മാവേലിക്കര ∙ നഗരസഭ മുൻ കൗൺസിലറായ കല്ലുമല ഇട്ടിയപ്പൻവിള മുറിമലകിഴക്കതിൽ (വൃന്ദാവൻ) കനകമ്മ സോമരാജൻ (68) മർദനമേറ്റു മരിച്ചു. സംഭവത്തിൽ ഏകമകൻ കൃഷ്ണദാസിനെ (ഉണ്ണി-38) പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയും മകനും തമ്മിലുള്ള സ്വത്തു തർക്കത്തെ തുടർന്നു മകന്റെ മർദനമേറ്റാണ് കനകമ്മ കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. നഗരസഭ 12-ാം വാർഡിലെ മുൻ കൗൺസിലറായ കനകമ്മയെ ഇന്നലെ രാവിലെയാണു കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടത്. കനകമ്മയുടെ പേരിൽ മാവേലിക്കര കൊറ്റാർകാവിലുള്ള സ്ഥലം വിൽക്കുന്നതു സംബന്ധിച്ചു അമ്മയും മകനും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കനകമ്മയുടെ വാരിയെല്ലിനും കഴുത്തിലെ അസ്ഥിക്കും ഉണ്ടായ പൊട്ടലും തലയ്ക്കുള്ളിലെ രക്തസ്രാവവും മരണത്തിനിടയാക്കി എന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 1987–95ൽ മാവേലിക്കര നഗരസഭയിലെ സിപിഐ അംഗമായിരുന്നു കനകമ്മ.
ഇന്നലെ രാവിലെ എട്ടരയോടെ സിപിഐ പ്രാദേശിക നേതാവ് ശ്യാംകുമാറിനെ ഫോണിൽ വിളിച്ച കൃഷ്ണദാസ് അമ്മയെ കൊലപ്പെടുത്തിയതായി പറഞ്ഞു.
ശ്യാംകുമാർ പൊലീസിൽ വിവരം അറിയിച്ചു. കനകമ്മയുടെ ഫോൺ നമ്പറിൽ പൊലീസ് വിളിച്ചപ്പോൾ കൃഷ്ണദാസാണ് എടുത്തത്.
അമ്മയെ കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ എത്തുകയാണെന്നും പൊലീസിനോടു പറഞ്ഞു. സംഭവ സ്ഥലത്തേക്കു പൊലീസ് എത്തുമ്പോൾ റെയിൽവേ സ്റ്റേഷനു സമീപത്തെ ചായക്കടയിലായിരുന്ന കൃഷ്ണദാസിനെ അവിടെനിന്നു കസ്റ്റഡിയിലെടുത്തു.
ബിഎസ്സി നഴ്സിങ് പൂർത്തിയാക്കിയ കൃഷ്ണദാസിന്റേത് പ്രണയ വിവാഹമായിരുന്നു. എന്നാൽ 8 വർഷത്തിനു മുൻപു വിവാഹമോചനം നേടി.
അമ്മയുടെ പിടിവാശിയും വഴക്കും മൂലമാണു ഭാര്യ വിവാഹമോചനം നടത്തിയെന്ന് ആരോപിച്ചു വീട്ടിൽ പലപ്പോഴും വഴക്ക് ഉണ്ടാക്കുമായിരുന്നു. മുൻ ഭാര്യയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ അമ്മ എതിരുനിന്നതും വസ്തു വിറ്റു പണം നൽകാത്തതും കൊലപാതകത്തിനു കാരണമായതായി പൊലീസ് സംശയിക്കുന്നു. ഇലക്ട്രിഷ്യനായി ജോലി ചെയ്തിരുന്ന കൃഷ്ണദാസ് സ്ഥിരമായി മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാർ, മാവേലിക്കര എസ്എച്ച്ഒ സി.ശ്രീജിത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തു പരിശോധന നടത്തി.
കൊല്ലപ്പെട്ടത് ഞായർ വൈകിട്ട്; നടത്തിയത് അതിക്രൂര മർദനം
മാവേലിക്കര ∙ ഞായർ വൈകിട്ടു 4നും രാത്രി 8നും മധ്യേ കനകമ്മ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
ചവിട്ടിയും കഴുത്തും ഞെരിച്ചും കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായി എസ്എച്ച്ഒ സി.ശ്രീജിത്ത് പറഞ്ഞു. വാരിയെല്ലുകൾ ഒടിഞ്ഞു കരൾ, ശ്വാസകോശം എന്നിവയിൽ തുളച്ചു കയറി.
കഴുത്തിലെ അസ്ഥികളും പൊട്ടിയിട്ടുണ്ട്. തലയ്ക്കേറ്റ ഇടി മൂലം ആന്തരിക രക്തസ്രാവം സംഭവിച്ചു.
കിടപ്പുമുറിയിലെ കട്ടിലിൽ മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മുറിയിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ കാണപ്പെട്ടു.
പ്രതി കൃഷ്ണദാസിനെ പിടികൂടിയ പൊലീസ് ഓട്ടോറിക്ഷയിൽ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയപ്പോൾ ‘ഞാൻ ഒന്നും ചെയ്തില്ല’ എന്നാണ് അയാൾ ആദ്യം പറഞ്ഞത്. പൊലീസ് വീണ്ടും ചോദിച്ചപ്പോൾ ‘2 അടി മാത്രമേ കൊടുത്തുള്ളൂ, കൊന്നിട്ടില്ല’ എന്നാണു മൊഴി നൽകിയത്.
പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതി കുറ്റം സമ്മതിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി സാമൂഹിക മാധ്യമങ്ങളിലെ വിവിധ പോസ്റ്റുകൾ ഷെയർ ചെയ്തതായും പൊലീസ് കണ്ടെത്തി.
പഠിക്കാൻ കോയമ്പത്തൂരിലെത്തി, ലഹരിയുമായി കൂട്ടായി
ബിഎസ്സി നഴ്സിങ് കോഴ്സിനു കോയമ്പത്തൂരിൽ പഠിക്കാനായി ചെന്ന കൃഷ്ണദാസിനെ അവിടെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തി ഭീഷണിപ്പെടുത്തി.
തുടർന്നു നാട്ടിൽ തിരിച്ചെത്തിയ കൃഷ്ണദാസ് മടങ്ങി പോകുന്നില്ലെന്നു വാശി പിടിച്ചു. കൗൺസലിങ് നൽകി മടക്കി അയച്ച കൃഷ്ണദാസ് പിന്നീട് ലഹരി ഉപയോഗം തുടങ്ങി.
അവസാനവർഷ പരീക്ഷ എഴുതിയില്ല. നാട്ടിൽ വന്ന കൃഷ്ണദാസിനു ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ നൽകി. ഇതിനു ശേഷം വിദേശത്തു പോയി.
വീണ്ടും നാട്ടിൽ മടങ്ങിയെത്തി ബന്ധുവിന്റെ ബേക്കറിയിൽ ജോലി ചെയ്തു. ബേക്കറിയിൽ ജോലി ചെയ്യുമ്പോൾ ലഹരി ഉപയോഗം ഉപേക്ഷിച്ചിരുന്നെന്നു ബന്ധുക്കൾ പറയുന്നു.
വിവാഹം കഴിഞ്ഞു ഏതാനും വർഷത്തിനുള്ളിൽ കനകമ്മയും മരുമകളും തമ്മിൽ പ്രശ്നങ്ങളായി. ഇതേത്തുടർന്നുണ്ടായ വഴക്കുകൾ വിവാഹമോചനത്തിലെത്തി.
വിവാഹബന്ധം തകർന്നതോടെ കൃഷ്ണദാസ് വീണ്ടും ലഹരി ഉപയോഗം തുടങ്ങി.
അയൽവാസികൾ അറിയുന്നത് പൊലീസ് എത്തിയപ്പോൾ
മാവേലിക്കര ∙ കനകമ്മ കൊല്ലപ്പെട്ട വിവരം അയൽവാസികൾ അറിഞ്ഞത് പൊലീസ് വീട് അന്വേഷിച്ചെത്തിയപ്പോൾ.
അയൽവാസികളുമായി കനകമ്മയ്ക്ക് വലിയ സഹകരണമില്ലായിരുന്നു. കൃഷ്ണദാസിനും പ്രദേശത്ത് ആരുമായും ബന്ധമുണ്ടായിരുന്നില്ല.
വീടും പരിസരവും മാത്രമായി കഴിഞ്ഞിരുന്ന കനകമ്മ അത്യാവശ്യകാര്യങ്ങൾക്കു മാത്രമാണു പുറത്തേക്കു പോയിരുന്നത്. പൊലീസെത്തി വീട് അന്വേഷിച്ചപ്പോഴാണ് അയൽവാസികളും വിവരമറിഞ്ഞത്.
സിപിഐ നേതാവായിരുന്ന ഭർത്താവ് സോമരാജന്റെ മരണശേഷമാണു കനകമ്മയും മകനും പുതിയകാവ് മഞ്ഞാടിയിൽ നിന്നു ഉമ്പർനാട് ഇട്ടിയപ്പൻവിള ഭാഗത്തു വീടും സ്ഥലവും വാങ്ങി താമസം തുടങ്ങിയത്.
അമ്മയും മകനും മാത്രമായിരുന്നു ഇവിടെ താമസം. വീട്ടിൽ വഴക്ക് സ്ഥിരമായിരുന്നെന്നാണ് വിവരം.
മകനോടു പിണങ്ങി കനകമ്മ ഇടയ്ക്കിടെ ഓലകെട്ടിയമ്പലത്തിലുള്ള സഹോദരൻ ശശിധരന്റെ വീട്ടിൽപോയി നിൽക്കുമായിരുന്നു.
കുറച്ചു ദിവസത്തിനു ശേഷം മകൻ വിളിക്കുമ്പോൾ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തും. 2 ആഴ്ച മുൻപും സമാനമായി മകനോടു പിണങ്ങി സഹോദരന്റെ വീട്ടിൽ പോയിരുന്നു.
കരാർ എഴുതാനിരിക്കെയാണു കൊലപാതകം
മാവേലിക്കര ∙ കൊറ്റാർകാവിലെ വസ്തു വിൽക്കാൻ ഇന്നലെ കരാർ എഴുതാനിരിക്കെയാണു കൊലപാതകം.
കനകമ്മയുടെ പേരിലുള്ള കൊറ്റാർകാവിലെ വസ്തു വിൽക്കുന്നതിനു കൃഷ്ണദാസ് സമ്മർദം ചെലുത്തിയിരുന്നു. വസ്തു വിൽക്കാൻ കരാർ എഴുതാൻ തീരുമാനിച്ചതായി 3 ദിവസം മുൻപു കനകമ്മ സഹോദരൻ ശശിധരനെ വിളിച്ചറിയിച്ചിരുന്നു.
അതേദിവസം രാത്രി ‘വസ്തു വിൽക്കാൻ പോകുന്നു, ആരും അതിനു തടസ്സം നിൽക്കരുത്’ എന്നു കൃഷ്ണദാസും വിളിച്ചു പറഞ്ഞിരുന്നു. കുറഞ്ഞ വിലയ്ക്ക് വസ്തുവിൽക്കേണ്ടി വരുന്നതു സംബന്ധിച്ചു കനകമ്മയ്ക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു, കഴിഞ്ഞദിവസം രാത്രി ഇതു സംബന്ധിച്ച് അമ്മയും മകനും തമ്മിൽ തർക്കമുണ്ടായിക്കാണുമെന്നു സംശയിക്കുന്നതായി കനകമ്മയുടെ സഹോദരന്റെ ഭാര്യ രമ പറഞ്ഞു.
മകനെ ഭയന്നു വസ്തുവിന്റെ രേഖകൾ കനകമ്മ വീട്ടിൽ നിന്നു മാറ്റി സൂക്ഷിച്ചിരുന്നതായും പറഞ്ഞു.
അതേസമയം മുൻ ഭാര്യയുടെ പുതിയ മൊബൈൽ നമ്പർ ലഭിച്ച കൃഷ്ണദാസ് വീണ്ടും അവരുമായി സൗഹൃദത്തിലായി. ഇവരെ വീണ്ടും വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ കൃഷ്ണദാസ് ആഗ്രഹിച്ചു.
കനകമ്മ ഇതിനെ എതിർത്തതു വിരോധത്തിന് ഇടയാക്കി. കൊറ്റാർകാവിലെ വസ്തു വിറ്റു ലഭിക്കുന്ന തുകയിൽ 8 ലക്ഷം രൂപ മുൻ ഭാര്യയുടെ ചികിത്സയ്ക്കായി നൽകണമെന്നു കൃഷ്ണദാസ് ആവശ്യപ്പെട്ടതായി കനകമ്മ ബന്ധുക്കളോടു പറഞ്ഞിരുന്നു.
വസ്തു വിറ്റു തുക നൽകിയ ശേഷം ഏതെങ്കിലും ആശ്രമത്തിൽ പോയി താമസിക്കുമെന്നും കനകമ്മ തീരുമാനിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

