
ചാരുംമൂട്∙ കെ–പി റോഡിന്റെ വശങ്ങൾ കാട്ടുപന്നികളുടെ വാസസ്ഥലമായി മാറുന്നു. കായംകുളം – പുനലൂർ റോഡിന്റെ വശങ്ങളിലെ കൊടുംകാടുകളാണ് സാനറ്റോറിയം വളപ്പിലെത്തുന്ന കാട്ടുപന്നികളുടെ വാസസ്ഥലം.
കഴിഞ്ഞ ദിവസം രാത്രി റോഡരികിലെ കാടുകളിൽ നിന്ന് കാട്ടുപന്നികൾ നിരനിരയായി ഇറങ്ങി സാനറ്റോറിയം വളപ്പിൽ ചെന്നതായും കൃഷി നശിപ്പിച്ചതായും പറയുന്നു. മിക്ക ദിവസങ്ങളിലും രാത്രി 12 ന് ശേഷം റോഡിലൂടെ കാട്ടുപന്നികൾ വരിവരിയായി നടക്കുന്നത് യാത്രക്കാർ കാണാറുണ്ട്.
പറയംകുളം ജംക്ഷന് കിഴക്കുവശം മുതൽ ഐടിബിപി ജംക്ഷന് ഇപ്പുറം വരെയും പരസ്പരം കാണാൻ കഴിയാത്ത രീതിയിലുള്ള കൊടുംകാടുകളാണ്. രാത്രി കെ–പി റോഡിലൂടെ പോകുന്നവർക്ക് ഈ ഭാഗത്ത് എത്തുമ്പോൾ ഭയമാണ്.
പലപ്പോഴും കാട്ടുപന്നികൾ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും മുന്നിൽ ചാടിയിട്ടുണ്ട്. അന്യ സ്ഥലങ്ങളിൽ നിന്നും രാത്രി വാഹനത്തിൽ മാലിന്യങ്ങൾ ഈ കാട്ടിൽ കൊണ്ടുവന്ന് തള്ളാറുണ്ട്. കാട്ടുപന്നികൾക്ക് ആഹാരമായി ഇത് ലഭിക്കുന്നുണ്ട്. താമരക്കുളം പഞ്ചായത്ത് പരിധിയിലാണ് റോഡിന്റെ വശങ്ങളിൽ കാടുള്ളത്.
പൊതുമരാമത്ത് വകുപ്പും ഇത് ശ്രദ്ധിക്കാറില്ല.
എട്ട് വർഷം മുൻപ് സാനറ്റോറിയത്തിന്റെ മുൻവശം കെ–പി റോഡിന്റെ വശത്ത് ജനങ്ങൾക്ക് വിശ്രമിക്കാനായി പാർക്ക് നിർമിക്കാൻ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിരുന്നു. പാർക്ക് നിർമാണത്തിന് ആവശ്യമായ തുക എംഎൽഎ ഫണ്ടിൽ നിന്ന് നൽകാനായിരുന്നു തീരുമാനം.
റോഡിന്റെ വശങ്ങൾ അളന്ന് തിട്ടപ്പെടുത്തിയെങ്കിലും പാർക്ക് നിർമാണം നടന്നില്ല.മത്സ്യ വ്യാപാരത്തിന് ഉപയോഗിക്കുന്ന ഉപയോഗ ശൂന്യമായ പെട്ടികളും റോഡിന്റെ വശങ്ങളിൽ തള്ളിയിരിക്കുകയാണ്. സമീപ പ്രദേശം ഉൾപ്പെടെയുള്ളിടത്ത് എന്ത് മാലിന്യം ഉണ്ടെങ്കിലും ഏതുതരം മാലിന്യമായാലും എല്ലാം തള്ളുന്നത് കെ–പി റോഡിലെ ഈ കാടുകളിലും റോഡിന്റെ വശങ്ങളിലുമാണ്.
പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മുൻകൈയെടുത്ത് കാടുകൾ തെളിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
മാലിന്യം :കെ–പി റോഡിലെ ക്യാമറകൾ നോക്കുകുത്തികളായി
ചാരുംമൂട്∙ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച കെ–പി റോഡിലെ ക്യാമറകൾ നോക്കുകുത്തികളായി. അഞ്ച് വർഷം മുൻപ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കെ–പി റോഡിൽ സാനറ്റോറിയത്തിന്റെ റോഡ് വശങ്ങളിലും ചാരുംമൂടിന്റെ വിവിധ ഭാഗങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സിസിക്യാമറകളാണ് നോക്കുകുത്തികളായത്.
ഐടിബിപി ജംക്ഷൻ മുതൽ കെ–പി റോഡിൽ പാലൂത്തറ വരെയും കൊല്ലം–തേനി ദേശീയപാതയിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുതൽ ഫെഡറൽ ബാങ്കിന് സമീപം വരെയുമാണ് മാലിന്യം തള്ളുന്നത് കണ്ടെത്താൻ ക്യാമറാകൾ സ്ഥാപിച്ചത്. ഇതോടൊപ്പം തന്നെ ഇരു റോഡുകളിലും പ്ലാസ്റ്റിക് മാലിന്യക്കൂടകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ ഇത് കാണാത്ത രീതിയിലാണ് ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ചാക്കുകളിൽ കെട്ടി രാത്രി അതിനു വെളിയിൽ തള്ളിയത്. ഇത് നീക്കം ചെയ്യുന്നതിനായി പിന്നീട് പതിനായിരക്കണക്കിന് രൂപ ചെലവായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]