നെഹ്റു ട്രോഫി: തീയതിമാറ്റം പരിഗണനയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 30ന് നടത്താൻ സംഘാടക സമിതിയായ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ധാരണ. ജില്ലയിലെ എംപിമാരെയും എംഎൽഎമാരെയും ടൂറിസം വകുപ്പിനെയും ഇക്കാര്യം അറിയിച്ച് അനുമതി വാങ്ങാൻ സൊസൈറ്റി ചെയർമാൻ കൂടിയായ കലക്ടർ അലക്സ് വർഗീസിനെ ചുമതലപ്പെടുത്തി. ഈ തീയതിയിൽ അസൗകര്യമുണ്ടെങ്കിൽ ഓഗസ്റ്റ് 23നു നടത്താനും ആലോചനയുണ്ട്. 1954 ൽ ആരംഭിച്ച കാലം മുതൽ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളിയാണു പുതിയ തീയതിയിലേക്ക് മാറ്റുന്നത്.പ്രളയം കാരണം 2018, 19 വർഷങ്ങളിലും കോവിഡ് കാരണം 2022ലും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച വള്ളംകളി നടന്നിരുന്നില്ല.
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ദുഃഖാചരണം മൂലമാണു കഴിഞ്ഞ വർഷം തീയതി മാറ്റിയത്. ഓഗസ്റ്റിൽ മഴയും പ്രകൃതിക്ഷോഭങ്ങളും പതിവാണെന്നും അതിനാൽ വള്ളംകളി തീയതി മാറ്റണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇതാണു പരിഗണിച്ചത്. അതേസമയം രാജ്യാന്തര ടൂറിസം കലണ്ടറിൽ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയിലെ നെഹ്റു ട്രോഫി വള്ളംകളി ഇടം പിടിച്ചതാണെന്നും മാറ്റരുതെന്നും വാദം ഉയർന്നു. പുതിയ തീയതി രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ ആസൂത്രണം ചെയ്താൽ മതിയെന്ന വാദവുമുണ്ടായി. ഓണത്തിനു മുൻപാണു വള്ളംകളിയെന്നതിനാൽ പരസ്യവരുമാനം കുറയില്ലെന്നും പരമാവധി പരസ്യം, ടിക്കറ്റ് വരുമാനം ഉറപ്പാക്കണമെന്നും നിർദേശമുയർന്നു.
തർക്കം ഒഴിവാക്കണം
പരാതികൾ ഒഴിവാക്കാൻ സ്റ്റിൽ സ്റ്റാർട്ട് സംവിധാനം മികച്ചതാക്കണം, വിജയികളെ പ്രഖ്യാപിക്കുന്നതിലും തർക്കങ്ങളിൽ തീർപ്പു കൽപിക്കുന്നതിലും നടപടി സംബന്ധിച്ചു ധാരണയുണ്ടാക്കണം എന്നീ നിർദേശം ഉയർന്നു. ബോണസ് വിതരണം വൈകരുത്. വള്ളംകളിക്കു മുൻപായി സർക്കാർ ഗ്രാന്റ് ലഭ്യമാക്കിയാൽ വള്ളംകളിയുടെ അന്നു തന്നെ ബോണസ് നൽകാനാകും. വള്ളംകളി സെപ്റ്റംബർ 27നാണെന്നു പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന നിർദേശവുമുണ്ടായി.