മാവേലിക്കര ∙ പുതിയകാവിൽ ജലവിതരണ പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്ന ജോലികൾ ആരംഭിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പ്രതിഭ തിയറ്ററിനു സമീപത്താണു ജലഅതോറിറ്റിയുടെ പൈപ്പിൽ ചോർച്ച ഉണ്ടായത്.
റോഡിന്റെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന പൈപ്പിലെ ചോർച്ച പരിഹരിക്കാൻ റോഡ് കുഴിച്ചതോടെ പുതിയകാവു വഴിയുള്ള ഗതാഗതം നിരോധിച്ചു. തിരുവല്ല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ വള്ളക്കാലിൽ ജംക്ഷനിൽ നിന്നു പടിഞ്ഞാറോട്ടു തിരിഞ്ഞു മണ്ഡപത്തിൻ കടവ് വഴിയാണു നഗരത്തിലെത്തുന്നത്.
തിരുവല്ല ഭാഗത്തേക്കുള്ള വാഹനങ്ങളും വൺവേ റോഡിലൂടെ വള്ളക്കാലിൽ ജംക്ഷനിൽ എത്തുകയാണ്.
2 വലിയ വാഹനങ്ങൾക്കു ഇരുദിശയിലേക്കും ഒരേസമയം കടന്നു പോകുന്നതിനു റോഡിൽ മതിയായ വീതി ഇല്ലാത്തതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇന്നലെ, വാഹനങ്ങൾ ഇടിച്ചതിനെ തുടർന്നു തർക്കങ്ങളും ഉണ്ടായി. പഴയ പിഎം ആശുപത്രിക്കു സമീപത്തു നിന്ന് വൺവേ റോഡിലേക്ക് എത്തുന്ന റോഡിലും വലിയ തിരക്കായിരുന്നു.
വൺവേയിലൂടെ മിച്ചൽ ജംക്ഷനിലേക്ക് വാഹനങ്ങൾ വന്നെങ്കിലും ട്രാഫിക് സിഗ്നലിലെ സമയത്തിന്റെ കുറവ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ട്രാഫിക് സിഗ്നൽ ഓഫ് ചെയ്തു പൊലീസിനെ നിയോഗിച്ചു ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കിൽ കുരുക്ക് കുറയ്ക്കാമായിരുന്നെന്നു യാത്രക്കാർ പറയുന്നു.
പൈപ്പിന്റെ പൊട്ടിയ ഭാഗം കണ്ടെത്തി; ഇന്ന് തകരാർ പരിഹരിക്കും
പുതിയകാവിൽ ചോർച്ച പരിഹരിക്കുന്നതിനായി റോഡ് കുഴിച്ചു പൈപ്പിന്റെ പൊട്ടിയ ഭാഗം കണ്ടെത്തി.
ഇന്ന് പുതിയ പൈപ്പിട്ടു യോജിപ്പിക്കുന്ന ജോലികൾ ആരംഭിക്കും. വൈകിട്ടോടെ ജോലി പൂർത്തിയാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.
അതിനു ശേഷം പമ്പിങ് നടത്തി കൂടുതൽ ചോർച്ച ഉണ്ടോയെന്നു പരിശോധിക്കും. ചോർച്ച ഇല്ലെങ്കിൽ പമ്പിങ് പുനരാരംഭിക്കുമെന്നു ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കി.
60 വർഷത്തിലേറെ പഴക്കമുള്ള ജലവിതരണ സംവിധാനത്തിനു പഴയ ആസ്ബസ്റ്റോസ് പൈപ്പാണു ഉപയോഗിക്കുന്നത്.
ഒരു വർഷം മുൻപു സമാനമായ പ്രശ്നം പരിഹരിച്ചിരുന്നെങ്കിലും ദിവസങ്ങളോളം ജലവിതരണം മുടങ്ങിയതു നഗരവാസികളെ ദുരിതത്തിലാക്കിയിരുന്നു. സമാനമായ സാഹചര്യം വീണ്ടും ഉണ്ടാകുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]