ഉസ്ബെക്കിസ്ഥാനിൽ സുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാവരിയയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബം.
സംഭവത്തിന് തലേദിവസം വരെ അമ്മ മിനി സുപ്രഭയുമായി സാവരിയ വിഡിയോ കോളിൽ സംസാരിച്ചിരുന്നു. ദുബായിലുള്ള മാതൃസഹോദരിയുടെ മകളുമായി സംസാരിക്കവേ, താൻ അവർക്കായി വാങ്ങിയ പാവകളും മറ്റ് വസ്തുക്കളും കാണിച്ച് സന്തോഷം പങ്കുവെച്ചിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തുമെന്ന ആഹ്ലാദത്തിലായിരുന്നു സാവരിയ. ആദ്യ സെമസ്റ്റർ പരീക്ഷകൾക്ക് ശേഷം 9-ാം തീയതി നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ഹോസ്റ്റലിലെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങൾ പലപ്പോഴും വിഡിയോ കോളിലൂടെ കണ്ടിട്ടുണ്ടെങ്കിലും, അവിടെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി പെൺകുട്ടി സൂചിപ്പിച്ചിരുന്നില്ല. പ്രതിയായ സദറുൽ അനമിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടതായി കുടുംബത്തിന് അറിവില്ലായിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് മിനിയ്ക്ക് അശുഭകരമായ ആ ഫോൺ കോൾ എത്തുന്നത്. സഹപാഠികളിൽ ഒരാളാണ് വിളിച്ചതെങ്കിലും, അപകടമുണ്ടായെന്നും അബോധാവസ്ഥയിലാണെന്നും മാത്രമാണ് അന്ന് അറിയിച്ചത്.
വിവരം ഉടൻ തന്നെ കുവൈത്തിലുള്ള പിതാവ് ബസന്തിനെ അറിയിച്ചു. ബസന്തിന് വീസ ലഭിക്കാൻ കാലതാമസമെടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെ, ദുബായിലുള്ള സഹോദരീഭർത്താവ് ജനീഷ് ഉസ്ബെക്കിസ്ഥാനിലേക്ക് തിരിക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, യാത്ര തിരിക്കും മുൻപേ സാവരിയയുടെ മരണവാർത്ത സ്ഥിരീകരിച്ചു. ഉസ്ബെക്കിസ്ഥാനിൽ പഠിക്കുന്ന മറ്റൊരു മലയാളി പിജി വിദ്യാർഥിനിയാണ് ജനീഷ് അവിടെ എത്തിയപ്പോൾ സഹായങ്ങൾ ചെയ്തത്.
സാവരിയയ്ക്ക് മെഡിക്കൽ കോളജിൽ പ്രവേശനം നൽകിയ ഏജൻസിയാണ് ഈ വിദ്യാർഥിനിയെ സഹായത്തിനായി ചുമതലപ്പെടുത്തിയത്. എന്നാൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആ വിദ്യാർഥിനിക്കും വലിയ അറിവില്ലായിരുന്നു.
ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും തുടർച്ചയായി ഓടേണ്ടി വന്നതിനാൽ, സഹപാഠികളെ കാണാനോ വിവരങ്ങൾ തിരക്കാനോ കഴിഞ്ഞില്ലെന്ന് ജനീഷ് വ്യക്തമാക്കി. മിക്ക സഹപാഠികളും സെമസ്റ്റർ അവധിക്ക് നാട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
ഹരിപ്പാട് സാവരിയയുടെ വസതിയിലെത്തിയ മന്ത്രി രമേശ് ചെന്നിത്തല മാതാപിതാക്കളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ഉറപ്പാക്കുമെന്നും, ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷിനെ അന്വേഷണച്ചുമതല ഏൽപ്പിച്ചതായും മന്ത്രി അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.നാഥൻ, നഗരസഭാ കൗൺസിലർ അബി ഹരിപ്പാട് തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

