മാവേലിക്കര ∙ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു രണ്ടരപ്പവന്റെ മാല മോഷ്ടിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ (73) മാല പൊട്ടിച്ചെടുത്ത കേസിൽ കണ്ടിയൂർ പടാര്യത്ത് സിജു ഭവനം എം.ആർ.സിജുമോൻ (28), ആർ.രഞ്ജുമോൾ (37) എന്നിവരെയാണു എസ്എച്ച്ഒ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നവംബർ 28ന് ഉച്ചയോടെയായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ചെത്തിയയാൾ വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം മാല പൊട്ടിച്ച് എടുക്കുകയായിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വീടിനെക്കുറിച്ചു വ്യക്തമായി അറിയാവുന്നവരാണു മോഷണത്തിനു പിന്നിലെന്നു കണ്ടെത്തി.
ബന്ധുവീടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒളിവിൽപോയ സിജുമോനെ ഓച്ചിറ ആലുംപീടികക്കു സമീപത്തുനിന്നും പിടികൂടി. സഹോദരി രഞ്ജുമോളുടെ സാമ്പത്തിക ബാധ്യത തീർക്കുന്നതിനായിട്ടാണ് മോഷണം നടത്തിയതെന്നു സിജുമോൻ പൊലീസിനു മൊഴി നൽകി.
രഞ്ജുമോളും സതിയമ്മയും ഒരേ വീട്ടിൽ വ്യത്യസ്ത മുറികളിലാണ് വാടകയ്ക്കു താമസിച്ചിരുന്നത്. സതിയമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വള ഊരി എടുക്കാനായിരുന്നു പദ്ധതി.
രഞ്ജുമോൾ മുളകുപൊടിയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോട്ടിസും സിജുമോനു നൽകിയ ശേഷം സതിയമ്മ താമസിക്കുന്ന മുറിയിലേക്ക് വിട്ടു.
തിരഞ്ഞെടുപ്പ് നോട്ടിസ് നൽകാനാണെന്നും പറഞ്ഞു മുറിക്കുള്ളിൽ കയറി സിജുമോൻ സതിയമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വള ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്നാണു മാല പൊട്ടിച്ചു കടന്നത്. രഞ്ജുമോൾ പറഞ്ഞിട്ടാണ് കരുനാഗപ്പള്ളി ആദിനാട് മാതൃസഹോദരിയുടെ വീട്ടിലേക്ക് ഒളിവിൽ പോയതെന്നും സിജുമോൻ പറഞ്ഞു. സിജുമോന്റെ കുറ്റസമ്മത മൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണു രഞ്ജുമോളെയും അറസ്റ്റ് ചെയ്തത്.
എസ്ഐ എൻ.യു.അനന്തു, എഎസ്ഐ എം.പ്രസന്നകുമാരി, സീനിയർ സിപിഒമാരായ ഉണ്ണിക്കൃഷ്ണപ്പിള്ള, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, സിപിഒമാരായ ആർ.ജിഷ്ണു, വി.എസ്.അനന്തമൂർത്തി എന്നിവരുൾപ്പെടുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

