ആലപ്പുഴ ∙ വലിയ ചുടുകാട്ടിലെ രക്തസാക്ഷികളുടെ സ്മൃതികുടീരത്തിൽനിന്നു പകർന്നു വാങ്ങിയ ജ്വാല സമ്മേളന വേദിയുടെ മുറ്റത്ത് ആവേശമായി പടർന്നു; കെടാവിളക്കായി. സിപിഐ സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം.
അഞ്ഞൂറിലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തെ ഇനി റിപ്പോർട്ടുകളും അവയ്ക്കുമേലുള്ള ചർച്ചകളും ചടുലമാക്കും. വലിയ ചുടുകാട്ടിൽ നിന്നു പ്രതിനിധി സമ്മേളനം നടക്കുന്ന കളർകോട് എസ്കെ കൺവൻഷൻ സെന്ററിലേക്ക് ഇന്നലെ രാവിലെ ദീപശിഖാ പ്രയാണം തുടർന്നു.
വനിതാ അത്ലീറ്റുകൾ എത്തിച്ച ദീപശിഖ ജാഥാ ക്യാപ്റ്റൻ എൻ.അരുൺ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനു കൈമാറി. അദ്ദേഹം അതു വേദിക്കു മുന്നിലെ മണ്ഡപത്തിൽ കൊളുത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ.ചന്ദ്രമോഹൻ പതാകയുയർത്തി. മുദ്രാവാക്യങ്ങൾ മുഴങ്ങി.
സത്യൻ മൊകേരി കൺവീനറായി ടി.ടി.ജിസ്മോൻ, കെ.പി.സുരേഷ് രാജ്, കെ.സലിം കുമാർ, ഷാജിറ മനാഫ്, സാം കെ.ഡാനിയേൽ, സി.കെ.ആശ എംഎൽഎ എന്നിവരുടെ പ്രസീഡിയം തുടർന്നു സമ്മേളന നടപടികൾ ഏറ്റെടുത്തു.
കെ.കെ.അഷറഫ് അനുശോചന പ്രമേയവും ആർ.രാജേന്ദ്രൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഉച്ചവരെ നീണ്ട
ഉദ്ഘാടന യോഗത്തിൽ പാർട്ടിയുടെ യുട്യൂബ് ചാനൽ ‘കനലി’ന്റെ പ്രകാശനവും നടന്നു. മുൻകാലത്തെ പ്രമുഖ നേതാക്കളും മുൻ നേതാക്കളുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ അതിഥികളായെത്തിയപ്പോൾ അതൊരു കുടുംബസംഗമം കൂടിയായി.
അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങൾ, മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാർ, സിപിഐ നേതാവായിരുന്ന വർഗീസ് വൈദ്യന്റെ മകനും തിരക്കഥാകൃത്തുമായ ചെറിയാൻ കൽപകവാടി, തോപ്പിൽ ഭാസിയുടെ മകൾ മാല, ചെറുമകൾ ചിത്ര, വിപ്ലവഗായിക പി.കെ.മേദിനി തുടങ്ങിയവർ എത്തിയിരുന്നു.
മുൻ മന്ത്രി സി.ദിവാകരനും പഴയ നേതാക്കളുടെ കുടുംബാംഗങ്ങളോടു പരിചയം പുതുക്കി. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദ്ഘാടകനായി എത്തി.
നടൻ പ്രകാശ് രാജ് മലയാളത്തിൽ കവിത ചൊല്ലി സദസ്സിനെ കയ്യിലെടുത്തു. സെമിനാറിനു ശേഷം റിപ്പോർട്ടുകളിന്മേൽ ഗ്രൂപ്പ് ചർച്ച തുടങ്ങി.
ആദ്യഘട്ടം രാത്രി വരെ നീണ്ടു. ഇന്നു മുഴുവൻ സമയം ചർച്ചകളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]