ആലപ്പുഴ∙ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായ സബ്ജൂനിയർ ഫുട്ബോൾ മത്സരത്തിനു ജില്ലയിൽ നിന്നുള്ള ടീം എത്തുന്നത് ഓടിക്കിതച്ച്. നാലു ദിവസത്തിനിടെ പത്തോളം മത്സരങ്ങളാണു ജില്ലയ്ക്കു വേണ്ടി മത്സരിക്കാനിറങ്ങുന്ന കുട്ടികൾ കളിക്കേണ്ടി വരുന്നത്.
നാളെ മുതൽ 12 വരെ പാലക്കാട് വച്ചാണു സംസ്ഥാനതല ഫുട്ബോൾ മത്സരം. കായികാധ്യാപകർ സംഘാടനത്തിനു സഹകരിക്കാത്തതിനാൽ ഇന്നലെ വണ്ടാനത്തു ഗവ.
മെഡിക്കൽ കോളജ് ഗ്രൗണ്ടിലാണു സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെയാണു ജില്ലാതല മത്സരം നടന്നത്.
വൈകിട്ടു 3നു ഗ്രൗണ്ട് മറ്റൊരു ടീമിനു പരിശീലനത്തിനു വിട്ടു നൽകേണ്ടി വന്നതോടെ മത്സരം പൂർത്തിയാക്കാനുമായില്ല. ആദ്യ റൗണ്ട് മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു ജില്ലാ ടീമംഗങ്ങളെ തിരഞ്ഞെടുത്തത്.ആൺകുട്ടികളുടെ ആദ്യ റൗണ്ട് മത്സരങ്ങളും ഏതാനും ക്വാർട്ടർ ഫൈനൽ മത്സരങ്ങളുമാണു നടന്നത്.
പെൺകുട്ടികളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ മാത്രമേ നടന്നുള്ളൂ. ആലപ്പുഴ ഉപജില്ലയിൽ 7നാണു സബ് ജൂനിയർ ഫുട്ബോൾ മത്സരം നടന്നത്.
വൈകിട്ട് അഞ്ചോടെയാണു ജില്ലാതലത്തിൽ മത്സരിക്കാനുള്ള ടീം രൂപീകരിച്ചത്. ഇവർ ഇന്നലെ ജില്ലാതല മത്സരത്തിനെത്തി.
മറ്റ് ഉപജില്ലകളിലും സമാന സ്ഥിതിയായിരുന്നു.തുടർച്ചയായ മത്സരങ്ങൾ കുട്ടികളുടെ ശാരീരിക ക്ഷമതയെ ദോഷകരമായി ബാധിക്കുമെന്നു കായികാധ്യാപകർ പറയുന്നു. മുൻപ് ഒരുമിച്ചു കളിച്ചിട്ടില്ലാത്ത ഒരുകൂട്ടം വിദ്യാർഥികൾ സംസ്ഥാനതല മത്സരത്തിൽ ആദ്യമായി ഒന്നിച്ചു കളിക്കുന്നത് ആശാവഹമല്ലെന്നും അധ്യാപകർ പറഞ്ഞു.
കാറ്റു പോയ പന്ത്, വലയില്ലാത്ത ഗോൾ പോസ്റ്റ്
സ്കൂൾ കായികമേളയുടെ ഭാഗമായ ജില്ലാതല സബ് ജൂനിയർ ഫുട്ബോൾ മത്സരം നടത്തിയതു മത്സരാർഥികൾ കൊണ്ടുവന്ന പന്ത് ഉപയോഗിച്ച്.
വണ്ടാനത്തു ഗവ. മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോൾ പോസ്റ്റുകൾക്കു വലയില്ലായിരുന്നു.
നട്ടുച്ചയ്ക്ക് ഉൾപ്പെടെ മത്സരം നടത്തിയപ്പോൾ ശുദ്ധജലം കരുതി, എന്നാൽ ആംബുലൻസോ ആരോഗ്യ പ്രവർത്തകരോ ഉണ്ടായിരുന്നില്ല.ആലപ്പുഴ ഉപജില്ലയിൽ സബ് ജൂനിയർ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തെങ്കിലും ഒരു സ്കൂളിൽ നിന്നുള്ള ടീം എത്തിയില്ല. സ്കൂളിൽ കായികാധ്യാപകൻ ഇല്ലാത്തതിനാൽ മത്സര വിവരം കുട്ടികൾ അറിഞ്ഞിരുന്നില്ല.
തുടർന്ന് എഇഒ സ്കൂളിലെത്തിയാണു വിദ്യാർഥികളെ മത്സരത്തിനെത്തിച്ചത്.
കുട്ടികൾക്ക് അവസരനഷ്ടവും
സംസ്ഥാനതല സബ് ജൂനിയർ ഫുട്ബോൾ മത്സരം നടക്കുന്ന അതേ ദിവസം ആലപ്പുഴ ഉപജില്ലയുടെ കായികമേള സംഘടിപ്പിക്കുന്നതു കാരണം കുട്ടികളുടെ അവസരം നഷ്ടമാകുമെന്ന് ആശങ്ക. ആലപ്പുഴ ഉപജില്ലയിൽ നിന്നു ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിൽ ഇടംനേടിയവർക്കാണ് അവസരം നഷ്ടമാകുന്നത്.
ഇന്നു മുതൽ 14 വരെയാണ് ഉപജില്ലാ കായികമേള നടക്കുന്നത്.
മത്സരം മാറ്റിവച്ചത് അറിയിക്കാൻ വൈകി
കഴിഞ്ഞ ദിവസം ജൂനിയർ കുട്ടികളുടെ ഫുട്ബോൾ മത്സരം നടത്തുമെന്ന് അറിയിച്ചതു പ്രകാരം കുട്ടികൾ ഗ്രൗണ്ടിലെത്തി. അപ്പോഴാണു മത്സരം മാറ്റിവച്ചെന്ന് അറിയുന്നത്.
ഇത്തരത്തിൽ പല മത്സരങ്ങളുടെയും തീയതി തീരുമാനിക്കുന്നതും മാറ്റിവയ്ക്കുന്നതും വൈകിയാണു സ്കൂളുകളെ അറിയിക്കുന്നത്.സ്കൂൾ കായികമേളയുടെ ഭാഗമായ ജില്ലാതല കരാട്ടെ മത്സരം മാറ്റി വച്ചതായി അറിയിപ്പെത്തിയതു മത്സരത്തിന്റെ തലേദിവസം രാത്രി 10.50ന്. കായികാധ്യാപകരുടെ വാട്സാപ് ഗ്രൂപ്പിൽ വന്ന സന്ദേശം പലരും രാവിലെയാണു കണ്ടത്.
മത്സരം ഇന്നലെയാണു നടത്താൻ തീരുമാനിച്ചിരുന്നത്. പുതിയ തീയതി അറിയിച്ചിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]