
ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലിമയുടെ ഭർത്താവും അറസ്റ്റിൽ; സുൽത്താൻ എക്സൈസ് പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതി തസ്ലിമ സുൽത്താനയുടെ (ക്രിസ്റ്റീന–43) ഭർത്താവും എക്സൈസ് പിടിയിൽ. ചെന്നൈ എന്നൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലിയാണ് (43) ഇന്നലെ അറസ്റ്റിലായത്. തസ്ലിമ സുൽത്താനയും സഹായി കെ. ഫിറോസും രണ്ടിന് ഓമനപ്പുഴയിലെ സ്വകര്യ റിസോർട്ടിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു സുൽത്താനും കേസിൽ പങ്കുണ്ടെന്നു കണ്ടെത്തിയത്.
മൊബൈൽ കടകളിലേക്ക് സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളും ഉപകരണങ്ങളും എത്തിക്കുന്നതിന്റെ മറവിലാണു സുൽത്താൻ ഹൈബ്രിഡ് കഞ്ചാവ് കടത്തിയിരുന്നത്. ഇതിനായി സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോകാറുണ്ടെന്നും എക്സൈസ് കണ്ടെത്തി. മലേഷ്യയിൽ മാത്രം 7 തവണയോളം പോയിട്ടുണ്ട്. ഉപകരണങ്ങളുടെ മറവിൽ വിമാനമാർഗം കുറിയറായാണു കഞ്ചാവ് കടത്തിയിരുന്നതെന്നാണു നിഗമനം. ഇത്തരത്തിൽ എത്തിക്കുന്ന കഞ്ചാവ് ഇടപാടുകാർക്ക് എത്തിച്ചു നൽകുകയാണു തസ്ലിമ ചെയ്തിരുന്നത്.
കൂടുതൽ അന്വേഷണത്തിനായി സുൽത്താന്റെ പാസ്പോർട്ട് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ ഹൈബ്രിഡ് കഞ്ചാവ് ആവശ്യമുണ്ടോ എന്നു ചോദിച്ചു പലർക്കും ഫോട്ടോ അയച്ചു നൽകിയതായി കണ്ടെത്തി. കേസിൽ പിടിയിലായവരുടെ മൊബൈൽ ഫോണിലെ സന്ദേശങ്ങളിലുള്ള സിനിമ നടൻമാരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തിയേക്കും. പ്രതിയെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം തിരുവട്ടിയൂർ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി ആലപ്പുഴയിലേക്കു പുറപ്പെട്ടു. ഇന്ന് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രതിയെ ഹാജരാക്കും.
സുൽത്താൻ എക്സൈസ് പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ
തസ്ലിമ എക്സൈസിന്റെ പിടിയിലായതോടെ തന്നിലേക്കും അന്വേഷണം എത്താനുള്ള സാധ്യത സുൽത്താൻ കണക്കുകൂട്ടി. തായ്ലൻഡിലേക്കു കടക്കാനുള്ള വീസ ശരിയാക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ എണ്ണൂരിലുള്ള വാടക വീട്ടിൽ വച്ച് എക്സൈസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.കൊച്ചിയിൽ നിന്ന് ഓമനപ്പുഴയിലേക്കു തസ്ലിമയ്ക്കൊപ്പം സുൽത്താനും മക്കളും കാറിൽ ഉണ്ടായിരുന്നെങ്കിലും ഇടപാട് സ്ഥലത്തേക്ക് എത്തിയിരുന്നില്ല. അതിനാൽ സുൽത്താനെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ തുടർന്നു നടത്തിയ അന്വേഷണത്തിൽ സുൽത്താൻ നേരത്തെ ഇടപാട് സ്ഥലത്ത് എത്തിയിരുന്നെന്നു കണ്ടെത്തി. തുടർന്നാണു സുൽത്താനിലേക്ക് അന്വേഷണം നീണ്ടത്.
ജനത്തിരക്കേറിയ സ്ഥലമായതും പകൽ സമയം മുറിയടച്ച് സുൽത്താൻ അകത്തിരുന്നതും അന്വേഷണ സംഘത്തെ ബുദ്ധിമുട്ടിച്ചു. അന്വേഷണ സംഘം മൂന്നു ദിവസമായി ചെന്നൈയിൽ തങ്ങി നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടാനായത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.അശോക്കുമാർ, സ്പെഷൽ സ്ക്വാഡ് സിഐ എം.മഹേഷ്, പ്രിവന്റീവ് ഓഫിസർമാരായ ഓംകാർനാഥ്, എം.റെനി, സിവിൽ എക്സൈസ് ഓഫിസർ ആർ.രവികുമാർ, ഡ്രൈവർ സജീവൻ എന്നിവരുൾപ്പെട്ട സംഘമാണു ചെന്നൈയിലെത്തി പ്രതിയെ പിടികൂടിയത്.