
കായംകുളം ∙ ദേശീയപാതയിൽ രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞുനിർത്തി 3.24 കോടി രൂപ കവർന്ന കേസിലെ ഒരു പ്രതിയെ പുതുച്ചേരിയിൽ നിന്നും മറ്റൊരാളെ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നും ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം സാഹസികമായി പിടികൂടി. തമിഴ്നാട് സ്വദേശികളായ മാരിയപ്പൻ, ഹരികൃഷ്ണൻ എന്നിവരെയാണു പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിനുള്ളിൽ പൊലീസിന്റെ വാഹനം തടഞ്ഞു പ്രതികളെ മോചിപ്പിക്കാനുള്ള നാട്ടുകാരുടെ ശ്രമം എസ്ഐ ബജിത്ത് ലാലും സംഘവും പ്രതിരോധിച്ചു. തമിഴ്നാട്ടിലെ മയിലാടുംപാറ ജില്ലയിലെ തിരുട്ടുഗ്രാമമായ കൊല്ലിടത്തിൽ നാലു മണിക്കൂറോളമാണ് മുന്നൂറോളം പേർ പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചത്.
ഒടുവിൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പ്രതികളെ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
അടുത്ത ദിവസം കരീലക്കുളങ്ങര സ്റ്റേഷനിൽ എത്തിക്കും. പാഴ്സൽ കമ്പനിയിലെ ജീവനക്കാരനായ മാരിയപ്പനാണു ലോറിയിൽ പണം കടത്തുന്ന വിവരം കവർച്ചാസംഘത്തിനു ചോർത്തി നൽകിയതെന്ന നിർണായക വിവരവും പൊലീസിനു ലഭിച്ചു.
ഇയാളുൾപ്പെടെ ഇന്നലെ പിടികൂടിയ രണ്ടു പേരും കവർച്ചാസംഘത്തിൽ ഉണ്ടായിരുന്നു.
നാലു ദിവസം മുൻപാണ് എസ്ഐ ബജിത്ത് ലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ എസ്. ഷാനവാസ്, എ.നിഷാദ്, അഖിൽ മുരളി എന്നിവരടങ്ങിയ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചത്.
അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചതിലൂടെയാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. പുതുച്ചേരി കാരക്കൽ നിന്നാണ് ബുധനാഴ്ച രാവിലെ ഹരികൃഷ്ണനെ പിടികൂടിയത്.
ഇയാളുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സുഹൃത്ത് പ്രതിയല്ലെങ്കിലും ഹരികുമാറിനെ പിടികൂടിയ വിവരം പുറത്തുപോകാതാരിക്കാൻ അയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹരികുമാർ നൽകിയ സൂചന അനുസരിച്ചാണു മാരിയപ്പനെ പിടികൂടിയത്. ജൂൺ 13 ന് പുലർച്ചെ 4.30 നാണ് പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി കോടിയോളം രൂപ സംഘം തട്ടിയെടുത്ത സംഘം ആര്യങ്കാവ് വഴി രക്ഷപ്പെട്ടത്. പ്രതികളായ സുബാഷ്ചന്ദ്ര ബോസ്, തിരുകുമാർ എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
സതീഷ്, ദുരൈ അരസ് എന്നിവരാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇവരെ പിടികൂടാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
പാഴ്സൽ രഹസ്യം കൈമാറിയത് കമ്പനിയിലെ ഡ്രൈവർ
പാഴ്സൽ ലോറിയിൽ പണം കടത്തുന്ന വിവരം കവർച്ചാസംഘത്തിനു കൈമാറിയത് തമിഴ്നാട്ടിൽ നിന്നു പിടിയിലായ മാരിയപ്പൻ.
പാഴ്സൽ സർവീസ് നടത്തുന്ന സ്ഥാപനത്തിന് അന്തർസംസ്ഥാന ബസ് സർവീസുമുണ്ട്. ഇവിടെ ഡ്രൈവറായിരുന്നു മാരിയപ്പൻ.
വിവരം കൈമാറിയതിനു പുറമേ പണം കവർന്ന സംഘത്തിലും ഇയാളുണ്ടായിരുന്നു. 10 ലക്ഷം രൂപയാണു മുഖ്യപ്രതികൾ പ്രതിഫലം നൽകിയതെന്നു ഇയാൾ പൊലീസിനോടു സമ്മതിച്ചു.
കവർച്ചാസംഘത്തിലുണ്ടായിരുന്ന ഹരികൃഷ്ണന് 5 ലക്ഷം രൂപയും നൽകി.
പ്രതികളെ പിടികൂടിയത് സാഹസിക നീക്കങ്ങളിലൂടെ
കായംകുളം∙ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കവർന്ന കേസിൽ പ്രതികളെ പിടികൂടിയത് സാഹസിക നീക്കങ്ങളിലൂടെ. പുതുച്ചേരിയിൽനിന്ന് ബുധനാഴ്ച രാവിലെ പ്രതികളിലൊരാളായ ഹരികൃഷ്ണനെ പിടികൂടിയ പൊലീസ് ഇയാളിൽനിന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തിൽനിന്നും ലഭിച്ച സൂചന അനുസരിച്ചാണു മാരിയപ്പൻ താമസിക്കുന്ന തമിഴ്നാട്ടിലെ കൊല്ലിടം ഗ്രാമത്തിലെത്തിയത്.
ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ മാരിയപ്പൻ മദ്യപിച്ച് ഒരു സംഘത്തോടൊപ്പം എത്തി.
വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് രാത്രി 9.30ന് പൊലീസ് പിടികൂടുയത്. കാറിനടുത്തേക്ക് മാരിയപ്പനെ കൊണ്ടുവന്നതോടെ പ്രദേശവാസികളായ മുന്നൂറോളം പേരുടെ സംഘം കാർ വളഞ്ഞു.
ഇതിനിടെ പ്രതിയ കാറിനുള്ളിൽ മുൻസീറ്റിൽ ഇരുത്തി.
ഇയാൾ ഡ്രൈവറെ ആക്രമിച്ചു പുറത്തിറങ്ങാൻ ശ്രമിച്ചതോടെ ഒരു കൈയ്യിൽ വിലങ്ങിട്ടു. വിലങ്ങിന്റെ ഒരറ്റം പൊലീസുകാരന്റെ കയ്യിലും ബന്ധിച്ചു.
ഇതോടെ ഇയാൾ കാറിലിരുന്നു നിലവിളിച്ചു. നാട്ടുകാരുടെ രോഷം കൂടി, കാറിന്റെ ഡോർ തുറന്നു പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു.
കാറിൽ നിന്ന് പുറത്തിറങ്ങി നാട്ടുകാരെ കേസ് വിവരം ബോധ്യപ്പെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. തുടർന്ന് പൊലീസുകാർ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രനെ വിവരമറിയിച്ചു.
അദ്ദേഹം അറിയിച്ചതനുസരിച്ച് പുലർച്ചെ മൂന്നോടെ തമിഴ്നാട് പൊലീസ് സംഘം സ്ഥലത്തെത്തി. കേരളത്തിൽ നിന്നുള്ള പൊലീസ് സംഘത്തെയും പ്രതികളെയും സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
നാട്ടുകാർ പിന്തുടർന്നെത്തിയെങ്കിലും കേസിന്റെ രേഖകൾ കാണിച്ചു ബോധ്യപ്പെടുത്തിയതോടെ അവർ സ്റ്റേഷനിൽ നിന്നു മടങ്ങി. ഹരികൃഷ്ണനൊപ്പം കസ്റ്റഡിയിലേടുത്തിരുന്ന സുഹൃത്ത് ഹരികുമാറിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
അന്വേഷണ സംഘം വാടകക്കാറിൽ
പൊലീസ് വാഹനം ഒഴിവാക്കി തമിഴ്നാട്ടിൽ നിന്നു വാടകയ്ക്ക് എടുത്ത കാറിലായിരുന്നു പൊലീസിന്റെ സഞ്ചാരം. കേരള റജിസ്ട്രേഷനിലുള്ള വാഹനം പെട്ടെന്നു ശ്രദ്ധയിൽ പെടുമെന്നതിനാലാണ് തമിഴ്നാട്ടിലെ കാർ വാടകയ്ക്ക് എടുത്തത്.
എന്നാൽ വാഹനത്തിലുള്ളത് മലയാളികൾ ആണെന്നു മനസ്സിലാക്കിയതോടെയാണു തിരുട്ടുഗ്രാമത്തിലുള്ളവർ കാർ തടഞ്ഞ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]