
കഞ്ഞിക്കുഴിയിൽ കണിവെള്ളരിയുടെ വിളവെടുപ്പിനു തുടക്കമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുഹമ്മ ∙ വിഷുവിനു ദിവസങ്ങൾ ബാക്കി നിൽക്കെ കഞ്ഞിക്കുഴിയിൽ കണിവെള്ളരിയുടെ വിളവെടുപ്പ് തുടങ്ങി. മൂന്നര ഏക്കർ കണിവെള്ളരി കൃഷി ചെയ്ത സുനിലിന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയനും കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ചേർന്ന് നിർവഹിച്ചു.
പതിനായിരം കിലോ കണിവെള്ളരിയാണ് സുനിൽ ഇത്തവണ കൃഷിയിറക്കിയത്. ഒരു ചുവട്ടിൽനിന്ന് 3 കിലോഗ്രാമോളം കണിവെള്ളരിയാണ് ലഭിച്ചത്. സ്വർണ നിറത്തിലുള്ള കണിവെള്ളരിക്ക് ആവശ്യക്കാർ ഏറെയാണെന്ന് സുനിൽ പറയുന്നു. വലുപ്പം കുറവും നുറമുള്ളതുമായ ഇനത്തിലുള്ള വെള്ളരിയാണ് സുനിൽ ഇത്തവണ കൃഷി ചെയ്തത്. ആദ്യ മൂവായിരം കിലോ വെള്ളരി ബെംഗളൂരു മലയാളികൾക്കായി കയറ്റി അയച്ചു.
വരുംദിവസങ്ങളിൽ മുൻകൂട്ടി ബുക്കു ചെയ്ത സംഘടനകൾക്കും സ്വാശ്രയ പ്രസ്ഥാനങ്ങൾക്കും കണിവെള്ളരി നൽകും. പ്രാദേശിക മാർക്കറ്റിലും നേരിട്ടും വെള്ളരി വിൽപന നടത്താനുള്ള തയാറെടുപ്പിലാണ് സുനിൽ. വൈസ് പ്രസിഡന്റ് എം.സന്തോഷ്കുമാർ, പഞ്ചായത്തംഗങ്ങളായ മിനി പവിത്രൻ, എസ്.ജോഷിമോൻ, കർമസേന കൺവീനർ ജി.ഉദയപ്പൻ, വി.കെ.പ്രസാദ്, മുരളീകൃഷ്ണൻ, കർഷകൻ സുനിൽ, റോഷ്നി സുനിൽ എന്നിവർ പ്രസംഗിച്ചു.
കഞ്ഞിക്കുഴി കർമസേന കൺവീനർ ജി.ഉദയപ്പൻ പൊന്നിട്ടുശേരി പാടശേഖരത്തിൽ നടത്തിയ ഒന്നര ഏക്കർ പാടശേഖരത്തിലെ കണിവെള്ളരിയും കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ വിളവെടുത്തു. കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്റർ തയാറാക്കുന്ന വിഷുക്കണി കിറ്റിനായാണു വെള്ളരി നൽകുന്നത്. 349 രൂപ നിരക്കിൽ മുൻകൂർ ബുക്കു ചെയ്തവർക്ക് വിഷരഹിത പച്ചക്കറികളുടെ വിഷുക്കണി കിറ്റും ഇത്തവണ കഞ്ഞിക്കുഴിയിൽ നിന്നു നൽകുന്നുണ്ട്.