
മാവേലിക്കര∙ ഗർഡർ കോൺക്രീറ്റിങ് പുരോഗമിക്കവേ കീച്ചേരിക്കടവ് പാലം തകർന്നുവീണു 2 തൊഴിലാളികൾ മരിച്ച സംഭവത്തിൽ 3 പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, കരാറുകാരനു വിലക്ക് ഏർപ്പെടുത്തി. പൊതുമരാമത്ത് പാലം വിഭാഗം ആലപ്പുഴ സബ് ഡിവിഷൻ അസി.
എക്സിക്യൂട്ടീവ് എൻജിനീയർ ടെസി തോമസ്, മാന്നാർ സെക്ഷൻ അസി. എൻജിനീയർ എസ്.ശ്രീജിത്, ഓവർസീയർ വൈ.യതിൻ കുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പാലം നിർമാണത്തിനു കരാർ എടുത്ത കൊല്ലം സ്വദേശി ഇബ്രാഹിംകുട്ടിയെയാണു വിലക്കിയത്.പൊതുമരാമത്ത് വിജിലൻസ് വിഭാഗം വകുപ്പ് മന്ത്രിക്കു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. അച്ചൻകോവിലാറിനു കുറുകെ ചെട്ടികുളങ്ങര–ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിച്ചു പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന കീച്ചേരിക്കടവ് പാലം കഴിഞ്ഞ 4ന് ഉച്ചയ്ക്ക് 1.15നാണു തകർന്നുവീണത്.ഗർഡർ കോൺക്രീറ്റിങ് നടക്കവേ തട്ടിന്റെ നട്ട് ഒടിഞ്ഞ് ഗർഡറും തട്ടും ഉൾപ്പെടെ ആറ്റിലേക്കു വീഴുകയായിരുന്നു.
നിർമാണത്തിൽ ഏർപ്പെട്ട
7 തൊഴിലാളികൾ ആറ്റിലേക്കു തെറിച്ചു വീണു. കല്ലുമല അക്ഷയ് ഭവനത്തിൽ രാഘവ് കാർത്തിക് (കിച്ചു-24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠൻ ചിറ ബിനു ഭവനം ജി.ബിനു (42) എന്നിവരാണു മരിച്ചത്.
5 പേർ നീന്തി രക്ഷപ്പെട്ടു. മന്ത്രി സജി ചെറിയാൻ ഇന്നലെ രാഘവ് കാർത്തിക്കിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
അപകടസമയത്ത് സൂപ്പർവൈസർ സ്ഥലത്തില്ലായിരുന്നു: റിപ്പോർട്ട്
കീച്ചേരിക്കടവ്∙ നിർമാണത്തിനിടെ കീച്ചേരിക്കടവ് പാലം തകർന്ന സംഭവത്തിൽ കരാർ ഏറ്റെടുത്ത കമ്പനിയുടെ സൈറ്റ് സൂപ്പർവൈസർ സംഭവം സമയം സ്ഥലത്ത് ഇല്ലായിരുന്നതായി റിപ്പോർട്ടിൽ പരാമർശം.
പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിലാണു നിർമാണ വേളയിൽ കരാറുകാരന്റെ പ്രതിനിധിയായി സൂപ്പർവൈസർ ഉണ്ടാകണമെന്ന ചട്ടം പാലിച്ചില്ലെന്ന പരാമർശം ഉള്ളത്.
12.78 കോടി രൂപയ്ക്കാണു പാലം നിർമാണത്തിനു 2021 നവംബർ 6നു കൊല്ലം സ്വദേശി ഇബ്രാഹിംകുട്ടിക്ക് (വല്യത്ത് ബിൽഡേഴ്സ്) കരാർ എടുത്തത്. ഒന്നര വർഷത്തേക്ക് ആയിരുന്നു കരാർ.
നിർമാണം പൂർത്തിയാകാത്തതിനാൽ കരാർ കാലാവധി ദീർഘിപ്പിച്ചു നൽകി. ഗർഡറിന്റെ കോൺക്രീറ്റിങ്ങിനു വിനീഷ് എന്ന ആളിനു ഉപകരാർ നൽകിയിരുന്നു.
ഉപകരാർ നൽകിയതു മരാമത്ത് വകുപ്പിന്റെ അനുമതിയോടെ അല്ലായിരുന്നു. ഉപകരാർ നൽകാൻ വ്യവസ്ഥയില്ല.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു നടപടി സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി സംശയിക്കണമെന്നും സ്ഥലം സന്ദർശിച്ച മരാമത്ത് വിഭാഗം വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ഹരീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രി മുഹമ്മദ് റിയാസിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഗർഡർ കോൺക്രീറ്റ് ചെയ്യുന്നതിനായി മാസങ്ങൾക്കു മുൻപ് സ്ഥാപിച്ച തട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച ഉണ്ടായി. തൊഴിലാളികൾക്ക് സുരക്ഷ ഉപകരണങ്ങൾ നൽകിയില്ല തുടങ്ങിയ വീഴ്ചകളും വിജിലൻസ് റിപ്പോർട്ടിൽ ഉള്ളതായാണു സൂചന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]