
ആലപ്പുഴ ∙ പ്രതീക്ഷയോടെ കാത്തിരുന്ന ‘കുട്ടനാട് സഫാരി’ കായൽ യാത്രാ പാക്കേജ് യാഥാർഥ്യമാകുന്നു. അടുത്ത നിയമസഭ സമ്മേളനത്തിനു മുൻപ് ജലഗതാഗത വകുപ്പ് ഈ പദ്ധതി നടപ്പാക്കുമെന്നാണു മന്ത്രി മന്ത്രി കെ.ബി.ഗണേഷ്കുമാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ ജെട്ടിയിൽ നിന്നു രാവിലെ 10ന് ആരംഭിച്ചു സി ബ്ലോക്ക്, ആർ ബ്ലോക്ക് വഴി പാതിരാമണലിലെത്തി തിരിച്ച് അഞ്ചോടെ ആലപ്പുഴയിൽ മടങ്ങിയെത്തുന്ന തരത്തിലാണു കുട്ടനാട് സഫാരി ഒരുക്കുന്നത്.
യാത്രയ്ക്കിടെ ബോട്ടിൽ തനതു കലാരൂപങ്ങളുടെ അവതരണം നടക്കും. ചിത്രകാരൻ തത്സമയം വിനോദസഞ്ചാരികളുടെ ചിത്രങ്ങൾ വരച്ചു നൽകും.
ഓരോ ദിവസവും വ്യത്യസ്തമായ കലാരൂപങ്ങളായിരിക്കും അവതരിപ്പിക്കുക. ഇതു കലാകാരന്മാർക്കു തൊഴിലവസരം നൽകുമെന്നു മന്ത്രി പറഞ്ഞു.പാതിരാമണലിൽ മുഹമ്മ പഞ്ചായത്തിന്റെ സഹകരണത്തോടെ ആംഫി തിയറ്റർ നിർമിക്കും.
സ്പോൺസർഷിപ്പിനായി ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചർച്ച നടത്തി ശുപാർശ നൽകി.
പഞ്ചായത്തിന് കുടുംബശ്രീയുമായി ചേർന്ന് ദ്വീപിൽ കിയോസ്ക്കുകൾ തുടങ്ങാൻ കഴിയുമെന്നും ഗണേഷ് പറഞ്ഞു. പാതിരാമണലിൽ തിയറ്റർ നിർമിക്കുന്ന സ്ഥലം മന്ത്രി സന്ദർശിച്ചു. ഭാര്യ ബിന്ദുവും ഒപ്പമുണ്ടായിരുന്നു. ജലഗതാഗത ഡയറക്ടർ ഷാജി വി.നായർ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി.റെജി, സ്ഥിരസമിതി അധ്യക്ഷരായ നസീമ, സി.ഡി.വിശ്വനാഥൻ എന്നിവരും വാർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.
യാത്ര ഇങ്ങനെ
∙ ആലപ്പുഴ ജെട്ടിയിൽ നിന്നു രാവിലെ 10നു തുടങ്ങി നെഹ്റു ട്രോഫി ഫിനിഷിങ് പോയിന്റ് വഴി മംഗലശേരിക്ക്. ഈ യാത്രയ്ക്കിടെ ഓല നെയ്ത്ത്, കയർ പിരിക്കൽ, ചെറുവള്ളങ്ങൾ എന്നിവ അടുത്തറിയാം.
നാടൻ ചായക്കടയിൽ നിന്നു പ്രഭാതഭക്ഷണം. ∙ സി ബ്ലോക്ക്– ചുണ്ടൻ വള്ളത്തെ അടുത്തറിയാൻ അവസരം.
ഷാപ്പിൽ നിന്ന് ഉച്ചഭക്ഷണം. ∙ ആർ ബ്ലോക്ക്– ചെമ്പകശേരി രാജവംശത്തെക്കുറിച്ച് അവതരണം.
ബോട്ടിൽ പടവെട്ടും പാട്ടും അവതരണം ∙ പാതിരാമണൽ– പുല്ലും മുളയും കൊണ്ടു നിർമിച്ച ആംഫി തിയറ്ററിൽ ആറോളം നാടൻ കലാരൂപങ്ങളുടെ അവതരണം. ∙ മടക്കയാത്ര– കോൽക്കളി, ചവിട്ടുനാടകം, സർപ്പംപാട്ട്, ഗന്ധർവൻ പാട്ട് എന്നിവയുടെ അവതരണം. ∙ ജലപ്പരപ്പിലെ ഒഴുകുന്ന കടകളിൽ നിന്നു കരകൗശല, കയർ ഉൽപന്നങ്ങൾ വാങ്ങാൻ അവസരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]