ആലപ്പുഴ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് ശതമാനം കുറഞ്ഞെങ്കിലും മുന്നണികളുടെ ആത്മവിശ്വാസത്തിൽ കുറവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഫലം ആവർത്തിക്കുമെന്ന് എൽഡിഎഫും 2010ലെ തിരഞ്ഞെടുപ്പിലേതിനു സമാനമായ നേട്ടമുണ്ടാക്കുമെന്നു യുഡിഎഫും പറയുമ്പോൾ പത്തോളം തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ എത്തുമെന്നാണ് എൻഡിഎയുടെ അവകാശവാദം.
കുറഞ്ഞതെങ്ങനെ നേട്ടമാകും
ഇരട്ടവോട്ടുകളും കള്ളവോട്ടുകളും കുറഞ്ഞതുകൊണ്ടാണു പോളിങ് ശതമാനം കുറഞ്ഞതെന്നും ഇതു തങ്ങൾക്ക് അനുകൂലമാകുമെന്നും യുഡിഎഫ് പറയുന്നു. ആലപ്പുഴ നഗരസഭയിൽ ഉൾപ്പെടെ അനധികൃതമായി ഒട്ടേറെപ്പേരെ വോട്ടർപട്ടികയിൽ തിരുകിക്കയറ്റിയിരുന്നു. യുഡിഎഫ് കോടതിയെ സമീപിച്ച് ഇത്തരം ബൂത്തുകളിൽ പൊലീസ് സംരക്ഷണവും വെബ് കാസ്റ്റിങ്ങും ഏർപ്പെടുത്തിയതിനാൽ അനധികൃതമായി പട്ടികയിൽ ഇടംപിടിച്ചവർ വോട്ടു ചെയ്യാനെത്തിയില്ല.
ഇതു പോളിങ് ശതമാനം കുറയാൻ ഇടയാക്കിയെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.കഴിഞ്ഞ തവണ കോവിഡ് ലോക്ഡൗണിന്റെ സാഹചര്യത്തിലാണ് പോളിങ് ശതമാനം ഉയർന്നതെന്നാണു എൽഡിഎഫ് വിലയിരുത്തൽ. വിദേശത്തു ജോലിയുള്ളവരും വിദ്യാർഥികളും നാട്ടിലുണ്ടായിരുന്നതിനാൽ വോട്ടുചെയ്തു.
കോവിഡ് സ്പെഷൽ ബാലറ്റ് ഉള്ളതിനാൽ കിടപ്പുരോഗികൾക്ക് ഉൾപ്പെടെ വോട്ടുചെയ്യാനായി. ഈ കണക്ക് പരിഗണിക്കുമ്പോൾ ഇത്തവണ പോളിങ് കാര്യമായി കുറഞ്ഞിട്ടില്ലെന്നും എൽഡിഎഫ് പറയുന്നു.
ഇടതുകേന്ദ്രങ്ങളിൽ മികച്ച പോളിങ് നടന്നുവെന്നും നേതൃത്വം അവകാശപ്പെടുന്നു.
വോട്ടർപട്ടികയിൽ പേരുള്ള എല്ലാവരും നാട്ടിൽ ഇല്ലാത്തതാണു പോളിങ് ശതമാനത്തിൽ പ്രതിഫലിക്കുന്നതെന്നു എൻഡിഎ നേതൃത്വം പറയുന്നു. നാട്ടിൽ ഉള്ളവരിൽ 90 ശതമാനത്തോളം പേർ വോട്ടു ചെയ്തിട്ടുണ്ടെന്നാണു എൻഡിഎയുടെ കണക്കുകൂട്ടൽ.
നേട്ടമുണ്ടാക്കും മൂന്നു തരം
ജില്ലാ പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തിലും 3 നഗരസഭകളിലും 54 പഞ്ചായത്തുകളിലും ഭരണം പിടിച്ച 2020ലെ നേട്ടം ആവർത്തിക്കുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം.
ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളുടെ എണ്ണം കുറയുമെങ്കിലും ഭരണം നിലനിർത്തും.മുപ്പത്തഞ്ചോളം പഞ്ചായത്തുകളും 6 ബ്ലോക്ക് പഞ്ചായത്തുകളും 5 നഗരസഭകളും സ്വന്തമാക്കുമെന്നാണു യുഡിഎഫിന്റെ അവകാശവാദം. പത്തോളം സീറ്റുകളാണു ജില്ലാ പഞ്ചായത്തിൽ പ്രതീക്ഷിക്കുന്നത്. ഇതു 12 വരെയാകാം. രണ്ടു നഗരസഭകളിലും പത്തോളം പഞ്ചായത്തുകളിലും വലിയ ഒറ്റക്കക്ഷിയാകുന്നതിനൊപ്പം പല പഞ്ചായത്തുകളിലും അക്കൗണ്ട് തുറക്കുമെന്നും എൻഡിഎ അവകാശപ്പെടുന്നു.
നഗരപ്പോരിൽ ആരാകും മുന്നിൽ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 6 നഗരസഭകളിൽ ആലപ്പുഴ,ചേർത്തല, കായംകുളം നഗരസഭകളിൽ എൽഡിഎഫും ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര നഗരസഭകളിൽ യുഡിഎഫുമാണു ഭരണം പിടിച്ചത്. ഇത്തവണ ചേർത്തല, ആലപ്പുഴ നഗരസഭകളിൽ കൂടി അധികാരം നേടുമെന്നാണു യുഡിഎഫിന്റെ അവകാശവാദം.
ആലപ്പുഴയിൽ 21–25 സീറ്റുകളാണു യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ആകെയുള്ള 53 സീറ്റുകളിൽ ചെറുകക്ഷികളും എൻഡിഎയും കുറച്ചു സീറ്റുകൾ നേടുമെന്നതിനാൽ 21–25 സീറ്റ് നേടിയാൽ ഭരണം സ്വന്തമാക്കാമെന്നാണു വിലയിരുത്തൽ.
ആലപ്പുഴ, ചേർത്തല, മാവേലിക്കര നഗരസഭകൾ സ്വന്തമാക്കുമെന്നാണു എൽഡിഎഫിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞവട്ടം എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കൊപ്പമെത്തിയ മാവേലിക്കര നഗരസഭയിൽ ഇത്തവണ ഭരണം പിടിക്കാനാകുമെന്നാണു എൻഡിഎയുടെ ആത്മവിശ്വാസം.
ഹരിപ്പാട്ടും കൂടുതൽ സീറ്റുകൾ നേടുമെന്നും നേതാക്കൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

