ആലപ്പുഴ ∙ കേരള സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐയുടെ ഏകാധിപത്യം. ജില്ലയിലെ 19 കോളജുകളിലും എസ്എഫ്ഐ വിജയിച്ചു.
കഴിഞ്ഞ 3 വർഷം കെഎസ്യു–എംഎസ്എഫ് മുന്നണി വിജയിച്ച കായംകുളം എംഎസ്എം കോളജ്, രണ്ടു വർഷം കെഎസ്യു വിജയിച്ച അമ്പലപ്പുഴ ഗവ.കോളജ്, മാവേലിക്കര ഐഎച്ച്ആർഡി കോളജ് യൂണിയനുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു. കഴിഞ്ഞ വർഷം ചെയർമാൻ, യുയുസി സ്ഥാനങ്ങൾ കെഎസ്യു വിജയിച്ച ആലപ്പുഴ എസ്ഡി കോളജിൽ ഇത്തവണ പ്രധാന സീറ്റുകളിലെല്ലാം എസ്എഫ്ഐ വിജയിച്ചു.
യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.
കരുത്തുള്ളിടത്തു പോലും മത്സരിച്ചില്ല; കെഎസ്യുവിൽ പൊട്ടിത്തെറി
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽ കെഎസ്യു ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം.
രണ്ടുവട്ടം തുടർച്ചയായി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച അമ്പലപ്പുഴ ഗവ.കോളജിൽ കെഎസ്യു ഇത്തവണ മത്സരിച്ചതുപോലുമില്ല. കഴിഞ്ഞ വട്ടം ചെയർമാൻ, യുയുസി സ്ഥാനങ്ങൾ സ്വന്തമാക്കിയ ആലപ്പുഴ എസ്ഡി കോളജിലും ഇത്തവണ മത്സരിക്കാൻ ആളുണ്ടായില്ല.
സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളും ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടുമാണ് ഇതിനു പിന്നിലെന്നു പ്രവർത്തകർ ആരോപിക്കുന്നു.
എസ്ഡി കോളജിന്റെ ചുമതലയുള്ള കെഎസ്യു സംസ്ഥാന ഭാരവാഹി ബന്ധുവായ എസ്എഫ്ഐ നേതാവിനു വേണ്ടി ഒത്തുകളിച്ചതുമൂലമാണ് ഇവിടെ നാമനിർദേശ പത്രിക പോലും സമർപ്പിക്കാത്തതെന്ന് ആക്ഷേപമുണ്ട്. അമ്പലപ്പുഴ ഗവ.കോളജിൽ രണ്ടുതവണ യൂണിയൻ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകിയ ഭാരവാഹിയും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള പ്രശ്നം തിരഞ്ഞെടുപ്പിനെ ബാധിച്ചു.
സ്ഥാനാർഥികളെ നിർത്താൻ ജില്ലാ നേതൃത്വവും ഇടപെട്ടില്ല. 5 സംസ്ഥാന ഭാരവാഹികളുള്ള ജില്ലയിലാണ് കെഎസ്യുവിന്റെ ദുരവസ്ഥ. ചുമതലയുള്ള ഭാരവാഹികൾ കോളജുകളിലേക്കു തിരിഞ്ഞുനോക്കിയില്ലെന്നു യൂണിറ്റ് കമ്മിറ്റികൾ ആരോപിക്കുന്നു. പരാജയത്തിനു കാരണക്കാരായ നേതാക്കൾക്കെതിരെ നടപടി വേണമെന്നാണു പ്രവർത്തകരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]