
ആലപ്പുഴ ∙ ദുരൂഹസാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിൽ സംശയനിഴലിലുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ (65) സ്വത്തുവിവരങ്ങളും ഭൂമി ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നു. ഇയാൾക്കു സ്വന്തം പേരിലും ബെനാമി പേരുകളിലും എവിടെയെല്ലാം സ്വത്തുക്കൾ ഉണ്ടെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യൻ കഴിഞ്ഞ 20 വർഷത്തിനിടെ നടത്തിയ ഭൂമി ഇടപാടുകളുടെ വിവരവും ശേഖരിക്കുന്നുണ്ട്.
കാണാതായ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടിരിക്കാം എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
മൃതദേഹങ്ങൾ ഇയാൾ എവിടെയാണു മറവു ചെയ്തിരിക്കുന്നത് എന്നു കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു സ്വത്തുവിവരങ്ങൾ ശേഖരിക്കുന്നത്. കോട്ടയം ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ സെബാസ്റ്റ്യന്റെ സഹോദരന്റെ ഭൂമിയിൽ പരിശോധന നടത്തിയിരുന്നു.
സമാനമായി സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ സ്ഥലങ്ങളിലും പരിശോധന നടത്തും.
ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മയെ (ജെയ്ൻ മാത്യു–54) കാണാതായ കേസിൽ പ്രതിയായ സെബാസ്റ്റ്യൻ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ(57) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടും സംശയനിഴലിലാണ്. ജെയ്നമ്മയുടെ തിരോധാനം അന്വേഷിക്കുന്ന കോട്ടയം ക്രൈം ബ്രാഞ്ച് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
ഡിഎൻഎ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും ഇതു ജയ്നമ്മയുടെ മൃതദേഹാവശിഷ്ടമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ബിന്ദു പത്മനാഭനെ 2006 മുതലും ഐഷയെ 2012 മുതലും കാണാനില്ലെങ്കിലും ഇവരുടെ മൃതദേഹം കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണസംഘം നേരിടുന്ന വെല്ലുവിളി.
ഇതു മറികടക്കാനാണ് സെബാസ്റ്റ്യൻ മൃതദേഹം മറവു ചെയ്യാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത്.
ജെയ്നമ്മയുടെ സ്വർണം പണയം വച്ച് റഫ്രിജറേറ്റർ വാങ്ങി
ചേർത്തല ∙ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മയെ (ജെയ്ൻ മാത്യു–54) കാണാതായ കേസിലെ പ്രതി സെബാസ്റ്റ്യൻ ജെയ്നമ്മയുടെ സ്വർണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു റഫ്രിജറേറ്റർ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ജെയ്നമ്മയെ കാണാതായ 2024 ഡിസംബർ 23നു രാത്രിയാണു ചേർത്തലയിലുള്ള കടയിൽ നിന്ന് റഫ്രിജറേറ്റർ വാങ്ങിയത്.
റഫ്രിജറേറ്റർ ഏറ്റുമാനൂരിലുള്ള സെബാസ്റ്റ്യന്റെ ഭാര്യവീട്ടിൽ നിന്നു കണ്ടെത്തി.
ജെയ്നമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈം ബ്രാഞ്ച് സംഘം സെബാസ്റ്റ്യനുമായി ഇന്നലെ ചേർത്തലയിലെ ഗൃഹോപകരണ വിൽപനകേന്ദ്രത്തിൽ തെളിവെടുപ്പ് നടത്തി.ഡിസംബർ 23നാണ് ജെയ്നമ്മയുടെ പൊട്ടിയ മാല സെബാസ്റ്റ്യൻ സഹായി മനോജിന്റെ പേരിൽ ചേർത്തലയിലെ സഹകരണ ബാങ്കിൽ പണയം വച്ചത്. ഇതിൽ നിന്നും കിട്ടിയ 1,25,000 രൂപയിൽ നിന്നു 17,500 രൂപ നൽകിയാണ് അന്നു രാത്രി 7.30ന് റഫ്രിജറേറ്റർ വാങ്ങിയത്.
ഏറ്റുമാനൂരിലെ വീട്ടിലേക്ക് ചേർത്തലയിൽ നിന്നു റഫ്രിജറേറ്റർ വാങ്ങിയത് എന്തിനാണെന്നും പരിശോധിക്കുന്നുണ്ട്.
സെബാസ്റ്റ്യന്റെ സഹായി മനോജിന്റെ ഓട്ടോറിക്ഷയിലാണു റഫ്രിജറേറ്റർ ഏറ്റുമാനൂരിലേക്കു കൊണ്ടുപോയത്.സെബാസ്റ്റ്യന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ചേർത്തല നഗരത്തിനു സമീപത്തുള്ള ഭൂമിയിലും സെബാസ്റ്റ്യനെ എത്തിച്ചു പരിശോധന നടത്തി.
സഹോദരൻ വിദേശത്തായതിനാൽ സ്ഥലത്തിന്റെ മേൽനോട്ടം സെബാസ്റ്റ്യനായിരുന്നു. ഇതു വിൽക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു.
ആൾത്താമസമില്ലാതെ വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന സ്ഥലം അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസവും ഇവിടെ പരിശോധന നടത്തിയിരുന്നു.
മൃതദേഹ ഭാഗങ്ങൾ ഇവിടെ മറവു ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഇവിടെയും കുഴിച്ചു പരിശോധിച്ചേക്കും. ജെയ്നമ്മ കൊല്ലപ്പെട്ടതായി ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഇതു എവിടെ വച്ചാണെന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്.കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാജൻ സേവ്യർ, ഇൻസ്പെക്ടർ സി.എസ്.
രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]