പെരുമ്പളം ∙ ദ്വീപിലേക്ക് എല്ലാ ഐശ്വര്യങ്ങളുമെത്തിച്ച ഐശ്വര്യം ഇന്നു മുതൽ സർവീസ് നടത്തില്ല. പെരുമ്പളം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഐശ്വര്യം എന്ന ജങ്കാറാണു പാണാവള്ളി– പെരുമ്പളം റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.
പെരുമ്പളത്തേക്കു വാഹനങ്ങളും ചരക്കും എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നത് ഈ ജങ്കാറാണ്. പാലം തുറന്ന സാഹചര്യത്തിൽ ഇന്നു മുതൽ പാണാവള്ളി– പെരുമ്പളം ഫെറിയിൽ ജങ്കാർ സർവീസ് ഉണ്ടാകില്ലെന്നു പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ഗിരീഷ് അറിയിച്ചു.
മൂന്നു മാസത്തെ അറ്റകുറ്റപ്പണികൾക്കു ശേഷം മാത്രമേ ജങ്കാർ മറ്റൊരു സ്ഥലത്ത് സർവീസിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
ഇതോടൊപ്പം രാത്രിയിലെ അടിയന്തര സാഹചര്യങ്ങളിൽ പെരുമ്പളത്തുനിന്ന് അക്കരെയെത്താനായി വിവിധയിടങ്ങളിലുണ്ടായിരുന്ന സ്റ്റേ ബോട്ടുകളുടെ വിന്യാസവും മാറിയേക്കും. പുറംലോകവുമായി ബന്ധപ്പെടാൻ ബോട്ടുകളെയും വള്ളങ്ങളെയും മാത്രം ആശ്രയിച്ചിരുന്ന പെരുമ്പളത്തിനു രാത്രിയിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ഏക ആശ്രയം ജലഗതാഗത വകുപ്പിന്റെ സ്റ്റേ ബോട്ടുകളായിരുന്നു.
ദ്വീപിൽ അഞ്ചിടങ്ങളിലായാണു ബോട്ടുകൾ നിർത്തിയിട്ടിരുന്നത്. അസുഖങ്ങളും പ്രസവവും ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ രാത്രിയിൽ ഈ ബോട്ടുകളാണ് ആശ്രയമായിരുന്നത്.
പെരുമ്പളത്തെ ഒട്ടേറെപ്പേരാണ് ഈ നിസ്വാർഥ സേവനത്തിൽ ജീവൻ പിടിച്ചു നിർത്തിയത്.
ബോട്ടുകളിലെ ജീവനക്കാർ ബോട്ടിൽ തന്നെ പരിമിത സാഹചര്യങ്ങളിൽ ഉറങ്ങുകയായിരുന്നു. പ്രാഥമികാവശ്യങ്ങൾക്കുള്ള ശുദ്ധജലം ബക്കറ്റുകളിൽ ശേഖരിച്ചു വച്ചിരിക്കുന്നതു യാത്രാ ബോട്ടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ ഇനി പാലത്തിലൂടെ ആംബുലൻസിൽ അക്കരയെത്താനാകും. ഇതോടെ, അടിയന്തര സാഹചര്യത്തിൽ പാണാവള്ളി ബോട്ട് ജെട്ടിയിൽ നിന്നുള്ള ജല ആംബുലൻസുകൾ എത്താനും കാത്തിരിക്കേണ്ടി വരില്ല.
പാലം വന്നതോടെ പെരുമ്പളത്തേക്കുള്ള ബോട്ടുകളുടെ ഷെഡ്യൂളുകൾ മാറിയേക്കും. ഇതുസംബന്ധിച്ചു പഠനത്തിനു ജലഗതാഗത വകുപ്പ് ആലപ്പുഴ ട്രാഫിക് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്.
പാലം വന്നെങ്കിലും പൂത്തോട്ട, സൗത്ത് പറവൂർ, പാണാവള്ളി – പെരുമ്പളം മാർക്കറ്റ് ജെട്ടി തുടങ്ങിയയിടങ്ങളിലേക്കുള്ള ബോട്ട് സർവീസ് തുടരും.
പെരുമ്പളത്തിന്റെ മനസ്സിൽ തീരാസ്നേഹവും നന്ദിയും
പെരുമ്പളം ∙ വെള്ളത്തിൽ തൊടാതെ, ജലമാർഗം സഞ്ചരിക്കാതെ പെരുമ്പളത്തു നിന്നു പുറത്തേക്കുള്ള ആദ്യയാത്ര നാട്ടുകാർക്ക് ഉത്സവമായി. ഒപ്പം ഇത്രയും കാലം തങ്ങളുടെ പാലമായിരുന്ന ജലഗതാഗത വകുപ്പിനോടുള്ള തീരാത്ത നന്ദിയും സ്നേഹവും പെരുമ്പളത്തെ 11,678 പേരുടെ കണ്ണുകളിൽ തിരതല്ലി.
എന്നും യാത്ര ചെയ്തിരുന്ന വേമ്പനാട്ടുകായലിനെ കായലിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന പാലത്തിൽ നിന്നു കണ്ടപ്പോൾ പെരുമ്പളം നിവാസികളുടെ കണ്ണുകൾ കണ്ണീർക്കായലായി. ദൂരെയായി ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവീസ് നടത്തുന്നതു കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഉയരത്തിൽ നിന്നു കണ്ടു.
ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷങ്ങൾക്കു പിന്നാലെയാണു പെരുമ്പളം ദ്വീപിലെ ജനവാസത്തിന്റെ അത്രയും തന്നെ പഴക്കമുള്ള സ്വപ്നമായ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ലഹരിവിരുദ്ധ ബ്രിജ് മാരത്തൺ നടത്തി. രാവിലെ മുതൽ പാലം കാണാനും ഉദ്ഘാടനത്തിൽ പങ്കെടുക്കാനുമായി ആയിരക്കണക്കിനു ജനങ്ങൾ എത്തി.
‘‘ഇനി ഞങ്ങൾക്കു സമയത്തിന് ആശുപത്രിയിലെത്താം, കുട്ടികൾക്കു പ്രയാസമില്ലാതെ സ്കൂളിൽ പോകാം. ഈ പാലം ഞങ്ങളുടെ ജീവിതമാണ്’’ ഉദ്ഘാടനം കാണാനെത്തിയ 90 വയസ്സുള്ള നാരായണിയുടെ വാക്കുകൾ ദ്വീപിന്റെ മനസ്സു പ്രതിഫലിപ്പിച്ചു.
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനു സാക്ഷിയാകാൻ പെരുമ്പളം – പാണാവള്ളി ബോട്ടിൽ ജനിച്ച വെങ്കിടേഷ് ബാബുവുമുണ്ടായിരുന്നു.
അമ്മ ഗർഭിണിയായിരുന്നപ്പോൾ പ്രസവവേദനയെ തുടർന്ന് അപകടകരമായി രാത്രി കസേരയിൽ ഇരുത്തി കടത്തു കടത്തി ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്ന ഓർമകളുമായി തരുൺ ഉദ്ഘാടനത്തിനു സാക്ഷിയാകാൻ കണ്ണൂരിൽ നിന്നെത്തി.
പാലത്തിലൂടെ ആദ്യ സർവീസ്: കെഎസ്ആർടിസി ഹൗസ്ഫുൾ
പെരുമ്പളം ∙ കായലിനു നടുവിലെ ദ്വീപിലേക്കു മഴവിൽ പാലത്തിലേറി കെഎസ്ആർടിസി. കണ്ടക്ടർ സനീഷ് കുമാറും ഡ്രൈവർ പി.രതീശനും സാരഥികളായ ബസാണ് ആദ്യം പാലത്തിലൂടെ കയറിയത്.
‘പെരുമ്പളം ദ്വീപ്’ എന്ന ബോർഡ് വച്ച ബസുകൾ പാലം കയറി തുടങ്ങിയതോടെ ജനം ആവേശത്തോടെ കയ്യടിച്ചു. ആദ്യം 3 ബസുകളാണു സർവീസിനായി നിശ്ചയിച്ചിരുന്നതെങ്കിലും തിരക്കു നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ നാലാമതൊരു ബസ് കൂടി അടിയന്തരമായി എത്തിക്കേണ്ടി വന്നു.
ചേർത്തലയിൽ നിന്നു മൂന്നും വൈറ്റിലയിൽ നിന്ന് ഒരു ബസുമാണു സർവീസ് നടത്തിയത്. ബസ് മന്ത്രി പി.പ്രസാദും ദലീമ ജോജോ എംഎൽഎയും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു.
ഉദ്ഘാടനച്ചടങ്ങിനു ശേഷം നിറയെ യാത്രക്കാരുമായാണു മൂന്നു ബസും ചേർത്തലയിലേക്ക് ആദ്യ സർവീസ് നടത്തിയത്.
ചേർത്തല –പെരുമ്പളം-കൊല്ലം ഫാസ്റ്റ് പാസഞ്ചർ, ചേർത്തല–പെരുമ്പളം–കോട്ടയം മെഡിക്കൽ കോളജ്, ചേർത്തല–പെരുമ്പളം–ആലപ്പുഴ, ചേർത്തല-പെരുമ്പളം– ഹൈക്കോടതി, ചേർത്തല-പെരുമ്പളം- തോപ്പുംപടി എന്നീ സർവീസുകളാണ് ഇവിടെ നിന്ന് ആരംഭിക്കുക. കോട്ടയം മെഡിക്കൽ കോളജ്, ആലപ്പുഴ, വൈറ്റില എന്നിവിടങ്ങളിലേക്കു നേരിട്ട് ബസ് സർവീസ് ആരംഭിക്കുന്നതോടെ ദ്വീപുവാസികൾക്ക് ഇനി ജങ്കാറിനായി കാത്തുനിൽക്കേണ്ട.
അരൂക്കുറ്റിയിൽ നിന്നു രാവിലെ 7.20നു പുറപ്പെട്ടിരുന്ന തിരുവനന്തപുരം ബസ് ഇനി മുതൽ 7നു പുറപ്പെട്ടു പെരുമ്പളത്ത് എത്തിയ ശേഷമായിരിക്കും യാത്ര തുടരുക. ടാറിങ് ജോലികൾ പൂർത്തിയാകുന്നതോടെ ഒരാഴ്ചയ്ക്കുള്ളിൽ ബസുകൾ പൂർണ തോതിൽ സർവീസ് ആരംഭിക്കും.
കെഎസ്ആർടിസി ട്രാവൽ കാർഡിന്റെ വിതരണോദ്ഘാടനവും നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

