ആലപ്പുഴ∙ മൂന്നു ദിവസം തുടർച്ചയായി ശുദ്ധജലം മുടങ്ങിയ ശേഷം ജലവിതരണം പുനഃസ്ഥാപിച്ച് ഒരാഴ്ച കഴിയും മുൻപേ വീണ്ടും മൂന്നുദിവസം കൂടി ശുദ്ധജല വിതരണം തടസ്സപ്പെടും. പമ്പാനദിയിൽ നിന്നും കരുമാടി ജലശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന 1000 എംഎം പ്രധാന പൈപ്പിൽ തിരുവല്ല കടപ്രയ്ക്കു സമീപം ലീക്കേജ് കണ്ടെത്തിയതിനെ തടർന്നാണ് ഇന്നലെ മുതൽ ശുദ്ധജല വിതരണം മുടങ്ങിയത്.
അറ്റകുറ്റപ്പണികൾക്ക് മൂന്നു ദിവസം വേണ്ടി വരുമെന്നതിനാൽ പതിനാലാം തീയതി വരെ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
ഇന്നലെ രാവിലെയോടെയാണ് കടപ്രയിൽ ലീക്കേജ് ശ്രദ്ധയിൽപെട്ടത്. ഉടൻ ജലഅതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
തുടർന്ന് പമ്പിങ് നിർത്തി വയ്ക്കുകയും ഉച്ചയോടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അമ്പലപ്പുഴ കച്ചേരിമുക്കിൽ പൈപ്പ്ലൈനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികളുടെ ഭാഗമായി ഈ മാസം 2,3,4 തീയതികളിൽ നഗരസഭയിലും സമീപത്തെ ഒൻപത് പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസ്സപ്പെട്ടിരുന്നു.
പൈപ്പ്ലൈൻ ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കി അഞ്ചാം തീയതി പുലർച്ചെയോടെയാണ് പൈപ്പുകളിൽ ശുദ്ധജലം ലഭിച്ചു തുടങ്ങിയത്.
മുടങ്ങുന്നത് നഗരസഭയിലും 9 പഞ്ചായത്തുകളിലും
ആലപ്പുഴ നഗരസഭയിലെ രണ്ടര ലക്ഷത്തോളം ജനങ്ങളെയും സമീപത്തെ ഒൻപതു പഞ്ചായത്തുകളിലെ ലക്ഷക്കണക്കിനു ജനങ്ങളെയുമാണ് ശുദ്ധജല വിതരണ മുടക്കം ബാധിക്കുന്നത്. നഗരസഭ കൂടാതെ മണ്ണഞ്ചേരി,ആര്യാട്,മാരാരിക്കുളം സൗത്ത്, അമ്പലപ്പുഴ സൗത്ത്–നോർത്ത്, പുന്നപ്ര സൗത്ത്–നോർത്ത്, പുറക്കാട്, തകഴി എന്നീ പഞ്ചായത്തുകളിലുമാണ് ശുദ്ധജല വിതരണം തടസ്സപ്പെടുക.
മാർച്ച് ആദ്യവാരത്തെ ശുദ്ധജല വിതരണം മുടക്കം നേരത്തെ അറിയിച്ചിരുന്നതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സാധിച്ചിരുന്നുവെന്നും, ഇപ്പോൾ അപ്രതീക്ഷിതമായി ശുദ്ധജല വിതരണം തടസ്സപ്പെടുന്നത് ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ആലപ്പുഴ നഗരസഭയിൽ ഇന്നുമുതൽ അഞ്ചു ടാങ്കറുകളിൽ ശുദ്ധജല വിതരണം ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

