
ചിരിച്ചുകൊണ്ട് ഹാമിൻ ഓടിപ്പോയി, പിന്നെക്കണ്ടത് അനക്കമറ്റ നിലയിൽ; കുഴിയാനകളെ പിടിച്ചു കളിക്കുന്നതിനിടെ അപകടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര∙ അവധിക്കാലം ചെലവഴിക്കാൻ അമ്മയുടെ വീട്ടിലെത്തിയ അഞ്ചര വയസ്സുകാരൻ ബന്ധുവീട്ടിലെ എർത്ത് വയറിൽ നിന്നു വൈദ്യുതാഘാതമേറ്റു മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്കിന്റെയും (ഖത്തർ) ശ്യാമയുടേയും (പെരിങ്ങര പഞ്ചായത്ത് ജീവനക്കാരി) ഇളയ മകൻ എച്ച്. ഹാമിൻ ആണ് മരിച്ചത്. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ സ്കൂളിലെ യുകെജി വിദ്യാർഥിയാണ്.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ചെട്ടികുളങ്ങര കൈത വടക്ക് കോയിത്താഴത്ത് രാജന്റെ വീട്ടുമുറ്റത്താണ് സംഭവം. ശ്യാമയുടെ പിതാവ് ശിവാനന്ദന്റെ സഹോദരനാണ് രാജൻ. രണ്ടു വീടുകളും ഒരേ വളപ്പിലാണ്. രാജന്റെ വീടിന്റെ ഭിത്തിയോടു ചേർന്നു കുഴിയാനകളെ പിടിച്ചു കളിക്കുമ്പോഴാണു സംഭവം.
മെയിൻ സ്വിച്ചിൽ നിന്നുള്ള എർത്ത് വയറിന്റെ പൈപ്പ് ഇല്ലാത്ത ഭാഗത്തെ കമ്പിയിൽ ഹാമിൻ സ്പർശിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.രാജന്റെ സൈക്കിൾ എടുക്കാനെത്തിയ അയൽവാസി കൊച്ചുമോൻ ആണു വീട്ടുമുറ്റത്തു കമഴ്ന്നു കിടക്കുന്ന ഹാമിനെ കണ്ടത്. ഉടൻ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ഖത്തറിലുള്ള പിതാവ് ഹാബേൽ എത്തിയ ശേഷം സംസ്കാരം നടക്കും. നാലാം ക്ലാസ് വിദ്യാർഥിനി ഹാമിയാണു ഹാമിന്റെ സഹോദരി. ഹാമിനും സഹോദരി ഹാമിയും ഒരാഴ്ച മുൻപാണ് അമ്മ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയത്. കെഎസ്ഇബി വൈദ്യുതി സെക്ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
വീടിനുള്ളിലെ സാധാരണ പ്ലഗ് സോക്കറ്റ് മറ്റൊരു എക്സ്റ്റൻഷൻ സോക്കറ്റിൽ ഘടിപ്പിച്ചു ഫ്രിജ്, ഫാൻ എന്നിവയ്ക്കു കണക്ഷൻ നൽകിയിരുന്നു. എർത്ത് പിൻ വഴി വൈദ്യുതി മുറ്റത്തേക്കുള്ള എർത്ത് വയറിലൂടെ പ്രവഹിച്ചതാണ് അപകടകാരണമെന്നു ചൂണ്ടിക്കാട്ടി കെഎസ്ഇബി അധികൃതർ റിപ്പോർട്ട് നൽകി.
ചിരിച്ചു കൊണ്ട് ഹാമിൻ ഓടിപ്പോയി; പിന്നെക്കണ്ടത് അനക്കമറ്റ നിലയിൽ
ചെട്ടികുളങ്ങര∙ “അപ്പൂപ്പാ കിടക്കുന്ന സാധനം താഴെ വീണു” എന്നു വിളിച്ചു പറഞ്ഞ ശേഷം അവൻ അപ്പുറത്തേക്കു പോയത്. പിന്നെ അവനെ കണ്ടതു നിശ്ചലമായാണ് – ശിവാനന്ദന്റെ വാക്കുകളിൽ വേദന. മുറ്റത്ത് 2 കസേരയിലായി വെയിലത്ത് ഇട്ട മെത്ത താഴെ വീണപ്പോഴാണു കിടക്കുന്ന സാധനം എന്നു പൊന്നുമോൻ വിളിച്ചു പറഞ്ഞത്. നീയാണോ താഴെയിട്ടതെന്നു ചോദിച്ചപ്പോൾ തല കൊണ്ടു അല്ലെന്നു കാട്ടി ചിരിച്ചു കൊണ്ടു പോയതാണ്. അപ്പുറത്ത് താമസിക്കുന്ന എന്റെ സഹോദരൻ രാജനുമായി അവനു നല്ല അടുപ്പമാണ്.
അതിനാൽ അവിടിരുന്ന് കളിക്കുന്നുണ്ടാകും എന്നാണു കരുതിയത്. പിന്നീട് അയൽവാസി കൊച്ചുമോനെത്തി ‘ ഹാമിൻ വീണു കിടക്കുന്നു എന്നു പറഞ്ഞതു കേട്ടു ഓടിയെത്തി നോക്കിയപ്പോൾ.’ ശിവാനന്ദനു വാക്കുകൾ മുഴുമിപ്പിക്കാനായില്ല. വൈദ്യുതാഘാതമേറ്റു മരിച്ച ഹാമിന്റെ മുത്തശ്ശനാണ് ശിവാനന്ദൻ. അവധിക്കാലം ആഘോഷിക്കാൻ അമ്മയുടെ വീട്ടിലെത്തിയ ഹാമിൻ മുറ്റത്തു കുഴിയാനകളെ പിടിച്ചു കളിക്കുന്നതിനിടെയാണു വൈദ്യുതി പ്രവഹിച്ച എർത്ത് വയറിൽ സ്പർശിച്ചത്. വീടിന്റെ ബേസ്മെന്റ് ചേർന്നുവരെ എർത്ത് വയർ പിവിസി പൈപ്പിനുള്ളിലാണ്.
ഇതിനു ശേഷമുള്ള ഭാഗം കവചിതമല്ലാത്ത ചെമ്പു കമ്പിയാണ്. ഇവിടെ സ്പർശിച്ചതാകാം അപകടകാരണമെന്നാണു നിഗമനം. ഒരാഴ്ച മുൻപാണ് അവധിക്കാലം ആഘോഷിക്കാൻ സഹോദരി ഹാമിക്കൊപ്പം ഹാമിനും കൈത വടക്ക് കോയിത്താഴത്ത് വീട്ടിലെത്തിയത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ ഇന്നു പരിശോധന നടത്തും
ചെട്ടികുളങ്ങര ∙ വൈദ്യുതാഘാതമേറ്റ് അഞ്ചര വയസ്സുകാരൻ മരിച്ച വീട്ടിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ ഇന്നു പരിശോധന നടത്തും. കെഎസ്ഇബി തട്ടാരമ്പലം സെക്ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകി. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം ഫ്രിജ് ഘടിപ്പിച്ചിരുന്ന സോക്കറ്റ്, പ്ലഗ് എന്നിവ പരിശോധനയ്ക്കായി കൊണ്ടുപോയി. അതിനു ശേഷം കെഎസ്ഇബി സർക്കിളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഹരിപ്പാട് ചീഫ് സേഫ്റ്റി ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി വൈദ്യുതി ബോർഡ് ചീഫ് സേഫ്റ്റി കമ്മിഷണർക്കു റിപ്പോർട്ട് നൽകി.
പരിശോധനയിലെ കണ്ടെത്തലുകൾ
∙ വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സാധാരണ പ്ലഗ് സോക്കറ്റിൽ ഒരു എക്സ്റ്റൻഷൻ സോക്കറ്റ് ഘടിപ്പിച്ചിരുന്നു.
∙ എക്സ്റ്റൻഷൻ സോക്കറ്റിൽ നിന്ന് ഫ്രിജിനു ത്രീ പിൻ പ്ലഗ് വഴി കണക്ഷൻ നൽകിയിരുന്നു
∙ മുറിക്കുള്ളിലെ ഫാനിനു വയർ ഉപയോഗിച്ച് എക്സ്റ്റൻഷൻ സോക്കറ്റിൽ നിന്നു കണക്ഷൻ നൽകി.
∙ പ്ലഗ് പിൻ ഇളക്കമുള്ളതായതിനാൽ എർത്ത് പിൻ വഴി വൈദ്യുതി എർത്ത് വയറിലേക്കു പ്രവഹിച്ചു, അതിൽ സ്പർശിച്ചപ്പോൾ കുട്ടിക്കു വൈദ്യുതാഘാതം ഏറ്റതായി കരുതുന്നു.
∙ വീട്ടിൽ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇഎൽസിബി) സ്ഥാപിച്ചിരുന്നില്ല.
∙ വീടിനുള്ളിലെ വയറിങ് പഴയതും അപകടഭീഷണിയുള്ളതുമാണ്.
അപകടം ഒഴിവാക്കാനുള്ള ശുപാർശകൾ
∙ എല്ലാ വീടുകളിലും എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇഎൽസിബി) സ്ഥാപിക്കണം.
∙ പഴകിയ വയറിങ്ങുകൾ മാറ്റണം
∙ വൈദ്യുത ഉപകരണങ്ങൾക്ക് അനുയോജ്യമായ പ്ലഗ്, സോക്കറ്റ് എന്നിവ ഉപയോഗിക്കണം.
∙ ഓപ്പൺ വയറുകൾ നിരോധിക്കണം
∙ വൈദ്യുതി സുരക്ഷ ബോധവൽക്കരണ പരിപാടികൾ നടത്തണം.