
ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ റവന്യു ടവറിന്റെ നിർമാണോദ്ഘാടനം 14ന് രാവിലെ 11നു മന്ത്രി കെ.രാജൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.
ചെങ്ങന്നൂർ കോടതിക്കു സമീപം 1956 മുതൽ പഴയ താലൂക്ക് ഓഫിസ് പ്രവർത്തിച്ചിരുന്ന 40 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. ചെങ്ങന്നൂർ ആർഡിഒ, താലൂക്ക്, വില്ലേജ് ഓഫിസുകൾ, സബ് റജിസ്ട്രാർ ഓഫിസ് അടക്കമുള്ള സർക്കാർ ഓഫിസുകൾക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ റവന്യു ടവറാണ് നിർമിക്കുന്നത്.
2018ലെ പ്രളയം ചെങ്ങന്നൂരിനെ വിഴുങ്ങിയ ദിനങ്ങളിലാണ് രക്ഷാ പുനരധിവാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ട
കേന്ദ്രമായ താലൂക്ക് ഓഫിസ് അടക്കമുള്ള റവന്യു ഓഫിസുകളിലെ അസൗകര്യങ്ങൾ പൂർണമായും വ്യക്തമായത്. മന്ത്രിമാർ പങ്കെടുത്ത് ചേർന്ന ആലോചനാ യോഗങ്ങൾക്കു പോലും പരിമിതമായ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ.
മന്ത്രി സജി ചെറിയാന്റെ നിർദേശത്തെ തുടർന്ന് സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിട നിർമാണത്തിന് 22.12 കോടി അനുവദിക്കുകയായിരുന്നു.
കേരള വാസ്തുവിദ്യാ ശൈലിയിൽ നാലു നിലകളിലായി 56,640 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ പാർക്കിങ്, ലോബി, വോട്ടിങ് മെഷീൻ സ്റ്റോറേജ് എന്നിവയും ഒന്നാം നിലയിൽ റജിസ്ട്രേഷൻ ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവയും രണ്ടാം നിലയിൽ താലൂക്ക് ഓഫിസ്, ഇലക്ഷൻ വിഭാഗം എന്നിവയും മൂന്നാം നിലയിൽ ആർഡിഒ, കോൺഫറൻസ് റൂം എന്നിവയും നാലാം നിലയിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഓഫിസ്, കോൺഫറൻസ് ഹാൾ, റിക്രിയേഷൻ ഏരിയ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്.
കൂടാതെ പ്രകൃതിക്ഷോഭം, വരൾച്ച, ഭൂമികുലുക്കം, തീപിടിത്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കേണ്ട
ഉപകരണങ്ങൾ സൂക്ഷിക്കേണ്ട കെട്ടിടങ്ങൾ, ആധുനിക രീതിയിലുള്ള റിക്കാർഡ് റൂം, സ്ട്രോങ് റൂം, ട്രെയ്നിങ് ഹാൾ, കഫറ്റേരിയ, ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി എന്നിവയും ഉണ്ടാകും.
പട്ടയങ്ങളുടെ വിതരണവും പുലിയൂർ വില്ലേജ് ഓഫിസ് കെട്ടിടം നിർമാണ ഉദ്ഘാടനവും റവന്യു ടവർ ഉദ്ഘാടന യോഗത്തിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]