ആലപ്പുഴ∙ ദേശീയപാതയ്ക്ക് വേണ്ടി അടക്കം ജലാശയങ്ങളിൽ ഡ്രജിങ് നടത്തുന്നതു കാർബൺ ഡയോക്സൈഡ് സൃഷ്ടിച്ചു പരിസ്ഥിതിക്കു വൻ നാശം വരുത്തുമെന്നു വിദഗ്ധർ. വേമ്പനാട് കായൽ ഉൾപ്പെടെ ഖനനം നടക്കുന്ന ജലാശയങ്ങളുടെ അടിത്തട്ടിൽ കാർബൺ കൂടുതലായി അടങ്ങിയ എക്കലാണുള്ളത്. ഡ്രജിങ് നടത്തുമ്പോൾ ഈ എക്കൽ വെള്ളവും വായുവുമായി കലരുകയും ഹരിതഗൃഹ വാതകമായ കാർബൺ ഡയോക്സൈഡ് രൂപപ്പെടുകയും ചെയ്യും.
ഇത് ആഗോള താപനത്തിന് ആക്കം കൂട്ടുമെന്നാണു ഗവേഷകർ പറയുന്നത്. വേമ്പനാട്ടു കായലിൽ നടത്തിയ പഠനപ്രകാരം ഒരു ഹെക്ടർ പ്രദേശത്ത് 86 ടൺ വരെ എക്കലുണ്ടെന്നു വ്യക്തമായെന്നു കുട്ടനാട് രാജ്യാന്തര കായൽക്കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.
കെ.ജി.പത്മകുമാർ പറഞ്ഞു. എക്കലിൽ 3% മുതൽ 10% വരെ കാർബൺ അടങ്ങിയിട്ടുണ്ട്.
ഡ്രജർ ഉപയോഗിക്കുമ്പോൾ ജലാശയങ്ങളുടെ അടിത്തട്ട് കലക്കിയാണു മണ്ണെടുക്കുന്നത്. കലങ്ങി പുറത്തേക്കു വരുന്ന കാർബൺ അന്തരീക്ഷ വായുവുമായി കലരുന്നതോടെ കാർബൺ ഡയോക്സൈഡ് രൂപപ്പെടുകയാണു ചെയ്യുന്നത്.
സ്വാഭാവിക രീതിയിൽ ഈ കാർബൺ പുറത്തേക്കു വരാതെയും വാതകങ്ങളായി മാറാതെയും സംരക്ഷിക്കുന്നവയാണു ജലാശയങ്ങളും തണ്ണീർത്തടങ്ങളും. കായലിൽ ആഴവും ശേഷിയും കൂട്ടുമെന്നു പറഞ്ഞെങ്കിലും അതു കായലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണു ഡ്രജിങ് സൃഷ്ടിക്കുന്നത്. കായലിന്റെ അടിത്തട്ട് കലക്കി മണ്ണ് എടുക്കുന്നതിനു പകരം എക്കലും മണ്ണും ചേർന്നു കട്ട
കുത്തിയെടുക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2033 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വേമ്പനാട്ടുകായലിലെ കാർബൺ ശേഖരത്തിന്റെ മൂല്യം (ബ്ലൂ കാർബൺ ഇക്കോണമി) 300 കോടി രൂപയ്ക്കു മുകളിലാണെന്നാണു കണക്കാക്കിയിട്ടുള്ളത്.
ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് ഒഴിവാക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന ക്യോട്ടോ ഉടമ്പടി എന്നറിയപ്പെടുന്ന രാജ്യാന്തര കാലാവസ്ഥാ ഉടമ്പടിയുടെ ഭാഗമായാണു കാർബൺ ശേഖരിക്കുന്നതിനു മൂല്യം ഏർപ്പെടുത്തി തുടങ്ങിയത്.
മണ്ണ് എടുക്കുന്നത് മത്സ്യസമ്പത്തിനെയും ബാധിക്കുന്നു
ആലപ്പുഴ∙ ദേശീയപാതയ്ക്കായി കായലുകളിൽ നിന്നു മണ്ണ് എടുക്കുന്നതു മത്സ്യസമ്പത്തിനെയും സാരമായി ബാധിക്കുന്നു. വേമ്പനാട്ടു കായലിൽ പുന്നമട ഭാഗത്തു മണ്ണെടുക്കൽ ആരംഭിച്ച ശേഷം പ്രദേശത്തു കരിമീൻ ഉൾപ്പെടെയുള്ള മീനുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.
ജില്ലയിൽ വേമ്പനാട്ടു കായലിൽ പുന്നമടയിലും കായംകുളം കനാലിലുമാണു ഡ്രജിങ് നടക്കുന്നത്. കായൽ വെള്ളത്തിലെ മലിനീകരണത്തിനൊപ്പം ഡ്രജിങ് കാരണം എക്കലും ചെളിയും കൂടി കലങ്ങിയതോടെ മീനുകൾക്കു ജീവിക്കാനാകാത്ത സ്ഥിതിയായെന്നു കുട്ടനാട് രാജ്യാന്തര കായൽക്കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.
കെ.ജി.പത്മകുമാർ പറഞ്ഞു. കായലിന്റെ അടിത്തട്ടിൽ ജീവിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്ന കരിമീൻ, കൊഞ്ച്, കക്ക തുടങ്ങിയവയുടെ നിലനിൽപിനെ ഖനനം സാരമായി ബാധിക്കും.
ഖനനത്തിൽ അടിത്തട്ട് ഇളകുന്നതോടെ മീൻ കുഞ്ഞുങ്ങൾ ചാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കായലിലെ മത്സ്യസമ്പത്തു കൂട്ടാനായി മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ഉൾപ്പെടെ നടത്തുമ്പോഴാണു ഖനനം മീനുകളെ കൊല്ലുന്നത്. കായലിൽ ആഴവും ശേഷിയും കൂട്ടുമെന്നു പറഞ്ഞെങ്കിലും കായലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണു ഡ്രജിങ് സൃഷ്ടിക്കുന്നത്.
ആഴം കൂട്ടാനായി കായലിന്റെ അടിത്തട്ട് കലക്കി മണ്ണ് എടുക്കുന്നതിനു പകരം എക്കലും മണ്ണും ചേർന്നു കട്ട കുത്തിയെടുക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മീൻ ലഭ്യത കുറയുന്നത് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും തിരിച്ചടിയായി.
മീൻകുഞ്ഞുങ്ങൾ ഇല്ലാതാകുന്നത് അടുത്ത വർഷങ്ങളിലും മീൻ ലഭ്യത കുറയാൻ ഇടയാക്കും. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും ബാധിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

