
ചമ്പക്കുളം∙ മഴ മാറി തെളിഞ്ഞുനിന്ന ആകാശത്തിനു കീഴെ വള്ളംകളിപ്രേമികളുടെ ആവേശം തിരതല്ലി. സംസ്ഥാനത്തെ വള്ളംകളി സീസണിനു തുടക്കമിടുന്ന ചമ്പക്കുളം മൂലം വള്ളംകളി പമ്പയാറിലെ ഉത്സവമായി മാറി.
ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്കും മത്സരിച്ച വള്ളങ്ങളുടെ എണ്ണവും വിഭാഗവും മുൻവർഷത്തെക്കാൾ കുറഞ്ഞതും കാണികളുടെ ആവേശം കുറച്ചില്ല. നെഹ്റു ട്രോഫിയിൽ മത്സരിക്കുന്ന പ്രധാന ക്ലബ്ബുകളെല്ലാം ചമ്പക്കുളത്തെത്തി.
ചുണ്ടനുകളുടെ ഒന്നാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ് (നടുഭാഗം ബോട്ട് ക്ലബ്) തുഴഞ്ഞ നടുഭാഗം ചുണ്ടനെ വള്ളപ്പാടിനു പിന്നിലാക്കിയാണു പിബിസിയുടെ ചെറുതന പുത്തൻ ചുണ്ടൻ ഫിനിഷ് ചെയ്തത്.
വെപ്പ് എ ഗ്രേഡിൽ നെഹ്റു ട്രോഫിയിൽ ചുണ്ടൻ വിഭാഗത്തിൽ മത്സരിക്കുന്ന മൂന്നു ക്ലബ്ബുകളാണു മത്സരിച്ചത് എന്നതു മത്സരവീര്യം കൂട്ടി.
മൂന്നു വള്ളങ്ങളും ഒന്നിച്ചു മുന്നേറിയ മത്സരത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ അമ്പലക്കടവൻ ജേതാക്കളായി. തൊട്ടുപിന്നാലെ നടുവിലേപ്പറമ്പിൽ കൾചറൽ ഡവലപ്മെന്റ് സെന്റർ ആൻഡ് സൊസൈറ്റി തുഴഞ്ഞ നവജ്യോതി രണ്ടാമതും കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് തുഴഞ്ഞ മണലി മൂന്നാമതുമെത്തി.വെപ്പ് ബി ഗ്രേഡിൽ കൊണ്ടാക്കൽ ബോട്ട് ക്ലബ് തുഴഞ്ഞ പി.ജി.
കരിപ്പുഴ രണ്ടു വള്ളപ്പാടോളം വ്യത്യാസത്തിലാണു ഫിനിഷ് ചെയ്തത്.
കൊടുപ്പുന്ന ബോട്ട് ക്ലബ് തുഴഞ്ഞ ചിറമേൽ തോട്ടുകടവൻ രണ്ടും വിബിസി വൈശ്യംഭാഗം തുഴഞ്ഞ പുന്നപ്ര പുരക്കൽ മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.ഇരുവള്ളങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയ ചുണ്ടൻ ലൂസേഴ്സ് ഫൈനലിൽ നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ അവസാന നിമിഷത്തിലെ കുതിപ്പിൽ പിന്നലാക്കി യുബിസി കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി ഒന്നാമതെത്തി.
വള്ളംകളി മുടക്കില്ല:കൊടിക്കുന്നിൽ
കുട്ടനാട്ടിൽ സാമ്പത്തിക പ്രതിസന്ധി കാരണം ഒരു വള്ളംകളിയും മുടങ്ങില്ലെന്നു കൊടിക്കുന്നിൽ സുരേഷ് എംപി. വള്ളംകളിക്ക് വേണ്ട
സ്പോൺസർഷിപ് ഉറപ്പാക്കുമെന്നും എംപി പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വികസനസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഫ്ലാഗ്ഓഫ് ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അമ്പലപ്പുഴ അസിസ്റ്റന്റ് കമ്മിഷണർ എസ്.വിമൽകുമാറും കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ.ഡോ. ജയിംസ് പാലയ്ക്കലും ചേർന്നു ഭദ്രദീപം പ്രകാശിപ്പിച്ചു.കലക്ടർ അലക്സ് വർഗീസ് പതാക ഉയർത്തി.
ജലോത്സവസമിതി ചെയർമാനായ സബ് കലക്ടർ സമീർ കിഷൻ, ജനറൽ കൺവീനർ കൂടിയായ ഷിബു സി.ജോബ്, കെ.കെ.ഷാജു, ആർ.കെ.കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി.ജലജകുമാരി, എം.സി.പ്രസാദ്, ആൻസി ബിജോയ്, ഗായത്രി ബി.നായർ, നീനു ജോസഫ്, ആർ.രാജുമോൻ, ടി.ടി.സത്യദാസ്, കെ.സുരമ്യ എന്നിവർ പ്രസംഗിച്ചു.
ചെറിയൊരു തർക്കവും
രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ആയാപറമ്പ് പാണ്ടി, ചമ്പക്കുളം ചുണ്ടനുകൾ മത്സരത്തിനിടെ ഒട്ടിച്ചേർന്നതും മത്സരം തടസ്സപ്പെട്ടതും സംബന്ധിച്ചു തർക്കമായി. ഇഞ്ചുകളുടെ വ്യത്യാസത്തിൽ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തിയെങ്കിലും ലീഡിങ് ക്യാപ്റ്റൻമാരുമായി വിവരം ആരാഞ്ഞ ശേഷം ചീഫ് അംപയർ തങ്കച്ചൻ പാട്ടത്തിൽ മത്സരം വീണ്ടും നടത്താൻ ആവശ്യപ്പെട്ടു.
വീണ്ടും തുഴയാൻ യുബിസി കൈനകരി വിസമ്മതിച്ചതിനാൽ ചമ്പക്കുളം ചുണ്ടനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]