ആലപ്പുഴ∙ സിപിഐയുടെ 4 മന്ത്രിമാർ ഉൾപ്പെടുന്ന പിണറായി സർക്കാരിനു പാർട്ടി സംസ്ഥാന സമ്മേളനം ‘ഗുഡ് സർട്ടിഫിക്കറ്റ്’ നൽകുമോ? മൂന്നു നാൾ നീളുന്ന പ്രതിനിധി സമ്മേളനത്തിന് ഇന്നു തുടക്കമാകുമ്പോൾ സർക്കാരിനെതിരെ രൂക്ഷവിമർശനം തന്നെ ഉയർന്നേക്കും.അതിനു നേതൃത്വം നൽകുന്ന മറുപടി സമ്മേളനത്തിന്റെ ക്ലൈമാക്സ് ആകും. അതറിയാൻ സിപിഎം, ഭരണ നേതൃത്വങ്ങളും ഉദ്വേഗത്തോടെ ഉറ്റുനോക്കുന്നു.സർക്കാരിനെതിരെ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങളുടെ പ്രതിഫലനം സംസ്ഥാന സമ്മേളനത്തിലുമുണ്ടായാൽ മറുപടി നൽകാൻ നേതൃത്വം വിയർക്കും.
തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, മുന്നണിയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയുടെ സമ്മേളനത്തിൽ ഉയരുന്ന വികാരം സർക്കാരിനുള്ള സർട്ടിഫിക്കറ്റിന്റെ ‘സ്വഭാവം’ തീരുമാനിക്കും.
ഇതു മുന്നിൽക്കണ്ടാകാം, ജില്ലാ സമ്മേളനങ്ങളിലെ സർക്കാർവിരുദ്ധ വികാരം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിൽ കാര്യമായി മയപ്പെടുത്തിയിട്ടുണ്ട്. എൽഡിഎഫ് വീണ്ടും ഭരണത്തിലെത്തില്ലെന്നും അങ്ങനെ സിപിഎമ്മിന്റെ സമൂഹമാധ്യമ ഹാൻഡിലുകൾ പറയുന്നതു വിശ്വസിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നുമാണു സിപിഐക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊല്ലത്തെ ജില്ലാ സമ്മേളനം ആഞ്ഞടിച്ചത്.
രണ്ടാം എൽഡിഎഫ് സർക്കാർ പൂർണ പരാജയം, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സ് ജനങ്ങളെ മുഴുവൻ അകറ്റി, ഹെൽമറ്റ് ഒരു ആയുധമാണെന്നു തെളിയിക്കാൻ കഴിഞ്ഞതു മാത്രമാണ് അതുകൊണ്ടുണ്ടായ ഗുണം– പ്രതിനിധികൾ വിമർശിച്ചു. രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാൻ പാർട്ടി തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
മറുപടി പറയാൻ നിൽക്കാതെ ബിനോയ് വിശ്വം മടങ്ങുകയായിരുന്നു.പാർട്ടി മന്ത്രിമാർക്കു പുറമേ സിപിഎം കയ്യാളുന്ന ധനകാര്യം, ആരോഗ്യം, എൻസിപിയുടെ വനം വകുപ്പുകൾക്കെതിരെയും വിവിധ ജില്ലാ സമ്മേളനങ്ങളിൽ രൂക്ഷ വിമർശനമുണ്ടായി.
വി.വി രാഘവൻ, ഇ. ചന്ദ്രശേഖരൻ നായർ തുടങ്ങിയ മുൻകാല സിപിഐ മന്ത്രിമാരുടെ മികവുമായി താരതമ്യം ചെയ്തു പാർട്ടി മന്ത്രിമാരെ സമ്മേളനങ്ങളിൽ നിർത്തിപ്പൊരിച്ചു. കസ്റ്റഡി മർദന പരമ്പരകളെച്ചൊല്ലി മുഖ്യമന്ത്രി പിണറായിയും സിപിഐ സമ്മേളനത്തിൽ പ്രതിക്കൂട്ടിലായാൽ, നേതൃത്വം അതിനു നൽകുന്ന മറുപടിയിലും ആകാംക്ഷയുണ്ട്.
അജിത്കുമാറിനെതിരായ നടപടി സിപിഐ ഇടപെടൽ മൂലമെന്ന് പ്രവർത്തന റിപ്പോർട്ട്
ആലപ്പുഴ∙ തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പ്രതിക്കൂട്ടിലായ എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയതു പാർട്ടി ഇടപെട്ടതിനെ തുടർന്നാണെന്ന് ഇന്നു സിപിഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ട്.
റിപ്പോർട്ട് ചർച്ച ചെയ്ത് അംഗീകരിക്കാൻ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ, അജിത്കുമാറിന്റെ ഇടപെടലാണു പൂരം കലക്കലിനു പിന്നിലെന്നു ശക്തമായ വാദമുയർന്നിരുന്നു. പക്ഷേ, റിപ്പോർട്ട് അത്രയും കടുപ്പിക്കുന്നില്ലെന്നാണു വിവരം.
സർവകലാശാലകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിവാദങ്ങൾ കെട്ടടങ്ങാത്ത സാഹചര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നു റിപ്പോർട്ട് നിർദേശിക്കുന്നു.
സംസ്ഥാനത്തു വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ കഴിയുംവിധം ഭരണഘടനാ പദവിയെ ഗവർണർ ദുരുപയോഗം ചെയ്യുകയാണെന്നും റിപ്പോർട്ട് വിമർശിക്കുന്നു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, മാവേലിക്കരയിൽ തോറ്റെങ്കിലും പാർട്ടിക്കു മുന്നേറ്റമുണ്ടാക്കാനായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫിനൊപ്പം നിൽക്കുന്നതാണു പതിവ്.
എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറയ്ക്ക് ഇളക്കം തട്ടിയിട്ടില്ല– റിപ്പോർട്ട് ന്യായീകരിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]