മങ്കൊമ്പ് ∙ മാതാപിതാക്കൾ കുട്ടവഞ്ചിയിൽ പോയി പിടിക്കുന്ന മീൻ വിൽക്കാൻ വഴിയോരത്തിരിക്കുമ്പോൾ സ്കൂളിൽ പോകുന്ന കുട്ടികളെക്കണ്ട് അമ്മുവും വിഷ്ണുവും കൊതിപൂണ്ടിട്ടുണ്ട്. നാലു ഭാഷകൾ അവർക്കറിയാം.
പക്ഷേ, സ്കൂളിൽ പോയി നാലക്ഷരം പഠിക്കണമെന്ന മോഹം സാധിച്ചത് ഇക്കൊല്ലമാണ്. പതിനാലും പതിമൂന്നും വയസ്സായപ്പോൾ, ഏഴാം ക്ലാസിൽ.
അക്ഷരലോകം സ്വന്തമായിത്തുടങ്ങി. ഇനി രണ്ട് ആഗ്രഹം കൂടിയുണ്ട്: കണ്ടങ്കരിയിൽ മറ്റൊരാളുടെ പുറംചിറയിൽ ഷീറ്റ് വിരിച്ചുണ്ടാക്കിയ കൂടാരത്തിൽനിന്ന് അടച്ചുറപ്പുള്ള ചെറിയൊരു വീട്ടിലേക്കു മാറണം, റേഷൻ കാർഡ് വേണം.
കർണാടകയിലെ മൈസുരുവാണ് ഈ കുടുംബത്തിന്റെ സ്വദേശം.
കേരളത്തിന്റെ പല ഭാഗങ്ങളിൽ മാറിമാറി താമസിച്ചു കുട്ടവഞ്ചിയിൽ മീൻ പിടിച്ചു വിറ്റുള്ള നാടോടി ജീവിതം. കണ്ണൂരിലെ സർക്കാർ ആശുപത്രികളിലാണു വിഷ്ണുവും അമ്മുവും ജനിച്ചത്.
ഒന്നര വർഷമായി കണ്ടങ്കരി ദേവീവിലാസം സ്കൂളിനടുത്ത് പൂക്കൈതയാറിന്റെ പുറംചിറയിലാണു താമസം. മീൻ വിൽക്കുന്ന കുട്ടികൾ യൂണിഫോമിട്ടു സ്കൂളിലേക്കു പോകുന്ന സമപ്രായക്കാരെ നോക്കിയിരിക്കുന്നതു കണ്ടങ്കരിയിൽ കട
നടത്തുന്ന മുകേഷ് കണ്ടതാണ് അവർക്കു ക്ലാസ് മുറിയിലേക്കുള്ള വഴിയായത്. മുകേഷ് അവരുടെ കാര്യം അധ്യാപികയായ ആർ.രാധികയെ അറിയിച്ചു.
ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത ഇരുവരെയും സ്കൂളിൽ ചേർക്കുന്നതു പ്രയാസമായിരുന്നു.
എങ്കിലും ആധാർ ഉപയോഗിച്ച് എഇഒയുടെ പ്രത്യേക അനുമതി നേടി അവരെ സ്കൂളിൽ ചേർത്തു. രണ്ടുപേർക്കും ഏഴാം ക്ലാസിൽ പ്രവേശനം.
അവരെ അക്ഷരം പഠിപ്പിക്കൽ രാധിക ഏറ്റെടുത്തു. ഇപ്പോൾ കുട്ടികൾക്കു മലയാളം, ഇംഗ്ലിഷ് അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിയാം.
ചെറുപ്പം മുതൽ മീൻ വിൽക്കുന്നതിനാൽ കണക്കിൽ മിടുക്കുണ്ട്.
ജനിച്ചു വളർന്ന കേരളത്തിൽ തന്നെ പഠിച്ചു ജീവിതം കരകയറ്റണമെന്നാണ് അവരുടെ മോഹം. ഉപജീവനമാർഗമായ മത്സ്യബന്ധനം തുടർന്നു കൊണ്ടുപോകാൻ കഴിയുന്ന വിധത്തിൽ കുട്ടനാട്ടിൽ എവിടെയെങ്കിലും 2 സെന്റിൽ ചെറിയൊരു വീടും റേഷൻ കാർഡും– അത്രയും മതി അവർക്ക്.
അച്ഛൻ സുരേഷ്, അമ്മ അംബിക, രണ്ടുവയസ്സുള്ള അനുജൻ ശിവ, മുത്തശ്ശി എന്നിവരാണു വീട്ടിലെ മറ്റംഗങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

