കൈനകരി ∙ അപേക്ഷകൾക്കും പരാതികൾക്കും ഫലമില്ല; കൈനകരി നിവാസികൾ ദുരിതത്തിൽ. കൈനകരി പഞ്ചായത്ത് 13–ാം വാർഡിൽ കോലത്ത് ജെട്ടി മുതൽ മുട്ടേൽ പാലം വരെയുള്ള റോഡും സംരക്ഷണ ഭിത്തിയും നിർമിക്കണമെന്ന ആവശ്യമാണ് ഇപ്പോഴും നടപ്പിലാക്കാത്തത്.കൈനകരി പമ്പയാറ്റിൽനിന്നു മീനപ്പള്ളി കായലിലേക്കു പോകുന്ന മീനപ്പള്ളിത്തോട്ടിന്റെ തെക്കേകരയാണു സംരക്ഷണ ഭിത്തിയോ റോഡോ ഇല്ലാതെ കിടക്കുന്നത്.
പ്രധാന ജലപാതകളിൽ ഒന്നായ മീനപ്പള്ളി തോട്ടിലൂടെ ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടുകളും ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും അടക്കം ഒട്ടേറെ ജലയാനങ്ങളാണു നിത്യവും സഞ്ചരിക്കുന്നത്. ബോട്ടുകളും മറ്റു ജലയാനങ്ങളും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഓളത്തിൽ നിലവിലുണ്ടായിരുന്ന സംരക്ഷണ ഭിത്തിയും റോഡും തകർന്ന നിലയിലാണ്.
സ്കൂൾ കുട്ടികൾ അടക്കം സഞ്ചരിക്കുന്ന വഴിയിൽ അപകടം പതിയിരിക്കുകയാണ്. റോഡിന്റെയും സംരക്ഷണ ഭിത്തിയുടെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നു കാട്ടി പ്രദേശവാസികൾ ഒട്ടേറെ നിവേദനങ്ങളാണ് നൽകിയിട്ടുള്ളത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കരുതലും കൈത്താങ്ങും പരിപാടിയിൽ പ്രദേശവാസികളുടെ ഒപ്പുശേഖരിച്ചു പൊതുമരാമത്തു മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയുടെ അടിസ്ഥാനത്തിൽ കൈനകരി തെക്ക് വില്ലേജ് ഓഫിസർക്കു സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിക്കുകയും റോഡിന്റെയും സംരക്ഷണ ഭിത്തിയുടെയും ശോചനീയാവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കി.
റോഡിലേക്കു വെള്ളം കയറാതിരിക്കാൻ സംരക്ഷണ ഭിത്തി 2 അടിയെങ്കിലും ഉയർത്തി പുതുക്കി നിർമിക്കണമെന്നും റോഡ് ടാർ ചെയ്തു നവീകരിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് അപകടരഹിതമായി യാത്ര ചെയ്യാൻ സാധിക്കുകയുള്ളുവെന്ന റിപ്പോർട്ട് വില്ലേജ് ഓഫിസർ സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവീകരണ പ്രവർത്തനങ്ങൾക്കായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ 29.52 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. എന്നാൽ എസ്റ്റിമേറ്റ് തുകയ്ക്കു സാമ്പത്തിക ഭരണാനുമതി നാളിതുവരെയായിട്ടും ലഭിച്ചിട്ടില്ല.
ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് അനുവദിച്ച തുകയ്ക്കു ഭരണാനുമതി ലഭ്യമാക്കി പ്രദേശവാസികളുടെ ദുരിതത്തിനു പരിഹാരം കാണെണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

