
ആലപ്പുഴ ∙ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയുടെ പ്രധാന കെട്ടിടത്തിനു പുറത്താണു മിക്കവരും ബസ് കാത്തു നിൽക്കുന്നത്, കെട്ടിടം ഇടിഞ്ഞു വീണാലും രക്ഷപ്പെടണമല്ലോ. കെട്ടിടത്തിനുള്ളിൽ നിന്നു മുകളിലേക്കു നോക്കിയാൽ പലയിടത്തും കോൺക്രീറ്റ് അടർന്നു കമ്പി തെളിഞ്ഞു നിൽക്കുകയാണ്.
കൂടാതെ ചോർച്ചയും.ഇത് ഒരു ഓഫിസിലെ മാത്രം പ്രശ്നമല്ല, പല സർക്കാർ സ്ഥാപനങ്ങളിലും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന, ചോർന്നൊലിക്കുന്ന കെട്ടിടങ്ങളിലാണു ജീവനക്കാർ ജോലി ചെയ്യുന്നത്. ചിലയിടങ്ങളിൽ പലതവണ പരാതി ഉന്നയിച്ചിട്ടും ഫലമില്ലാതെ വരുന്നതോടെ എല്ലാം സഹിച്ചു കഴിയേണ്ട
സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ.
ആലപ്പുഴ കെഎസ്ആർടിസിയിൽ തലയ്ക്കു മീതേ അപകടം
ആലപ്പുഴ∙ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പലയിടങ്ങളിലും ഇളകി വീണു കമ്പി തെളിഞ്ഞു നിൽക്കുകയാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മുൻപ് ഓഫിസുകൾ പ്രവർത്തിച്ചിരുന്ന ഭാഗത്തേക്കുള്ള പടിക്കെട്ടിനു മുകളിൽ കമ്പി തെളിഞ്ഞു.
ഇവിടെ കോൺക്രീറ്റിലും ഭിത്തിയിലും ജലം ഊർന്നിറങ്ങി ചോർച്ചയുമായി. മേൽക്കൂരയിൽ ചെടികളും മരങ്ങളും പിടിച്ചു.താഴത്തെ നിലയിൽ ബസ് ജീവനക്കാർക്കുള്ള വിശ്രമമുറിയുടെ മേൽക്കൂരയിൽ കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞുനിൽക്കുന്നു.
ഒരു തൂണിന്റെ ഭാഗവും അടർന്നു പോയിട്ടുണ്ട്. അപകടസ്ഥിതിയുള്ളതിനാൽ പലരും ബസിൽ തന്നെയാണു വിശ്രമം.
കെട്ടിടത്തിന്റെ തെക്കുവശത്ത് യാത്രികർ ബസ് കാത്തു നിൽക്കുന്ന ഭാഗത്തും മേൽക്കൂര ഇളകിയിട്ടുണ്ട്.
ഇവിടെ കെട്ടിടം ദ്രവിച്ച സ്ഥിതിയിലാണ്. ശക്തമായ മഴയും കാറ്റുമുണ്ടായാൽ നിലംപൊത്താമെന്നതാണ് അവസ്ഥ.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം ഓഫിസ് പ്രവർത്തനങ്ങൾ സമീപത്തെ കെട്ടിടത്തിലേക്കു മാറ്റിയെന്നതു ജീവനക്കാർക്ക് ആശ്വാസമാണ്. എന്നാൽ ഇതേ കെട്ടിടത്തിനു താഴെ നിൽക്കേണ്ടി വരുന്ന യാത്രികർ ഇപ്പോഴും അപകടാവസ്ഥയിൽ തന്നെ.
ചികിത്സ വേണം, കായംകുളം താലൂക്ക് ആശുപത്രിക്കും
കായംകുളം ∙ താലൂക്ക് ആശുപത്രി കെട്ടിടത്തിനു ബലക്ഷയം ഉണ്ടാകുന്നതുപോലെ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങളും കുറ്റിച്ചടികളും വളർന്നു ഭിത്തി വിണ്ടുകീറി.
ആശുപത്രി ശുചിത്വത്തിനും മികച്ച പരിചരണത്തിനുമുള്ള കായകൽപ ഉൾപ്പെടെയുള്ള അവാർഡുകൾ നേടുമ്പോഴാണു മറുവശത്തു രോഗികൾക്കും ജീവനക്കാർക്കും ഭീതിയുണ്ടാകും വിധം ഭിത്തി വിണ്ടുകീറുന്നത്. 20 വർഷം മാത്രം പഴക്കമുള്ള കെട്ടിടത്തിൽ നൂറു കിടക്കകളുള്ള വാർഡിന്റെ വശങ്ങളിലാണു മരത്തിന്റെ വേര് ഇറങ്ങി പൊട്ടിപ്പൊളിയുന്നത്.
ഡോക്ടർമാരും നഴ്സുമാരും രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ തിങ്ങിനിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് മിക്കപ്പോഴും.
പുരസ്കാരങ്ങൾ നേടുന്നതിനുള്ള മത്സര ഓട്ടത്തിൽ പുറംമിനുക്കൽ മാത്രമാണു നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. മരത്തിന്റെ ശിഖരങ്ങൾ മാറ്റുന്നതല്ലാതെ വേരോടെ പിഴുതു മാറ്റാൻ നടപടികൾ സ്വീകരിക്കാത്തതിനാൽ പ്രശ്നത്തിനു ശാശ്വത പരിഹാരമാകുന്നില്ല.
പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ മറ്റൊരു ദുരന്തത്തിനു കാരണമാകുമെന്ന് ആശുപത്രി വികസന സമിതി അംഗം സി.എസ്.ബാഷ പറഞ്ഞു.ഇതേ ആശുപത്രിയിലാണു കഴിഞ്ഞദിവസം വൈദ്യുതി മുടങ്ങിയപ്പോൾ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ രോഗികളെ പരിശോധിക്കേണ്ട സ്ഥിതി വന്നത്.
മാവേലിക്കര സബ് റജിസ്ട്രാർ ഓഫിസ് കെട്ടിടം അപകടാവസ്ഥയിൽ
മാവേലിക്കര∙ ഒരു സർക്കാർ ഓഫിസിന്റെ നിർമാണത്തിന്റെ പേരിൽ മറ്റൊരു ഓഫിസ് അപകടാവസ്ഥയിലായ കഥയാണു മാവേലിക്കര സബ് റജിസ്ട്രാർ ഓഫിസിന്റേത്. തമ്മിൽ ബന്ധിപ്പിച്ച നിലയിലായിരുന്നു മാവേലിക്കര താലൂക്ക് ഓഫിസും സബ് റജിസ്ട്രാർ ഓഫിസും.
പുതിയ കെട്ടിടം പണിയാനായി താലൂക്ക് ഓഫിസ് പൊളിച്ചതോടെ, സബ് റജിസ്ട്രാർ ഓഫിസ് കെട്ടിട ഭാഗത്തിന്റെ പകുതി പൊളിഞ്ഞ നിലയിലായി.
കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും മേൽക്കൂര ഇടിഞ്ഞു തുടങ്ങി. ഭിത്തിയിലെ ടൈലുകൾ ഇളകി വീഴുന്ന അവസ്ഥയുമുണ്ട്.
താലൂക്ക് ഓഫിസ് നിർമാണത്തിനായി ഭൂമി വേർതിരിച്ചതോടെ സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള പ്രധാന വഴിയും അടഞ്ഞു.
ഇതോടെ പടിഞ്ഞാറു വശത്തുള്ള വഴിയിലൂടെ മാത്രമേ ഓഫിസിൽ എത്താനാകൂ. വണ്ടിയെത്തില്ലെന്നതിനാൽ പ്രായമായവർക്ക് എത്താനും ബുദ്ധിമുട്ടായി.
ചേർത്തല താലൂക്ക് ഓഫിസിൽ ജീവൻ പണയംവച്ച് ജീവനക്കാർ
ചേർത്തല∙ കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു വീഴാറായ ചേർത്തല താലൂക്ക് ഓഫിസ് കെട്ടിടത്തിനുള്ളിൽ ജീവൻ പണയം വച്ചാണ് 70ലേറെ ജീവനക്കാർ ജോലി ചെയ്യുന്നത്.
മഴ പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഫയലുകൾ സൂക്ഷിക്കാൻ പോലും ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം ഭിത്തികളിൽ വിള്ളൽ വീണും ഓടുകൾ ഇളകിയും ഇടിഞ്ഞു വീണു തുടങ്ങി. കഴിഞ്ഞ വർഷം ഓഫിസിന്റെ വടക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു.
വടക്കുഭാഗത്തുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഓഫിസ് പ്രവർത്തനം തെക്കു ഭാഗത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
താലൂക്ക് ഓഫിസിന്റെ സമീപത്തു പ്രവർത്തിച്ചിരുന്ന സബ് ട്രഷറി ഓഫിസിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു വീണതോടെ സബ് ട്രഷറി ഓഫിസ് ഇവിടെ നിന്നു മാറ്റി. മരപ്പട്ടി ശല്യവും രൂക്ഷമാണ്.
വർഷങ്ങൾക്കു മുൻപു താലൂക്ക് ഓഫിസ് കോംപ്ലക്സ് നിർമിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും താൽക്കാലികമായി പ്രവർത്തിക്കാൻ സൗകര്യം ഒരുക്കാൻ കഴിയാതെ വന്നതോടെ കോംപ്ലക്സ് നിർമാണവും മുടങ്ങി. മറ്റൊരു സ്ഥലത്ത് ഓഫിസ് പ്രവർത്തിപ്പിക്കാൻ സൗകര്യം ഒരുക്കണമെന്നാണു ജീവനക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]