
പുന്നപ്ര ∙ ദേശീയ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വിഷയത്തിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി; പഞ്ചായത്ത് പ്രസിഡന്റ് അടക്കം 4 പേർക്ക് പരുക്കേറ്റു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ(46), വൈസ് പ്രസിഡന്റ് എ.പി.സരിത(35) കോൺഗ്രസ് അംഗങ്ങളായ സാജൻ ഏബ്രഹാം(34), വിശാഖ് വിജയൻ(34) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് പഞ്ചായത്ത് കമ്മിറ്റി ചേർന്നപ്പോൾ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് ചർച്ച ചെയ്യണമെന്ന് സാജൻ ഏബ്രഹാം ആവശ്യപ്പെട്ടു.
രണ്ടാഴ്ച മുൻപ് സാജൻ ഇതു സംബന്ധിച്ച് കത്തു നൽകിയിരുന്നു.
എന്നാൽ കമ്മിറ്റി അജൻഡയിൽ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് ഉൾപ്പെട്ടിരുന്നില്ല. ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാജൻ ഏബ്രഹാം മുദ്രാവാക്യം വിളിച്ചു. ഇതേസമയം ഭരണകക്ഷി അംഗങ്ങൾ സാജൻ ഏബ്രഹാമിനെ പിടിച്ചു പുറത്താക്കി.തള്ളിമാറ്റുന്നതിനിടെ പ്രസിഡന്റിന്റെ മുറിയുടെ വാതിലിൽ തട്ടി സാജൻ ഏബ്രഹാമിന് തലയ്ക്കു പരുക്കേറ്റു.തുടർന്നു പുറത്തിറങ്ങിയ സാജൻ ഏബ്രഹാമിനെയും വിശാഖ് വിജയനെയും പഞ്ചായത്ത് ഓഫിസ് വളപ്പിൽ കാത്തുനിന്ന സിപിഎമ്മുകാർ ആക്രമിച്ചതായി കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു ആരോപിച്ചു.
ആശുപത്രിയിൽ എത്തിച്ച ശേഷം അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന സാജൻ ഏബ്രഹാമിനെ സിപിഎം ഏരിയ സെക്രട്ടറി സി.
ഷാംജിയുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ഉന്തിലും തള്ളിലും പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്റെ ഇടതു കാലിന്റെ തള്ളവിരലിന്റെ നഖം ഇളകിപ്പോയി.
വൈസ് പ്രസിഡന്റ് എ.പി.സരിതയുടെ കൈകൾക്കും പരുക്കേറ്റു. പുന്നപ്ര പൊലീസ് മൊഴിയെടുത്ത ശേഷം 2 കേസുകൾ റജിസ്റ്റർ ചെയ്തു. സജിത സതീശനെയും എ.പി.സരിതയെയും എച്ച്.സലാം എംഎൽഎ സന്ദർശിച്ചു.
സാജൻ ഏബ്രഹാമിനെ ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.ലിജു, എം.ജെ.ജോബ് എന്നിവർ സന്ദർശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് പറവൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]