ആലപ്പുഴ∙ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം വിലയിരുത്താനും തീരദേശപാതയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇന്നും നാളെയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ജില്ല സന്ദർശിക്കും. ഇന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തീരദേശപാതയിലെ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കും. പിഎം ഗതിശക്തി, അമൃത് ഭാരത് പദ്ധതി ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന നിർമാണങ്ങൾ വിലയിരുത്തും.
റെയിൽവേ ജീവനക്കാരിൽ നിന്നു വിവരം തേടും. തീരദേശ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള നടപടികളും പുരോഗതിയും വിലയിരുത്തും.
നിലവിലെ പ്രശ്നങ്ങൾക്കു സന്ദർശനത്തിൽ പരിഹാരം കാണുമെന്നാണു യാത്രക്കാരുടെ പ്രതീക്ഷ.
നാളെ കെ.സി.വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ നടത്തുന്ന പരിശോധനയിൽ തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. സംഘം തീരദേശപാതയിലെ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കും. പിഎം ഗതിശക്തിയുടെ കീഴിൽ നിർമാണം നടക്കുന്ന ആലപ്പുഴ, കായംകുളം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ആരംഭിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും പകുതിയിൽ താഴെ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ.
ആലപ്പുഴയിൽ രണ്ട് പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കുക, പിറ്റ്ലൈനിന്റെ ശേഷി 22 കോച്ച് ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ആലപ്പുഴ വഴി സർവീസ് നടത്തുന്ന മെമു ട്രെയിനുകളിൽ എല്ലാ ദിവസവും 16 കോച്ച് ലഭ്യമാക്കണമെന്നു യാത്രക്കാർ സ്ഥിരമായി ആവശ്യപ്പെടുന്നുണ്ട്.
ഇവ സംബന്ധിച്ചും ചർച്ച നടക്കും.
തീരദേശപാത ഇരട്ടിപ്പിക്കലിൽ എറണാകുളം മുതൽ തുറവൂർ വരെയുള്ള ഭാഗത്തു മാത്രമാണു സ്ഥലമേറ്റെടുത്ത് നിർമാണം ആരംഭിച്ചത്. അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള 14 കിലോമീറ്ററിൽ പാത ഇരട്ടിപ്പിക്കൽ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല.
ഇവിടെ ഇരട്ടപ്പാതയായാൽ ആലപ്പുഴയിൽ നിന്നു തെക്കു ഭാഗത്തേക്ക് യഥേഷ്ടം ട്രെയിനുകൾ ഓടിക്കാനാകും. ഇക്കാര്യവും ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനത്തിൽ ചർച്ച ചെയ്തേക്കും.
എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ സമയബന്ധിതമായി പൂർത്തിയാക്കണം: കെ.സി.വേണുഗോപാൽ എംപി
ആലപ്പുഴ∙ എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ ജോലികൾ വേഗത്തിലാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് കെ.സി.വേണുഗോപാൽ എംപി നിവേദനം നൽകി.
പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ച് റെയിൽവേ ബോർഡിനു നിർദേശം നൽകുമെന്നു മന്ത്രി ഉറപ്പു നൽകിയതായി എംപി പറഞ്ഞു. പിഎം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെട്ട ആലപ്പുഴ, കായംകുളം സ്റ്റേഷനുകളിലെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകാമെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മന്ത്രി–എംപി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇന്നു നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നത്.
തീരദേശപാത ഇരട്ടിപ്പിക്കലിന് ഫണ്ട് അനുവദിച്ച് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും നിർമാണ ജോലികൾ പൂർത്തിയാക്കിയിട്ടില്ലന്ന് എംപി പറഞ്ഞു.
അമ്പലപ്പുഴയ്ക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള 14 കിലോമീറ്റർ വരുന്ന ഭാഗത്തെ സ്ഥലമെടുപ്പ് അടിയന്തരമായി പൂർത്തിയാക്കിയാൽ പണി ഉടനെ ആരംഭിക്കാം. ഇതോടെ കായംകുളം മുതൽ ആലപ്പുഴ വരെയുള്ള ഇരട്ടപ്പാത യാഥാർഥ്യമാകും.
ഈ മേഖലയിൽ പാത ഇരട്ടപ്പിക്കലിനായി മെഡിക്കൽ കോളജിന്റെയും പുന്നപ്ര റെയിൽവേ സ്റ്റേഷൻ പ്രദേശത്തിന്റെയും ഏകദേശം 6 കിലോമീറ്റർ ഭൂമി ഏറ്റെടുക്കുന്നതിനു മറ്റു ബുദ്ധിമുട്ടുകളില്ലെന്നും ശേഷിക്കുന്ന 8 കിലോ മീറ്റർ സ്വകാര്യ ഭൂമിയുടെ കാര്യവും ഉടനടി ഭരണപരമായ നടപടികളിലൂടെ പരിഹരിക്കാൻ കഴിയുമെന്നിരിക്കെയാണ് പാത ഇരട്ടിപ്പിക്കൽ ജോലികൾ നീണ്ടുപോകുന്നതെന്നും എംപി മന്ത്രിയെ ധരിപ്പിച്ചു.ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ മറ്റ് റെയിൽവേ സ്റ്റേഷനുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും എംപി റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
യാത്രക്കാർ ചൂണ്ടിക്കാട്ടുന്ന പ്രധാന പോരായ്മകൾ ആലപ്പുഴ
∙ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് തകർന്നിട്ട് മാസങ്ങളായി.
റെയിൽവേ സ്റ്റേഷൻ കവാടം നിർമിച്ച ഭാഗത്താണു വലിയ കുഴികൾ. മഴ പെയ്യുന്നതോടെ റോഡിൽ വെള്ളക്കെട്ടാകുന്നു.
നടപ്പാതയുടെ നിർമാണവും പൂർത്തിയായിട്ടില്ല. ∙ റെയിൽവേ സ്റ്റേഷനിലെ പ്രധാന പ്രവേശന കവാടം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിട്ട് ഒരു വർഷത്തിലേറെയായി.
ടിക്കറ്റ് കൗണ്ടറിന്റെയും നിലത്തു ടൈൽ വിരിക്കുന്നതിന്റെയും പണി പൂർത്തിയായി. കവാടത്തിന്റെ പോർച്ചിന്റെ പണി പൂർത്തിയായിട്ടില്ല. ∙ ഒന്നാം പ്ലാറ്റ്ഫോമിൽ മേൽക്കൂരയ്ക്ക് നീളം കുറവാണ്.
വന്ദേഭാരത് 20 കോച്ച് ആയി ഉയർത്തിയ സാഹചര്യത്തിൽ മേൽക്കൂരയുടെ നീളം കൂട്ടണമെന്നും ആവശ്യമുണ്ട്. സ്റ്റേഷൻ നിർമാണം ആരംഭിച്ചതോടെ സ്റ്റേഷനിലെ കോച്ച് ഇൻഡിക്കേഷൻ ബോർഡുകൾ മിക്കതും നീക്കം ചെയ്തു.
ഇതുകാരണം ട്രെയിനിന്റെ കോച്ചുകൾ ഏതു ഭാഗത്താണ് എത്തുന്നതെന്നു തിരിച്ചറിയാനാകുന്നില്ല.
∙ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള രണ്ടാമത്തെ നടപ്പാലത്തിന്റെ നിർമാണവും വൈകുകയാണ്. ഇതുകാരണം ഈ ഭാഗത്തു പ്ലാറ്റ്ഫോമിനു മേൽക്കൂരയുമില്ല.
കായംകുളം
∙ ഈ വർഷം മാർച്ചിൽ പൂർത്തിയാകേണ്ട
സ്റ്റേഷൻ വികസന പദ്ധതികൾ പലതും പാതിവഴിയിലാണ്. 8 മാസം മുൻപ് ജനറൽ മാനേജർ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ ഉണ്ടായിരുന്ന സ്ഥിതിയിൽനിന്ന് ഇപ്പോഴും കാര്യമായ മാറ്റമില്ലെന്നാണ് ആരോപണം. ∙ വന്ദേ ഭാരത് ട്രെയിനുകൾക്കു കായംകുളത്തു സ്റ്റോപ്പ് നൽകുന്നത് എത്രയും വേഗം പരിഗണിക്കണമെന്ന് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടിരുന്നു.
ഇത് നടപ്പായില്ല.
∙ തിരുവനന്തപുരം – നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്, യോഗ് നാഗരി ഋഷികേഷ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം –ചെന്നൈ എംജിആർ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സൂപ്പർ എസി എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത് -യശ്വന്ത്പുരം എസി എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്–ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വെരാവൽ എക്സ്പ്രസ്, ഹംസഫർ എക്സ്പ്രസ്, വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയ്ക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. ∙ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ സ്റ്റേഷനിൽ നിന്ന് നടപ്പാലം, എസ്കലേറ്റർ, ലിഫ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ഭാഗത്ത് റൂഫ്ഷെൽറ്റർ ഇല്ലാത്തതിനാൽ മഴ നനഞ്ഞ് മാത്രമേ എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും യാത്രക്കാർക്ക് പോകാനാവൂ.
∙നിലവിലെ പാർക്കിങ് ഏരിയയ്ക്ക് സമീപം താഴ്ന്ന പ്രദേശം മണ്ണിട്ട് ഉയർത്തി പാർക്കിങ് സൗകര്യം കൂട്ടാത്തത് വാഹന ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]