ചെങ്ങന്നൂർ ∙ കെഎസ്ആർടിസി ഡിപ്പോയിൽ താൽക്കാലിക കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണത്തിനു ധനകാര്യവകുപ്പിന്റെ ചുവപ്പുസിഗ്നൽ. താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് 4.40 ലക്ഷം രൂപ അനുവദിക്കാനുള്ള ഫയൽ നിരസിച്ചു.
കെഎസ്ആർടിസിക്ക് ഇത്തരം പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിലെ തടസ്സം ചൂണ്ടിക്കാട്ടിയാണു നടപടി. നാലു മാസം മുൻപാണു ഡിപ്പോയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയത്.
തുടർന്നു താൽക്കാലികമായി ഇൻഫർമേഷൻ സെന്ററും നൂറു പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പ് കേന്ദ്രവും എംസി റോഡിനോടു ചേർന്നു നിർമിക്കാനാണു പദ്ധതിയിട്ടത്. മേൽക്കൂര നിർമാണം, മൂന്നു വശങ്ങളും ജിഐ ഷീറ്റ് കൊണ്ടു മറയ്ക്കുക, തറ കോൺക്രീറ്റ് ചെയ്യുക എന്നിവയാണ് നടത്താനിരുന്നത്. എന്നാൽ ധനകാര്യവകുപ്പിന്റെ അനുമതി കിട്ടാതായതോടെ പണി മുടങ്ങും. മഴയത്ത് ഗാരിജിലോ റോഡരികിലെ കടകളുടെ ഇറയത്തോ കയറി നിൽക്കേണ്ട
സ്ഥിതിയാണു യാത്രക്കാർക്ക്. കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ സമരങ്ങളും നടന്നു.
പ്രത്യേക ഉത്തരവ് നേടാൻ നീക്കം
അതേസമയം പ്രത്യേക ഉത്തരവ് നേടി കാത്തിരിപ്പു കേന്ദ്രം യാഥാർഥ്യമാക്കുമെന്നു മന്ത്രി സജി ചെറിയാന്റെ ഓഫിസ് അറിയിച്ചു.
ഒരാഴ്ചയ്ക്കകം കേന്ദ്രത്തിന്റെ നിർമാണം തുടങ്ങാനാകുമെന്നാണു പ്രതീക്ഷയെന്നും അറിയിച്ചു.
11.5 കോടി രൂപ ചെലവിൽ
11.5 കോടി രൂപ ചെലവിൽ 32,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടസമുച്ചയം നിർമിക്കുന്നത്. എംസി റോഡിന് അഭിമുഖമായി ഇരുനിലകളിൽ ഫ്രണ്ട് ബ്ലോക്കും ബഥേൽ ജംക്ഷൻ–റെയിൽവേ സ്റ്റേഷൻ റോഡരികിൽ നാലുനിലകളിൽ മെയിൻ ബ്ലോക്കുമാണു പുതുതായി നിർമിക്കുക.
ഫ്രണ്ട് ബ്ലോക്കിന്റെ മേൽക്കൂര നിർമാണം സിംഗപ്പൂർ മാതൃകയിലാണ്. നിലവിൽ ഗാരിജ് കം ഓഫിസ് കെട്ടിടത്തിലാണു സ്റ്റേഷൻ മാസ്റ്റർ, കൺട്രോളിങ് ഇൻസ്പെക്ടർ എന്നിവരുടെ ഓഫിസുകൾ പ്രവർത്തിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]