ആലപ്പുഴ ∙ നാടകീയതകൾ നിറഞ്ഞതായിരുന്നു സിപിഐയുടെ കഴിഞ്ഞ തിരുവനന്തപുരം സംസ്ഥാന സമ്മേളനം. സെക്രട്ടറി സ്ഥാനത്തേക്കു മത്സരം നടക്കാനുള്ള സാധ്യത ആദ്യാവസാനം ഉണ്ടായി.
എന്നാൽ എതിർപക്ഷത്ത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന നീക്കങ്ങളിലൂടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അതു മറികടന്നു. എതിരില്ലാതെ സെക്രട്ടറി സ്ഥാനത്തേക്കു വീണ്ടും അദ്ദേഹത്തെ തിരഞ്ഞെടുത്തു.കാനത്തിന്റെ നിര്യാണത്തെ തുടർന്നാണു പാർട്ടിയെ നയിക്കാൻ ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്.
ആ തിരഞ്ഞെടുപ്പ് നടന്നതു സംസ്ഥാന കൗൺസിലിലാണ്.
സെക്രട്ടറി എന്ന നിലയിൽ ബിനോയ് പങ്കെടുക്കുന്ന ആദ്യ സംസ്ഥാന സമ്മേളനമാണ് ആലപ്പുഴയിലേത്. സമ്മേളനം സെക്രട്ടറിയായി ഒരു നേതാവിനെ തിരഞ്ഞെടുക്കുമ്പോഴാണ് അദ്ദേഹത്തിന് എല്ലാ വിധത്തിലുള്ള ആധികാരികതയും പാർട്ടിയിൽ ഉണ്ടാകുക.
അതിനായി ബിനോയ് വിശ്വം കാക്കുന്നു. അദ്ദേഹം ശുഭപ്രതീക്ഷയിലാണ്.
സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നു സമ്മേളനത്തിന് മുൻപ് തന്നെ അദ്ദേഹം ‘മലയാള മനോരമ’യോട് തുറന്നു പറഞ്ഞു. ആ ആത്മവിശ്വാസം ഫലപ്രാപ്തിയിലെത്തുമോ എന്ന് അറിയാൻ 12ന് സമ്മേളന സമാപനം വരെ ഇനി മൂന്നു ദിവസം മാത്രം.
75 ന്റെ ഉരുൾപൊട്ടൽ; നാടകീയമായി ഒത്തുതീർപ്പ്
കഴിഞ്ഞ സമ്മേളന കാലത്ത് സിപിഐയെ ഏറെ ഉദ്വേഗത്തിലാക്കിയത് 75 വയസ്സ് എന്ന പ്രായപരിധിയാണ്.
പ്രായപരിധി നിർദേശം ദേശീയ കൗൺസിലിന്റേതായിരുന്നു. അത് ഒരു മാർഗരേഖ മാത്രമാണെന്നും ഭരണഘടനാ ഭേദഗതിയിലൂടെ പ്രാബല്യത്തിൽ വന്നാലേ നടപ്പാക്കേണ്ടതുള്ളൂ എന്നുമായിരുന്നു സിപിഐയിലെ ഒരു വിഭാഗത്തിന്റെ വാദം.
മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മായിലും സി.ദിവാകരനും അതു തുറന്നടിച്ചു. ഇവർക്കൊപ്പം പ്രായപരിധി ബാധകമായ പന്ന്യൻ രവീന്ദ്രൻ സംയമനം പാലിച്ചു.പ്രായപരിധി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കരുതെന്ന ആവശ്യം ഇസ്മായിലും ദിവാകരനും സമ്മേളനത്തിനു മുൻപ് തന്നെ ഉയർത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്കു കാനം തയാറായില്ല.
പാർട്ടിയിൽ തന്റെ എതിർപക്ഷത്ത് നിൽക്കുന്ന ഈ ഉന്നതർക്കു സംഘടനാ സംവിധാനത്തിനു പുറത്തേക്കുള്ള വാതിൽ കാണിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം ഉറച്ചു നിന്നു.
ദേശീയ കൗൺസിലിന്റെ തീരുമാനം നടപ്പാക്കിയേ തീരൂവെന്നു ശഠിച്ചു. അതു സംസ്ഥാന സമ്മേളനത്തിന്റെ പൊതുവികാരമായി.
ഇസ്മായിലിന്റെ വൈകാരികമായ പ്രസംഗത്തിനും സമ്മേളനത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഇസ്മായിലും ദിവാകരനും പന്ന്യനും പാർട്ടിയുടെ സംസ്ഥാനത്തെ നേതൃസമിതികളിൽ നിന്നൊഴിവായി.
അപ്പോഴും സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സര സാധ്യത നിലനിന്നു. അസി.
സെക്രട്ടറിയായ കെ.പ്രകാശ് ബാബു കാനത്തിനെതിരെ മത്സരിച്ചേക്കുമെന്ന പ്രതീതിയുണ്ടായി.
പുറത്ത് നേതാക്കളെല്ലാം ആ സാധ്യത തള്ളിയപ്പോഴും അകത്ത് ഉദ്വേഗം നിലനിന്നു. ഒടുവിൽ കേന്ദ്ര നേതൃത്വം തന്നെ ഇടപെട്ടു.
മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ പന്ന്യൻ രവീന്ദ്രൻ കാനത്തോടും പ്രകാശ് ബാബുവിനോടും സംസാരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം സിപിഐയെ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്ന ഒരു വിഭാഗം നേതാക്കളുടെ വാദഗതിയും ചില ഒത്തുതീർപ്പ് നിർദേശങ്ങളും കണക്കിലെടുത്തു പ്രകാശ് ബാബു പിന്മാറി.
വിട്ടുവീഴ്ചകൾ; ഐക്യ ആഹ്വാനം
കഴിഞ്ഞ സമ്മേളന കാലത്തു കാനം പക്ഷവും കാനം വിരുദ്ധരും തമ്മിലുളള ഏറ്റുമുട്ടൽ എറണാകുളം, പാലക്കാട് ജില്ലകളിൽ എല്ലാ സീമകളും ലംഘിച്ചിരുന്നു.
ജില്ലാ സമ്മേളനത്തിലും മത്സരം നടന്നു. ഇത്തവണ ഒരു ജില്ലയിൽ പോലും മത്സരം ഉണ്ടായില്ല എന്നതു നേതൃത്വത്തിന് ആശ്വാസമാണ്. പാർട്ടിയിലെ ഇത്തരം പ്രതിസന്ധികൾ കാനം ഒരുപരിധി വരെ ആസ്വദിച്ചിരുന്നു.
എതിരാളികളെ മെരുക്കുന്നതിലും ഒതുക്കുന്നതിലും അദ്ദേഹം സാമർഥ്യം കാട്ടി.
‘പപ്പടം പോലെ പൊടിച്ചു കളയും’ എന്ന ആത്മവിശ്വാസം പലരോടും പറഞ്ഞു. ബിനോയ് അതേസമയം ഒത്തുതീർപ്പിന്റെ വക്താവാണ്.പാർട്ടിയിൽ ഐക്യമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
അതിനാൽ വിട്ടുവീഴ്ചകൾക്കും തയാറായി. താൻ മുന്നോട്ടു വയ്ക്കുന്ന ഐക്യസന്ദേശം ആലപ്പുഴ സമ്മേളനത്തിൽ ശാന്തത സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
പാർട്ടി അതിനൊപ്പം നിൽക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഈ ദിവസങ്ങൾ നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]