ചെങ്ങന്നൂർ ∙ പിഐപി കനാൽ വഴി ജലവിതരണം മുടങ്ങിയതോടെ തിരുവൻവണ്ടൂർ, പാണ്ടനാട്, പുലിയൂർ മേഖലകളിലെ കർഷകർ ദുരിതത്തിൽ. പാണ്ടനാട് പടനിലം പാടത്ത് ശനിയാഴ്ച മുതൽ അഞ്ചു ദിവസത്തേക്ക് വെള്ളം നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതൽ 7 വരെ മാത്രമാണു വെള്ളം കിട്ടിയതെന്നു സെക്രട്ടറി ജോൺ മാത്യു പറഞ്ഞു.
കുടമായ നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്.
പഞ്ചായത്തിലെ കിളിയന്ത്ര പാടത്തും ഇതേ അവസ്ഥ തന്നെ. പാണ്ടനാട് വടപുറം പാടം വിണ്ടുകീറിയെന്നും ചെടികൾ കരിയുന്ന നിലയിലാണെന്നും സെക്രട്ടറി പി.എൻ.പ്രസാദ് പറഞ്ഞു. തിരുവൻവണ്ടൂരിലെ പാടങ്ങളിൽ 69 ദിവസം വരെ പ്രായമെത്തിയ നെൽച്ചെടികളാണുള്ളത്.
3 ദിവസമെങ്കിലും അടുപ്പിച്ചു വെള്ളം കിട്ടിയാൽ പ്രയോജനം ചെയ്തേനെ എന്നാണ് മഴുക്കീർ നെല്ലുൽപാദക സമിതി സെക്രട്ടറി കെ.പി.ചന്ദ്രൻപിള്ള പറയുന്നത്.
പുലിയൂരിൽ ചൊവ്വാഴ്ച ജലവിതരണം നിലച്ചെന്നു കോടഞ്ചിറ പാടശേഖര സമിതി പ്രസിഡന്റ് ഗണേഷ് പുലിയൂർ പറഞ്ഞു. 40 മുതൽ 45 ദിവസം വരെ പ്രായമായ നെൽച്ചെടികൾക്ക് ഒന്നാം വളം ചെയ്തിരിക്കുകയാണ്.
പുലിയൂരിൽ 300 ഏക്കറോളം പാടത്താണ് ലേറ്റ് മുണ്ടകൻ കൃഷി.
അതേസമയം, കക്കി ഡാമിലെ കക്കാട് പവർ സ്റ്റേഷനിലെ കെഎസ്ഇബി ജനറേറ്റർ തകരാറിലായതാണ് കനാൽ വെള്ളം മുടങ്ങാൻ കാരണമെന്ന് പിഐപി അധികൃതർ പറഞ്ഞു. താൽക്കാലികമായി മൂഴിയാർ പവർ സ്റ്റേഷനിൽ നിന്നു വെള്ളം തുറന്നു വിട്ടിട്ടുണ്ടെന്നും വൈകാതെ പ്രദേശത്തു വെള്ളമെത്തുമെന്നും അധികൃതർ പറഞ്ഞു.
തിരുവൻവണ്ടൂരിന് വേണം പ്രത്യേക പദ്ധതി
∙ പിഐപി കനാൽ വെള്ളം മുടങ്ങുന്ന സാഹചര്യത്തിൽ തിരുവൻവണ്ടൂരിനു പ്രത്യേക പദ്ധതി വേണമെന്ന് ആവശ്യം.
വരട്ടാറ്റിൽ പുന്നയ്ക്കാട്ട് കടവിൽ പമ്പ് സെറ്റ് സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്തു പിഐപി കനാലിലൂടെ ഒഴുക്കിയാൽ മഴുക്കീർ, ഉമയാറ്റുകര, കോലടത്തുശേരി, തിരുവൻവണ്ടൂർ, വനവാതുക്കര, ഇരമല്ലിക്കര പാടങ്ങളിലെ ജലക്ഷാമത്തിനു പരിഹാരമാകുമെന്നു കാണിച്ചു കർഷകരുടെ നേതൃത്വത്തിൽ പദ്ധതി തയാറാക്കി 2022ൽ സർക്കാരിനു സമർപ്പിച്ചിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സജന്റെ നേതൃത്വത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവർക്ക് എസ്റ്റിമേറ്റ് നൽകുകയും ചെയ്തു. 41 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായിരുന്നു എസ്റ്റിമേറ്റ്.
പിഐപി ഓഫിസ് ഉപരോധിച്ചു
∙ പാണ്ടനാട് പടനിലം നെല്ലുൽപാദക സമിതിയുടെ നേതൃത്വത്തിൽ പിഐപി എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ് ഉപരോധിച്ചു.
സെക്രട്ടറി ജോൺ മാത്യു, പ്രസിഡന്റ് ഗീവർഗീസ്, കർഷകരായ രാജു, അനിയൻ, ജോർജ്കുട്ടി, രാജൻ, ജോളി, ബാബു, രാജു, മത്തായിക്കുട്ടി എന്നിവർ പങ്കെടുത്തു. ഇന്നു വൈകിട്ട് പാടത്ത് വെള്ളം എത്തിക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഉറപ്പു നൽകിയെന്നു കർഷകർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

