
ചേർത്തല- അരൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് വിളക്കുമരം പാലം; ഉദ്ഘാടനത്തിനു മുൻപേ തുറന്നുകൊടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂച്ചാക്കൽ ∙ ചെങ്ങണ്ട കായലിനു കുറുകെയുള്ള ചെങ്ങണ്ട പാലത്തിനു സമാന്തരമായി ചേർത്തല- അരൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചെങ്ങണ്ടയ്ക്കു പടിഞ്ഞാറ് ഭാഗത്തായി വിളക്കുമരം പാലം നിർമാണം പൂർത്തിയായി. വാഹനങ്ങൾ പുതിയ പാലം വഴി കടത്തിവിട്ടു തുടങ്ങി. 245 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും 350 മീറ്റർ അപ്രോച്ച് റോഡുമായാണ് വിളക്കുമരം പാലം പൂർത്തിയായിരിക്കുന്നത്. പാലത്തിന്റെ നിർമാണം രണ്ടു പതിറ്റാണ്ടു മുൻപ് തുടങ്ങിയതാണ്. വിവിധ തടസ്സങ്ങളാൽ നിലച്ച നിർമാണം 2016 – 2017 വർഷം പദ്ധതിയിൽ കിഫ്ബിയിൽ 22 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഔദ്യോഗിക ഉദ്ഘാടന തീയതി ആയില്ലെങ്കിലും പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്.
പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച ചെങ്ങണ്ട പാലം വഴിയായിരുന്നു ഇതുവരെ ചേർത്തല നഗരത്തിൽ നിന്നും പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നുപോയിരുന്നത്. ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് ഈ പാലം വഴി കടന്നുപോയിരുന്നത്. വിളക്കുമരം പാലം നിർമാണം പൂർത്തിയായതോടെ ചെങ്ങണ്ട പാലത്തിലെ തിരക്കു കുറയും. ചേർത്തല നെടുമ്പ്രക്കാട് കവലയിൽ നിന്നും റോഡിലൂടെ വിളക്കുമരം പാലത്തിലേക്കു കയറിയാൽ പള്ളിപ്പുറം എൻഎസ്എസ് കോളജിനു പടിഞ്ഞാറ് ഭാഗത്തായി എംഎൽഎ റോഡിൽ എത്തിച്ചേരും.
ഇവിടെ നിന്നും എംഎൽഎ റോഡിലൂടെയോ, ചേർത്തല – അരൂക്കുറ്റി റോഡിലൂടെയോ വടക്കോട്ട് അരൂക്കുറ്റി, അരൂർ വരെ പോകാം. പള്ളിപ്പുറം ഇൻഫോ പാർക്, ഫുഡ് പാർക്, വ്യവസായമേഖല ഉൾപ്പെടെ സ്ഥാപനങ്ങൾ പാലത്തിനു സമീപമായതിനാൽ ഇവിടേക്കു വരുന്നവർക്കും എളുപ്പമാകും. പാലം പൂർത്തിയായെങ്കിലും എൻഎസ്എസ് കോളജിനു പടിഞ്ഞാറ് മുതൽ വിളക്കുമരം പാലം വരെ റോഡ് തകർന്നു സഞ്ചാരയോഗ്യമല്ല. ഇരുചക്രവാഹനങ്ങളിൽപോലും യാത്ര പ്രയാസകരമാണ്. ഇത് പരിഹരിക്കപ്പെട്ടാൽ മാത്രമേ പാലം വന്നതിന്റെ പൂർണപ്രയോജനം നാടിന് ലഭിക്കൂ. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗമാണ് റോഡ് നിർമിക്കേണ്ടത്.