
ചാരുംമൂട്∙ കുട്ടിയെ മർദിച്ച വിവരം പുറത്തറിഞ്ഞതിനു പിന്നാലെ പൊലീസെത്തുമെന്ന കണക്കുകൂട്ടലിൽ നാടുവിട്ട പിതാവ് അൻസാറിനെ പൊലീസ് പിടിച്ചതു മലമുകളിൽ നിന്ന്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ പഴകുളം– കൂരമ്പാല റോഡിനു സമീപത്തെ കടമാങ്കുളം കുന്നിലാണ് അൻസാർ ഒളിച്ചിരുന്നത്. സംഭവത്തിൽ നൂറനാട് പൊലീസ് 6 നാണു കേസെടുക്കുന്നത്.
സംഭവം വാർത്തയായതോടെ കുട്ടിയുടെ പിതാവ് അൻസാറും രണ്ടാംഭാര്യ ഷെഫീനയും ഫോൺ ഓഫാക്കി ഒളിവിൽപോയി.
ഇരുവരുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇവർ ബന്ധപ്പെട്ട
എല്ലാവരെയും നേരിൽകണ്ടു ചോദ്യം ചെയ്തു. അൻസാറിന്റെ ഒരു സുഹൃത്തിൽ നിന്നാണ് പ്രതികൾ ഒരു വീട്ടിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്.
ഇവിടെയെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയാണെങ്കിലും അൻസാർ സ്ഥലത്ത് ഉണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. ഇതേസമയം ഷെഫീനയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അൻസാറിന്റെ സുഹൃത്തിനെ പിടികൂടിയതോടെ ഷെഫീനയെ ബന്ധുവീട്ടിലും അൻസാറിനെ കടമാങ്കുളത്തും എത്തിച്ചെന്നു വിവരം ലഭിച്ചു.
പൊലീസ് വൈകിട്ടു നാലോടെ കടമാങ്കുളത്ത് എത്തിയെങ്കിലും അൻസാർ കടന്നുകളയാനുള്ള സാധ്യത കണക്കിലെടുത്തു പിൻവാങ്ങി.
അഞ്ചരയോടെ കൊല്ലം ചക്കുവള്ളിയിലെ ബന്ധുവീട്ടിൽ നിന്നു ഷെഫീനയെ അറസ്റ്റ് ചെയ്തു. തുടർന്നു രാത്രി എട്ടരയോടെ കടമാങ്കുളം കുന്നിലേക്കു പൊലീസ് കയറി.
ഭക്ഷണവുമായി കൂട്ടുകാരെത്തുന്നതു കാത്തിരിക്കുകയായിരുന്നു അൻസാർ. പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ടു പിടിച്ചു.
കുന്നിനു മുകളിലെ പൊളിഞ്ഞ വീട് അൻസാർ ഉൾപ്പെടെയുള്ള ലഹരി സംഘങ്ങളുടെ താവളമാണ്. മൂന്നു ദിവസത്തോളം നീണ്ട
അന്വേഷണത്തിലാണു പ്രതികളെ പിടികൂടാനായത്.
അൻസാറിനെതിരെ മുൻപും കേസ്
2016ൽ കാർ യാത്രികരെ മർദിക്കുന്നതു തടയാനെത്തിയ പൊലീസുകാരെ ഉൾപ്പെടെ മർദിച്ചതിന് അൻസാർ ഉൾപ്പെട്ട സംഘത്തിനെതിരെ കേസുണ്ട്.
2018ൽ അടൂരിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി ഒരു ദിവസം മുഴുവൻ മർദിച്ചെന്നും അൻസാറിനെതിരെ കേസുണ്ട്. 2023ൽ ശുചിമുറി മാലിന്യം തള്ളിയതു ചോദ്യം ചെയ്തതിനു പഞ്ചായത്തംഗത്തെ വീട്ടിൽ കയറി ആക്രമിച്ചു. ഇതേവർഷം 2.75 കിലോഗ്രാം കഞ്ചാവുമായി അടൂരിൽ വച്ചു പൊലീസിന്റെ പിടിയിലുമായി. 2025 ജനുവരി 13ന് 6.5 കിലോഗ്രാം കഞ്ചാവുമായി ഏനാത്തു നിന്നും പിടിയിലായിരുന്നു.
ഈ കേസിൽ 3 മാസത്തോളം ജയിലിൽ കിടന്നു. പുറത്തിറങ്ങിയ ശേഷമാണു കുട്ടിക്കെതിരെ മർദനമുണ്ടായത്.
നൂറനാട് സിഐ എസ്.ശ്രീകുമാർ, വെൺമണി സിഐ എം.സി.അഭിലാഷ്, എഎസ്ഐ സിനു വർഗീസ്, എസ്സിപിഒമാരായ ജി.ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളുടെ ഒളിത്താവളം കണ്ടെത്തി പിടികൂടിയത്.
മുഖത്തടിച്ചത് കുട്ടിയുടെ പിതാവ്
ചാരുംമൂട്∙ നാലാം ക്ലാസുകാരിയുടെ കവിളിൽ അടിച്ചതു പിതാവ് അൻസാറാണെന്ന് ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ. പുതിയ വീട്ടിലേക്കു മാറിയതിനു ശേഷമുള്ള ചില നിയന്ത്രണങ്ങളാണു മർദനത്തിനു കാരണമായത്.
5നു രാത്രി 11.30നു ജനൽ വാതിൽ തുറന്നതിനുള്ള ദേഷ്യത്തിൽ കുട്ടിയുടെ ഇരുകവിളത്തും അടിക്കുകയായിരുന്നു. നോട്ടുബുക്കിലെ എഴുത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ബാലനീതി ആക്ട് പ്രകാരവും അടിച്ചതിനു വേറെയും കേസെടുത്തിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതടക്കം ഏഴ് കേസുകളിൽ അൻസാർ പ്രതിയാണ്.ഈ കേസിൽ വിചാരണ നേരിടുകയാണ്. ലഹരി ഉപയോഗിക്കുന്ന അൻസാർ മയക്കുമരുന്ന് കേസിലും പ്രതിയായി റിമാൻഡിലായിട്ടുണ്ടെന്നും മോഹനചന്ദ്രൻ പറഞ്ഞു.കുട്ടി സ്കൂളിൽ നിന്നെത്തിയാൽ കോളിങ് ബെൽ അടിക്കരുത്, ശുചിമുറിയിൽ കയറരുത്, വിളിച്ചാൽ ഉടൻ കേൾക്കണം തുടങ്ങി കുട്ടിയുടെ സ്വാതന്ത്ര്യം ഏറെക്കാലമായി നിയന്ത്രിച്ചിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടിയോട് അൻസാറിനും ഷെഫിനയ്ക്കും സ്നേഹമുണ്ടായിരുന്നില്ലെന്നാണ് ഇരുവരുടെയും സംസാരത്തിൽ നിന്നു മനസ്സിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബാലനീതി വകുപ്പ് പ്രകാരം കുട്ടിയെ ദേഹോപദ്രവം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 3 വർഷംവരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
സ്കൂളിലെ മിടുമിടുക്കിയെന്ന് അധ്യാപകർ
ചാരുംമൂട് ∙ സ്കൂളിലെ മിടുമിടുക്കിയാണ് അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരതയ്ക്ക് ഇരയായതെന്ന് അധ്യാപകർ.
പരീക്ഷകൾക്കു 100% മാർക്കു നേടിയിരുന്ന വിദ്യാർഥിയായിരുന്നെന്നു ക്ലാസ് ടീച്ചർ പി.അശ്വതി പറഞ്ഞു. ഒരാഴ്ച മുൻപു കാലിലെ പാട് കണ്ടു ചോദിച്ചപ്പോൾ രണ്ടാനമ്മ അടിച്ചതാണെന്നു കുട്ടി പറഞ്ഞിരുന്നു.
ഉടൻതന്നെ പ്രധാനാധ്യാപികയെ വിവരം അറിയിച്ചു. അവർ കുട്ടിയുടെ മാതാപിതാക്കൾ സ്കൂളിൽ എത്തണമെന്നു നിർദേശിച്ചെങ്കിലും ആരും വന്നില്ല.
അടികൊണ്ട പാടുമായി ക്ലാസിലെത്തിയ അന്നും ക്വിസ് മത്സരത്തിൽ മുന്നിൽ നിന്നത് ഈ കുട്ടിയാണ്.
ഉള്ളിൽ വിഷമം ഉണ്ടെങ്കിലും ആ വിഷമം പുറത്തു കാണിക്കാറില്ലായിരുന്നു.
6നു രാവിലെ ബസിൽ വന്നപ്പോൾ ആയയാണു കുട്ടിയുടെ മുഖം തടിച്ചു വിരൽപാടുകൾ പതിഞ്ഞതായി കണ്ടത്. ആയ ചോദിച്ചപ്പോൾ ബസിൽവച്ച് കരഞ്ഞുകൊണ്ട് കുട്ടി തനിക്കുണ്ടായ മർദനദുരിതം പറഞ്ഞു.
ഇവർ ക്ലാസ് ടീച്ചറോടും പ്രധാനാധ്യാപികയോടും വിവരം ധരിപ്പിച്ചെന്നും അശ്വതി പറഞ്ഞു. ഓടിയെത്തിയ പ്രധാനാധ്യാപിക കുട്ടിയുടെ മുഖം കണ്ടു കെട്ടിപ്പിടിച്ചു കരയുകയാണുണ്ടായത്. തുടർന്നു മാനേജ്മെന്റ്, പിടിഎ, ശിശുക്ഷേമ സമിതി എന്നിവിടങ്ങളിൽ വിവരം അറിയിക്കുകയായിരുന്നെന്നും അശ്വതി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]