ആലപ്പുഴ ∙ വായ്പ എടുക്കാൻ ഈട് നൽകിയ ആധാരം സ്വന്തം ചിട്ടിക്ക് ഈട് വച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കെഎസ്എഫ്ഇ ആലപ്പുഴ റീജനൽ ഓഫിസിലെ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റ് മണ്ണഞ്ചേരി കൂരുവേലിച്ചിറയിൽ എസ്.രാജീവൻ അറസ്റ്റിൽ. നൂറ് ദിവസത്തിലേറെ ഒളിവിൽ കഴിഞ്ഞ പ്രതി ഹൈക്കോടതിയിൽ കീഴടങ്ങുകയായിരുന്നു.
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പ്രതിയുടെ അറസ്റ്റ് ഇന്നലെ ആലപ്പുഴ സൗത്ത് പൊലീസ് രേഖപ്പെടുത്തി.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതിയുടെ അയൽവാസിയായ കൂരുവേലിച്ചിറയിൽ ആപ്പൂര് വീട്ടിൽ എൻ.സുമ കെഎസ്എഫ്ഇയിൽനിന്ന് 12 ലക്ഷത്തിന്റെ ചിട്ടി പിടിച്ചിരുന്നു.
അതിൽ നിന്നു വീട് നിർമാണത്തിനു 6 ലക്ഷം രൂപ എടുക്കാൻ അപേക്ഷ നൽകി. ഇതിന് ഇവരുടെ 12 സെന്റ് സ്ഥലത്തിന്റെ ആധാരം ഈടായി നൽകിയെങ്കിലും സ്ഥലത്തേക്കു വഴി ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് പോരെന്നു രാജീവ് നിർദേശിച്ചു.
തുടർന്നു സുമയുടെ ഭർത്താവിന്റെ പേരിലുള്ള 8 സെന്റ് സ്ഥലത്തിന്റെ പ്രമാണം രാജീവനെ ഏൽപിച്ചു.
4 മാസം കഴിഞ്ഞപ്പോൾ അധികൃതർ ജപ്തി നടപടിക്ക് വന്നപ്പോഴാണ് തങ്ങൾ ആദ്യം നൽകിയ രേഖ രാജീവ് സ്വന്തം ചിട്ടിക്ക് ഈടായി നൽകിയതായും ഇതിന്റെ തിരിച്ചടവ് മുടങ്ങിയതായും സുമയും കൂടുംബവും മനസ്സിലാക്കിയത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇതിനിടെ വ്യാജരേഖ ചമച്ച് കെഎസ്എഫ്ഇ കലവൂർ ശാഖയിൽ നിന്നു 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ബന്ധുവിന്റെ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് മറ്റൊരു കേസും രാജീവിനെതിരെ റജിസ്റ്റർ ചെയ്തു.
പക്ഷേ അറസ്റ്റ് വൈകി.
ഇതോടെ വീണ്ടും സുമ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. തുടർന്നു ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്യുകയും അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗത്വത്തിൽ നിന്നു നീക്കം ചെയ്യുകയും ചെയ്തു.
രാജീവ് മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ കീഴടങ്ങുകയായിരുന്നു.
ഇയാൾക്കെതിരെ കെഎസ്എഫ്ഇ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]