
പെരുമ്പളം ദ്വീപിലേക്ക് ബസ് സർവീസ് തുടങ്ങാൻ കെഎസ്ആർടിസി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല∙ പെരുമ്പളം ദ്വീപിലെ യാത്രാസ്വപ്നങ്ങൾക്കു തുടക്കം കുറിച്ചു ദ്വീപിലേക്കു സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. വഴിമുടക്കി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റാൻ നോട്ടിസ് നൽകാമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്. സാധാരണയുള്ള 51 സീറ്റിന്റെ ബസിനു പകരം കെഎസ്ആർടിസിയുടെ 32 സീറ്റ് കപ്പാസിറ്റിയുള്ള കട്ട് സൈസ് ബസാണ് ദ്വീപിലേക്കുള്ള സർവീസിനായി തിരഞ്ഞെടുത്തത്.
ചേർത്തല ഡിപ്പോ കേന്ദ്രീകരിച്ചായിരിക്കും സർവീസ്. പ്രധാനമായി ആലപ്പുഴയിലേയ്ക്കും എറണാകുളത്തേക്കും രാവിലെയും വൈകിട്ടും സർവീസ് നടത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം. സ്റ്റോപ്പുകളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരും ദിവസങ്ങളിൽ വരുത്തും. സാധാരണയുള്ള മാനദണ്ഡങ്ങൾക്കു പുറമേ കൂടുതൽ ഇളവ് സ്റ്റോപ്പിന്റെ കാര്യത്തിൽ അനുവദിക്കും. പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞാൽ കെഎസ്ആർടിസി ബസ് ഓടിത്തുടങ്ങും. ബസ് എത്തിയപ്പോൾ ജങ്കാർ ജെട്ടിയിൽ ചെറിയ സ്വീകരണവും ഒരുക്കിയിരുന്നു.
ഓർമകളിൽ കൽപക
കെഎസ്ആർടിസി സാധ്യത പഠനത്തിനെത്തിയെങ്കിലും പെരുമ്പളം ദ്വീപിന്റെ ആദ്യ സ്വകാര്യ സർവീസ് ബസായ കൽപക ബസിന്റെ ഓർമകളും പെരുമ്പളം ജനതയുടെ മനസ്സിലുണ്ട്. ദ്വീപിൽ മാത്രം ഓടിയിരുന്ന ബസ്, ഒടുവിൽ നഷ്ടം വന്നപ്പോൾ വിറ്റു. 10 വർഷത്തിലേറെയായി ബസ് സർവീസ് നിർത്തിയിട്ടെന്നു ബസിന്റെ ഓപ്പറേറ്റർമാരിൽ ഒരാളായിരുന്ന ടി.എസ്. ഷിജെയ് പറയുന്നു. തെങ്ങ് കർഷകരുടെ കൂട്ടായ്മയിൽ പിറന്ന സൊസൈറ്റി മുൻകൈ എടുത്താണ് ദ്വീപിനു സ്വന്തമായി ബസ് വാങ്ങിയത്. അതു കൊണ്ടു തെങ്ങ് എന്ന അർഥം വരുന്ന കൽപകവൃക്ഷത്തിന്റെ പേരിൽ നിന്ന് ബസിനു പേരുമിട്ടു.
അപ്രോച്ച് റോഡ്
പെരുമ്പളം പാലത്തിന്റെ രണ്ടാമത്തെ അപ്രോച്ച് റോഡിന്റെ ജോലികൾ ആരംഭിച്ചിട്ടുണ്ട്. പെരുമ്പളം ദ്വീപിലെ അപ്രോച്ച് റോഡിന്റെ പണികളാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. പാലം വന്നു മുട്ടുന്ന ദ്വീപിന്റെ ഭാഗത്ത് ചെളി ഉള്ളതിനാൽ തെങ്ങു കുറ്റികൾ അടിച്ച ശേഷമാണ് മണ്ണിട്ട് നികത്തി അപ്രോച്ച് റോഡ് പണിയുന്നത്. പാലത്തിന്റെ പണികൾ ഓഗസ്റ്റിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന എന്ന പ്രതീക്ഷയിലാണ് ജോലികൾ പുരോഗമിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 100 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമാണം.