തുറവൂർ ∙ കെൽട്രോൺ -കുമ്പളങ്ങി പാലം പണി നാളെ തുടങ്ങുമെന്നും കുമ്പളങ്ങി- കെൽട്രോൺ ഫെറി ചങ്ങാടം സർവീസ് നിർത്തണമെന്നും ഇല്ലാത്ത പക്ഷം നിർമാണ മേഖലയിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും കരാറുകാരും ഉത്തരവാദികളാകില്ലെന്നും പഞ്ചായത്തുകൾക്ക് അധികൃതർ കത്ത് നൽകി. നിർമാണ സാമഗ്രികൾ കഴിഞ്ഞദിവസം എത്തിയെങ്കിലും ചങ്ങാടം സർവീസ് മാറ്റാത്തതിനാൽ ജോലികൾ ആരംഭിക്കാനായില്ല.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുന്ന കുമ്പളങ്ങി കെൽട്രോൺ കെൽട്രോൺ ഫെറി പാലം നിർമാണ കരാറുകാരനുമായി എഗ്രിമെന്റ് വച്ച് സൈറ്റ് ഹാൻഡ് ഓവർ ചെയ്തു നൽകിയതിനാൽ ഫെറി സർവീസ്, കടത്ത് എന്നിവ നിർത്തലാക്കുന്നതിന് മുൻകൂട്ടി പഞ്ചായത്തുകൾക്ക് നോട്ടിസ് അയച്ചിരുന്നു. പക്ഷേ ചങ്ങാടം സർവീസ് മാറ്റിയിരുന്നില്ല.
കുമ്പളങ്ങി- അരൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 300 മീറ്റർ നീളമുള്ള പാലം നിർമിക്കുന്നതിന് 35.36 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
32 മീറ്റർ നീളത്തിൽ 8 സ്പാനുകളിലാണു പാലം നിർമിക്കുന്നത്. കഴിഞ്ഞ മാസം 18ന് നിർമാണം തുടങ്ങാനായിരുന്നു തീരുമാനം.
പാലം പണിയുടെ പൈലിങ്ങിനായി ബാർജും മറ്റ് യന്ത്രസാമഗ്രികളും എത്തിച്ചിട്ടുണ്ട്. എന്നാൽ ചങ്ങാടം സർവീസ് അരൂർ അമ്മനേഴം മുലേക്കടവ് ഫെറിയിലേക്ക് മാറ്റണമെങ്കിൽ മൂലേക്കടവ്, കുമ്പളങ്ങി കരകളിൽ ബോട്ട് അടുക്കുന്ന ഭാഗത്ത് കായലിന് ആഴം കൂട്ടുകയും കുമ്പളങ്ങി ഭാഗത്ത് ജെട്ടിയുടെ നിർമാണം നടത്തുകയും വേണം.
എന്നാൽ ഇതിനായുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
പാലത്തിന്റെ നിർമാണം നാളെ കുമ്പളങ്ങിയിൽ നിന്നാണ് ആരംഭിക്കുന്നത്. പണി തുടങ്ങുന്നതിനാൽ സൈറ്റിൽ സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരം പാലം പണി നടക്കുന്ന ഭാഗത്തെ ഗതാഗതം പൂർണമായി നിരോധിക്കും.
ഇതോടെ ചങ്ങാടം സർവീസ് നിർത്തിവയ്ക്കേണ്ടി വരും. നിലവിലെ ചങ്ങാടം സർവീസ് കഴിഞ്ഞ മാസം 16 മുതൽ നിർത്തുന്നതായി അരൂർ പഞ്ചായത്ത് സെക്രട്ടറി ബോർഡ് സ്ഥാപിച്ചിരുന്നു.
എന്നാൽ ഈ സാമ്പത്തിക വർഷം ചങ്ങാടം സർവീസിന്റെ അവകാശം കുമ്പളങ്ങി പഞ്ചായത്തിനായതിനാൽ ചങ്ങാടം സർവീസ് എടുത്തിരിക്കുന്ന കരാറുകാർക്ക് കുമ്പളങ്ങി പഞ്ചായത്തിൽ നിന്നു അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാൽ സർവീസ് തുടരുകയാണ്.
തൽക്കാലം വാഹനങ്ങൾ ഒഴിവാക്കി ഇരുകരകളിലെയും യാത്രക്കാരെ എത്തിക്കുന്നതിന് ബോട്ട് സർവീസ് ഒരുക്കിയാൽ പണി തുടങ്ങാമെന്ന് കരാറുകാരൻ പറയുന്നത്. ഒന്നരവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നാണു കരാർ.
പാലത്തിന്റെ ഇരു കരകളിലും അപ്രോച്ച് റോഡും നിർമിക്കണം. കുമ്പളങ്ങി കരയിൽ 100 മീറ്റർ ദൈർഘ്യത്തിൽ ഇതിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
അരൂരിൽ 160 മീറ്ററാണു അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]