മാവേലിക്കര ∙ ആനയെ വാങ്ങി, തോട്ടി വാങ്ങാൻ പണമില്ല എന്നതാണു താലൂക്ക് ഓഫിസിനായി നിർമിച്ച കെട്ടിടത്തിന്റെ അവസ്ഥ. 5.2 കോടി രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം ഉദ്ഘാടനം കാത്തുകിടക്കാൻ തുടങ്ങിയിട്ടു 2 മാസത്തോളമായി.
പുതിയ ഓഫിസിന് ആവശ്യമായ ഫർണിച്ചർ ലഭ്യമാകാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണമെന്നു സൂചന.നിലവിൽ ഉണ്ടായിരുന്ന താലൂക്ക് ഓഫിസ് കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ശിലാസ്ഥാപനം 2022 ജൂൺ 22നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുകയായിരുന്നു. ഒന്നര വർഷത്തിനുള്ളിൽ കെട്ടിടനിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
കെട്ടിടനിർമാണം പൂർത്തിയായെങ്കിലും ഓഫിസ് പ്രവർത്തനം തുടങ്ങിയിട്ടില്ല.
2018-19 ബജറ്റിലെ നിർദേശത്തെ തുടർന്നാണു 140 വർഷം മുൻപു നിർമിച്ച താലൂക്ക് ഓഫിസ് കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിർമിച്ചത്. 6000 ചതുരശ്രയടി വിസ്തീർണം ഉണ്ടായിരുന്ന പഴയ കെട്ടിടത്തിനു പകരം 12000 ചതുരശ്ര അടിയിൽ 3 നിലകളിലാണു പുതിയ കെട്ടിടം നിർമിച്ചത്.
താഴത്തെ നിലയിൽ തഹസിൽദാർ, തഹസിൽദാർ (എൽആർ) എന്നിവരുടെ ഓഫിസ്, മിനി കോൺഫറൻസ് ഹാൾ, ദുരന്തനിവാരണ വകുപ്പ് സ്റ്റോർ റൂം, പാർക്കിങ് ഏരിയ, ഒന്നാം നിലയിൽ ഓഫിസ്, ലൈബ്രറി, റെക്കോർഡ് റൂം, രണ്ടാം നിലയിൽ കോൺഫറൻസ് ഹാൾ, ദുരന്തനിവാരണ വകുപ്പ് പരിശീലനകേന്ദ്രം, റിക്രിയേഷൻ ഹാൾ എന്നിവയാണുള്ളത്.
3 നിലകളിലും ശുചിമുറി സൗകര്യമുണ്ട്.പഴയ കെട്ടിടം പൊളിച്ചു പുതിയതു നിർമിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് വളപ്പിലെ കെട്ടിടത്തിലാണു താലൂക്ക് ഓഫിസ് നിലവിൽ പ്രവർത്തിക്കുന്നത്. ഫണ്ട് ലഭിച്ചാൽ മാത്രമേ ആവശ്യത്തിനുള്ള ഫർണിച്ചർ വാങ്ങുന്നതിനു ക്രമീകരണം സാധ്യമാകൂ.
ഫണ്ട് വേഗം അനുവദിച്ചു പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
കെട്ടിടത്തിനുള്ളിലെ കാബിൻ നിർമാണം പുരോഗമിക്കുകയാണ്. ഈ മാസം തന്നെ അതു പൂർത്തിയാകും.
പുതിയ കെട്ടിടത്തിലേക്കു ഫർണിച്ചർ വാങ്ങുന്നതിനു സിഡ്കോയുടെ 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു. തുക സർക്കാരിൽ നിന്നു ലഭിച്ചാൽ ഉടൻ തന്നെ ഫർണിച്ചർ ഉടൻ വാങ്ങി, തീയതി തീരുമാനിച്ച് ഉദ്ഘാടനം നടത്തും.
എം.എസ്.അരുൺകുമാർ എംഎൽഎ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]