ആലപ്പുഴ ∙ ഓണക്കാലത്തോടനുബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്താൻ എക്സൈസ് വകുപ്പ് തയാറെടുക്കുമ്പോൾ വാഹനങ്ങൾക്ക് ആവശ്യത്തിന് ഇന്ധനമില്ല. മിക്ക ജില്ലകളിലും മൂന്നു മാസത്തിലധികമായി എക്സൈസ് വാഹനങ്ങൾ ഇന്ധനം നിറച്ചതിന്റെ ബിൽ മാറി നൽകിയിട്ടില്ല.
ഓരോ ജില്ലയിലും 2–6 ലക്ഷം രൂപ വരെയാണു കുടിശികയുള്ളത്. എക്സൈസുമായി കരാറുള്ള നിശ്ചിത തുക കടന്നതോടെ പലയിടത്തും ഇന്ധന പമ്പുകൾ കടം കൊടുക്കുന്നതു നിർത്തി.
പരിശോധനയും വിവരശേഖരണവും നടത്തേണ്ട ഉദ്യോഗസ്ഥർ ഇതോടെ ജോലിസമയം മുഴുവൻ ഓഫിസിൽ ഇരിക്കേണ്ട
സ്ഥിതിയാണ്. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ സ്പെഷൽ ഡ്രൈവുകളായ എക്സൈസിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’, പൊലീസ് നർകോട്ടിക്സ് സെല്ലിന്റെ ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്നിവ വൻ വിജയമായിരുന്നു.
ഒട്ടേറെ ലഹരിക്കേസുകൾ പിടിക്കുകയും പരിശോധനയും നിരീക്ഷണവും ശക്തമാക്കുകയും ചെയ്തതോടെ സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തും കുറഞ്ഞിരുന്നു. ഓണക്കാലത്തു പൊതുവേ വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കൂടാറുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരുടെ എണ്ണവും കൂടുന്നതിനാൽ പരിശോധന കൂട്ടണം എന്നിരിക്കെയാണു പരിശോധനയ്ക്കു പോകാൻ വാഹനങ്ങൾക്ക് ഇന്ധനമില്ലാത്തത്.
ഇപ്പോൾ പരിശോധന കുറഞ്ഞാൽ വീണ്ടും ലഹരിസംഘങ്ങൾ സംസ്ഥാനത്തു ശക്തമാകുമെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഈ മാസം ഇന്ധന ബിൽ മാറി ലഭിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.
അത്യാവശ്യ യാത്രകൾക്കും പരിശോധനകൾക്കുമായി ഉദ്യോഗസ്ഥർ സ്വന്തം കീശയിൽ നിന്നു പണം നൽകിയാണു വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നത്.
ഇതിനു ബിൽ നൽകി പിന്നീടു പണം വാങ്ങുകയാണു ചെയ്യുന്നത്. വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തിയതിന്റെ തുകയും ചിലയിടത്തു കുടിശികയാണ്.
വാഹനങ്ങളുടെ ഇന്ധന ബിൽ സംബന്ധിച്ചു പരിശോധിച്ചു വരികയാണെന്നാണു വകുപ്പ് ആസ്ഥാനത്തു നിന്നു ലഭിച്ച മറുപടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]