അമ്പലപ്പുഴ ∙ ഐതിഹ്യപ്പെരുമ പേറുന്ന അമ്പലപ്പുഴ പാൽപായസം ഇനി പുതിയ നാലു കാതൻ വാർപ്പിലാകും തയാറാക്കുക. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ഒരുക്കിയ പുതിയ അടുപ്പിൽ 1810 കിലോഗ്രാം തൂക്കം വരുന്ന വാർപ്പ് ഉറപ്പിച്ചു.
നാടിന്റെയും ഭക്തരുടെയും ഏറെ നാളത്തെ ആഗ്രഹമാണ് ഇന്നലെ യാഥാർഥ്യമായത്. 1750 ലീറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള വാർപ്പിൽ 400 ലീറ്റർ പായസം തയാറാക്കും.
ശിൽപി പി.പി.അനന്തൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാർപ്പ് തയാറാക്കിയത്. ദേവസ്വം ബോർഡിന് 29 ലക്ഷം രൂപ ചെലവായി.
ഗുരുവായൂരിലേക്ക് 2000 കിലോ ഗ്രാം തൂക്കം വരുന്ന ഉരുളിയും അനന്തൻ ആചാരി തയാറാക്കി നൽകിയിട്ടുണ്ട്. വാർപ്പിന് ചുറ്റും അനന്തശയനം, ഗജ ലക്ഷ്മി, ശംഖ്, ചക്രം, താമരപ്പൂവ് എന്നിവയും കൊത്തിയിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ്കുമാർ വാർപ്പ് ഏറ്റുവാങ്ങി ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ബി.മുരാരിബാബു, തിരുവാഭരണം സൂപ്രണ്ട് പി.ആർ.ശ്രീശങ്കർ, അസി.കമ്മിഷണർ വി.ഈശ്വരൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ.അജിത്കുമാർ, ക്ഷേത്രം കോയ്മസ്ഥാനി ശ്രീകുമാർ വലിയ മഠം എന്നിവരെ ഏൽപിച്ചു.
കിഴക്കേനടയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്രം സന്നിധിയിൽ എത്തിച്ചു. നിലവിൽ 800 ലീറ്റർ വെള്ളം ശേഷിയുള്ള വാർപ്പിൽ 250 ലീറ്റർ പാൽപായസമാണ് തയാറാക്കുന്നത്. പുതിയ വാർപ്പിനായി തിടപ്പള്ളിയുടെ ജോലി നടക്കുന്നതിനാൽ പാൽപായസ ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]