
വെള്ളാപ്പള്ളിയുടെ പരാമർശം ഒരു മതത്തിന് എതിരെന്നു തെറ്റായി പ്രചരിപ്പിച്ചു: മുഖ്യമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്ന് അടുത്തിടെയുണ്ടായ പരാമർശം ഒരു മതത്തിനെതിരാണെന്നു തെറ്റായി പ്രചരിപ്പിക്കപ്പെട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രാഷ്ട്രീയ പാർട്ടിയെ ഉദ്ദേശിച്ചാണ് അതു പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളിക്കു ചേർത്തല എസ്എൻഡിപി യൂണിയൻ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുമ്പോഴാണ് വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൂർണമായി പിന്തുണച്ചത്.
‘വെള്ളാപ്പള്ളി പ്രത്യേക വിരോധമോ മമതയോ വച്ചു പറഞ്ഞതല്ല. യാഥാർഥ്യം പറയുകയായിരുന്നു. പറഞ്ഞത് ഒരു രാഷ്ട്രീയപാർട്ടിക്ക് എതിരായി. ആ പാർട്ടിയെ സംരക്ഷിക്കാൻ താൽപര്യമുള്ളവരെല്ലാം ഇതിനെതിരെ രംഗത്തു വന്നു. അതാണു സംഭവിച്ചത്. വെള്ളാപ്പള്ളി ഏതെങ്കിലും ഒരു മതത്തിനെതിരെ നിലപാടു സ്വീകരിച്ച ചരിത്രമുള്ളയാളല്ല. വിവിധ മതങ്ങളുമായി യോജിച്ചുള്ള ഒട്ടേറെ കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചയാളാണ്. ഏതെങ്കിലും കുറവ് വെള്ളാപ്പള്ളിയിൽ നിന്നു വന്നെന്നല്ല, ഇതാണ് നാട്. ഏതിനെയും വക്രീകരിക്കാനും തെറ്റായി ചിത്രീകരിക്കാനും നോക്കുന്ന കാലമാണ്’ – മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളി കൂടുതൽ ശ്രദ്ധയും അവധാനതയും പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വച്ചുനോക്കിയാൽ പിണറായി വിജയൻ തന്നെ ഭരണത്തുടർച്ചയിലേക്ക് എത്താനുള്ള കാലാവസ്ഥയാണ് ഇപ്പോഴുള്ളതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൂന്നാംവട്ടവും മുഖ്യമന്ത്രി പദത്തിലേക്ക് എത്താൻ പിണറായിക്കു കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ, പി.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.