഷിയുടെ നോവായിരുന്നു.
ഇന്നലെ അവൾ പിതൃമാതാവിനൊപ്പം സ്കൂളിൽ തിരിച്ചെത്തി. ‘‘എനിക്കു പഴയതു പോലെ സ്കൂളിൽ വരണം, നന്നായി പഠിക്കണം’’– പ്രായത്തിൽ കവിഞ്ഞ പക്വതയോടെ നാലാം ക്ലാസുകാരി പറഞ്ഞു.
ഇത്രയേറെ ഉപദ്രവിച്ചിട്ടും ‘വാപ്പിയോടു ക്ഷമിക്കണേ’ എന്നു സന്ദർശിക്കാനെത്തിയ മന്ത്രി വി.ശിവൻകുട്ടിയോട് അവൾ അന്ന് അഭ്യർഥിച്ചതും അതേ പക്വതയോടെയായിരുന്നു. കുട്ടിയെ സംരക്ഷിച്ച് ഒപ്പമുണ്ടാകുമെന്നു പിതൃമാതാവ് റസിയയും സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും ഉറപ്പിച്ചു പറഞ്ഞു.പിതാവ് അൻസാറിന്റെ ആക്രമണം ഭയന്നു റസിയയ്ക്കൊപ്പം ബന്ധുവീടുകളിൽ കഴിയുകയായിരുന്ന കുട്ടി അൻസാറിനെയും ഭാര്യ ഷെഫീനയെയും അറസ്റ്റ് ചെയ്ത ശേഷമാണു കുടുംബവീട്ടിൽ മടങ്ങിയെത്തിയത്.
ഇന്നലെ രാവിലെ സ്കൂളിൽ കുട്ടിയുമൊത്ത് എത്തിയ റസിയ പ്രധാനാധ്യാപികയെ കണ്ടു വിവരങ്ങളെല്ലാം സംസാരിച്ചു. അതിനു ശേഷം അവളെ ക്ലാസിലെത്തിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലതയുടെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വേഷണസംഘം ഇന്നലെ സ്കൂളിലെത്തി പ്രധാനാധ്യാപികയുടെയും മറ്റും മൊഴിയെടുത്തു.
കുട്ടി പഠിക്കുന്ന ക്ലാസ് മുറിയും പരിശോധിച്ചു. കുട്ടി അതിക്രമം നേരിടുന്ന വിവരം വിദ്യാഭ്യാസ വകുപ്പിൽ യഥാസമയം അറിയിച്ചില്ലെന്ന ആക്ഷേപമുണ്ട്. കുട്ടിയിൽ നിന്നു വിവരങ്ങളെല്ലാം മനസ്സിലാക്കിയ ഉടനെ പൊലീസിലും തുടർന്ന് വിദ്യാഭ്യാസ വകുപ്പിലും അറിയിച്ചെന്നു സ്കൂൾ അധികൃതർ അന്വേഷണസംഘത്തോടു പറഞ്ഞു.
സമ്മാനമായി പുസ്തകം
സ്കൂളിൽ തിരിച്ചെത്തിയ പെൺകുട്ടിയെ കാത്ത് ഒരു പുസ്തക സമ്മാനം ഉണ്ടായിരുന്നു: ഡോ.
കെ.വാസുകി എഴുതിയ ‘ദ് സ്കൂൾ ഓഫ് ലൈഫ്’. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസാണ് ഈ പുസ്തകം കൈമാറാനായി പ്രധാനാധ്യാപികയെ ഏൽപിച്ചിരുന്നത്.
മന്ത്രി വി.ശിവൻകുട്ടിയും ഷാനവാസും കുട്ടിയെ സന്ദർശിച്ചപ്പോൾ ഭാവിയിൽ ഐഎഎസുകാരി ആകണമെന്ന് അവൾ ആഗ്രഹം പറഞ്ഞിരുന്നു. എങ്ങനെ സിവിൽ സർവീസ് നേടിയെടുത്തെന്ന ഡോ.വാസുകിയുടെ രസകരവും പ്രചോദനാത്മകവുമായ അനുഭവകഥയാണ് ഈ പുസ്തകം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]